മോസ്കോ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും രാഷ്ട്രപതി ദ്രൗപതി മുർമ്മുവിനും പുതുവത്സരാശംസയുമായി റഷ്യൻ പ്രസിഡന്റ് വ്ലാഡമിർ പുടിൻ. ആഗോളതലത്തിലുള്ള പ്രതിസന്ധികൾക്കിടയിലും ഇന്ത്യയുടേയും റഷ്യയുടേയും ഉഭയകക്ഷി ബന്ധം മെച്ചപ്പെട്ടുവെന്ന് പുടിൻ ആശംസ സന്ദേശത്തിൽ പറഞ്ഞു. കഴിഞ്ഞ ഒരു വർഷത്തിനിടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ പ്രധാനനേട്ടങ്ങളും പുടിൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ആഗോളതലത്തിലെ പ്രതിസന്ധിക്കിടയിലും റഷ്യയും ഇന്ത്യയും തമ്മിലുള്ള തന്ത്രപ്രധാനമായ ബന്ധത്തിൽ വലിയ പുരോഗതിയുണ്ടാക്കാൻ സാധിച്ചിട്ടുണ്ടെന്ന് പുടിൻ പറഞ്ഞു. അടുത്ത വർഷം ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തിൽ വലിയ പുരോഗതിയുണ്ടാവും. പരസ്പരം സഹകരിച്ചുള്ള പ്രൊജക്ടുകൾ വരും വർഷത്തിൽ യാഥാർഥ്യമാകുമെന്നും പുടിൻ വ്യക്തമാക്കി.
ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ, ജി20 എന്നിവയുടെ അധ്യക്ഷപദവി വഹിച്ച ഇന്ത്യയെ പുടിൻ അഭിനന്ദിച്ചു. മേഖലയിലും ആഗോളതലത്തിലും സുരക്ഷയും സുസ്ഥിരതയും ശക്തമാക്കുന്നതിന് ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന് സാധിക്കുമെന്ന് പുടിൻ പ്രത്യാശ പ്രകടിപ്പിച്ചു.
ഡിസംബർ 28ന് വ്ലാഡമിർ പുടിനും ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയശങ്കറും ചർച്ച നടത്തിയിരുന്നു. ജയശങ്കറിന്റെ റഷ്യ സന്ദർശനത്തിനിടെയായിരുന്നു കൂടിക്കാഴ്ച. ഇതിന് ശേഷം ഇരു രാജ്യങ്ങളുടേയും രാഷ്ട്രതലവൻമാരും തമ്മിൽ കൂടിക്കാഴ്ച നടത്താനും തീരുമാനിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.