തെൽ അവീവ്: ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനേയും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനേയും വിമർശിച്ച് ഹമാസ് ബന്ദിയാക്കിയ ആൾ. ഇസ്രായേൽ-അമേരിക്കൻ ബന്ദിയുടെ വിഡിയോയാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. 2023 ഒക്ടോബർ ഏഴിനാണ് ഇയാളെ ഹമാസ് തടവിലാക്കിയത്.
തീയതിയില്ലാത്ത എഡിറ്റ് ചെയ്തതെന്ന് സംശയിക്കുന്ന വിഡിയോയിൽ ഇസ്രായേൽ സൈന്യത്തിന് വേണ്ടി പ്രവർത്തിക്കുന്ന ഏദൻ അലക്സാണ്ടറാണ് പ്രത്യക്ഷപ്പെടുന്നത്. 551 ദിവസമായി താൻ തടവിലാണെന്നും തന്നെ തിരിച്ച് വീട്ടിലേക്ക് എത്തിക്കുന്നതിൽ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും പരാജയപ്പെട്ടുവെന്ന് വിഡിയോയിൽ പറയുന്നു.
ഞങ്ങൾ ഇവിടെ ഉപേക്ഷിക്കപ്പെട്ട രീതിയിൽ കഴിയുകയാണ്. ഈ വൃത്തികെട്ട ലോകവും ഇസ്രായേൽ സർക്കാരും കാരണം ഓരോ ദിവസവും താൻ തകരുകയാണ്. ഒരു ഏകാധിപതിയെ പോലെയാണ് നെതന്യാഹു രാജ്യം ഭരിക്കുന്നതെന്നും വിഡിയോയിൽ അലക്സാണ്ടർ കുറ്റപ്പെടുത്തുന്നു.
മാനസികമായും ശാരീരികമായും ഞാൻ തകർന്നു. ഹമാസ് എന്നെ മോചിപ്പിക്കാൻ തയാറായതാണ്. എന്തുകൊണ്ടാണ് അതിന് നിങ്ങൾ സമ്മതിക്കാതിരുന്നത്. എന്തുകൊണ്ടാണ് ഞാൻ ഇപ്പോഴും ഇവിടെ തുടരുന്നത്. എന്തുകൊണ്ടാണ് തനിക്ക് രണ്ടാമതൊരു വിഡിയോ കൂടി ചിത്രീകരിക്കേണ്ടി വന്നതെന്നും അലക്സാണ്ടർ ചോദിക്കുന്നു.
എല്ലാവരും എന്നോട് നുണ പറഞ്ഞു. എന്റെ ജനതയും ഇസ്രായേൽ, അമേരിക്കൻ ഭരണകൂടങ്ങളും ഇത് തന്നെയാണ് ചെയ്തത്. പ്രസിഡന്റ് ഡോണാൾഡ് ട്രംപ് തന്നെ മോചിപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും അദ്ദേഹവും നെതന്യാഹുവിന്റെ നുണകൾ വിശ്വസിച്ച് ഇരിക്കുകയാണെന്നും അലക്സാണ്ടർ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.