ഇസ്രായേൽ ആക്രമണം തുടർന്നാൽ തിരിച്ചടിക്കും –ഹിസ്ബുല്ല

ഇസ്രായേൽ ആക്രമണം തുടർന്നാൽ തിരിച്ചടിക്കും –ഹിസ്ബുല്ല

ബൈറൂത്: വെടിനിർത്തൽ കരാർ നിലവിൽ വന്ന ശേഷവും ലബനാനെ നിരന്തരം ആക്രമിക്കുന്ന ഇസ്രായേലിന് മുന്നറിയിപ്പുമായി ഹിസ്ബുല്ല രംഗത്ത്. ഇസ്രായേൽ ആക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ തിരിച്ചടിക്കുമെന്ന് ഹിസ്ബുല്ല അറിയിച്ചു. വെടിനിർത്തൽ കരാർ ലംഘിച്ച് തലസ്ഥാനമായ ബൈറൂത്തിൽ വെള്ളിയാഴ്ച ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിന് ശേഷമാണ് ഹിസ്ബുല്ല നേതാവ് നയീം കാസിമിന്റെ പ്രസ്താവന പുറത്തുവന്നത്. ലബനാന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ വ്യോമാക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെടുകയും 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പരിക്കേറ്റവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. ആക്രമണത്തെ തുടർന്ന് നയീം നടത്താനിരുന്ന ജറൂസലം ദിന പ്രഭാഷണം മാറ്റിവെച്ചു. അതേസമയം, സൈനിക നീക്കത്തെ കുറിച്ച് ഇസ്രായേൽ പ്രതികരിച്ചിട്ടില്ല.

വെടിനിർത്തൽ കരാർ ഹിസ്ബുല്ല പൂർണമായും നടപ്പാക്കിയിട്ടുണ്ടെന്ന് നയീം പറഞ്ഞു. നിലവിൽ ലിതാനി നദിയുടെ തെക്ക് ഹിസ്ബുല്ലയുടെ സാന്നിധ്യമില്ല. കരാർ അംഗീകരിക്കാത്ത ഇസ്രായേൽ ഓരോ ദിവസവും അധിനിവേശം തുടരുകയാണ്. വെടിനിർത്തൽ കരാർ ലംഘനമല്ല, മറിച്ച് എല്ലാ പരിധിയും വിട്ടുള്ള അധിനിവേശമാണ് ഇസ്രായേൽ ആക്രമണമെന്നും നയീം ചൂണ്ടിക്കാട്ടി. ശക്തിയും കഴിവും ഉപയോഗിച്ച് ശത്രുക്കളെ നേരിടുന്നതിൽനിന്ന് ഹിസ്ബുല്ലയെ തടയാൻ ആരെയും അനുവദിക്കില്ല. യു.എസിന്റെയും ഇസ്രായേലിന്റെയും ഏത് നീക്കവും ശക്തമായി നേരിടും. ആക്രമണങ്ങൾ അവസാനിപ്പിക്കാനും ദുരിതങ്ങൾക്ക് പരിഹാരം കാണാനുമാണ് ക്ഷമ പാലിക്കുന്നതെന്നും ഹിസ്ബുല്ല നേതാവ് കൂട്ടിച്ചേർത്തു.

യു.എസ് മധ്യസ്ഥതയിൽ കഴിഞ്ഞ നവംബറിലാണ് ഹിസ്ബുല്ലയും ഇസ്രായേലും തമ്മിൽ വെടിനിർത്തൽ കരാർ നിലവിൽ വന്നത്. ജനുവരി അവസാനത്തോടെ ഇസ്രായേൽ സേന ലബനാനിൽനിന്നും ഹിസ്ബുല്ല ലിതാനി നദിയുടെ തെക്കൻ ഭാഗത്തുനിന്നും പൂർണമായും ഒഴിയണമെന്നായിരുന്നു ഉടമ്പടി. എന്നാൽ, ലബനാന്റെ അഞ്ച് സുപ്രധാന അതിർത്തി കേന്ദ്രങ്ങളിൽ ഇപ്പോഴും തുടരുന്ന ഇസ്രായേൽ ഡസൻ കണക്കിന് ആക്രമണങ്ങളാണ് നടത്തിയത്. കഴിഞ്ഞയാഴ്ച നടത്തിയ വ്യോമാക്രമണത്തിൽ ആറുപേർ കൊല്ലപ്പെട്ടിരുന്നു.

Tags:    
News Summary - Hezbollah will retaliate if Israeli attacks continue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.