പ്രസിഡ​ന്റിന്റെ സത്യപ്രതിജ്ഞ ചടങ്ങിനെത്തിയ ഇസ്മാഈൽ ഹനിയ്യ ഇറാൻ പാർലമെന്റിൽ അംഗങ്ങൾക്കൊപ്പം

സ്വന്തം മണ്ണിൽ കയറിയുള്ള ഇസ്രയേലിന്‍റെ ഇതിനുമുമ്പുള്ള ​ആക്രമണങ്ങളോട്​ കാട്ടിപ്പോന്ന ഉദാസീന സമീപനം കൈവിടാൻ ഇറാനെ നിർബന്ധിതമാക്കുന്നത്ര കനത്ത പ്രഹരമാണ്​ ബുധനാഴ്ച പുലർച്ചെയുണ്ടായത്​. പ്രസിഡന്‍റിന്‍റെ സത്യപ്രതിജ്ഞക്കെത്തിയ ഔദ്യോഗിക അതിഥിയെ സ്വന്തം തലസ്ഥാനത്ത്​ പോലും സംരക്ഷിക്കാൻ കഴിഞ്ഞില്ലെന്നതിന്‍റെ കുറ്റബോധവും രോഷവും ഇറാന്‍ ഭരണകൂടത്തിന്‍റെ പ്രതികരണങ്ങളിൽ തെളിഞ്ഞുകാണുന്നു. പൊതുവെ മിതവാദിയായ പുതിയ പ്രസിഡന്‍റ്​ പെഷസ്കിയാന്‍റെ കീഴിൽ ഇറാന്‍റെ നയങ്ങളിൽ മാറ്റമു​ണ്ടാകുമോ എന്ന്​ ലോകം സസൂക്ഷ്​മം വീക്ഷിക്കുന്ന ഘട്ടത്തിലാണ്​ ഇതുവരെ നേരിടാത്ത പ്രതിസന്ധിയിലേക്ക്​​ രാജ്യം എടുത്തെറിയപ്പെട്ടിരിക്കുന്നത്​.

ഇറാന്​ മേലുള്ള ഉപരോധം നീക്കാൻ ശ്രമിക്കുമെന്നും ഭാവിയെ കുറിച്ച്​ തനിക്ക്​ ശുഭപ്രതീക്ഷയുണ്ടെന്നും ചൊവ്വാഴ്ച നടന്ന സത്യപ്രതിജ്​ഞ ചടങ്ങിൽ പെഷസ്കിയാൻ പ്രസ്താവിച്ചിരുന്നു. പ്രസിഡന്‍റ്​ മാത്രമാണ്​ ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്​തത്​. മറ്റു മന്ത്രിമാരെ രണ്ടാഴ്​ചക്കുള്ളിലേ തീരുമാനിക്കാനിരിക്കുന്നതേയുള്ളു. ഇറാന്‍റെ ഘടന അനുസരിച്ച്​ പരമോന്നത നേതാവ്​ ആയത്തുല്ല ഖമനയിയാണ്​ ഏതുനിർണായക വിഷയത്തിലും അവസാന വാക്കെന്നതിനാൽ ഇത്തരം സർക്കാർ കാര്യങ്ങളെല്ലാം ഈ സാഹചര്യത്തിൽ അപ്രസക്​തമാണ്​. ‘‘ഞങ്ങളുടെ പ്രിയങ്കരനായ അതിഥിയെ ഞങ്ങളുടെ വീട്ടിൽ വെച്ച്​ നിങ്ങൾ കൊന്നിരിക്കുന്നു. അതുവഴി കഠിനമായ ശിക്ഷക്കുള്ള വഴി പാകുകയും ചെയ്തു’’- ഖമനയിയുടെ പ്രതികരണത്തിൽ സൂചനകൾ വ്യക്​തം. പക്ഷേ, ഡമസ്കസിലെ ഇറാൻ എംബസിക്ക്​ നേരെയുണ്ടായ ആക്രമണത്തിന്​ പകരമെന്നോണം ഏപ്രിൽ 13 ന്​ നടത്തിയ പ്രതീകാത്​മക മൂല്യം മാത്രമുള്ള മിസൈൽ, ഡ്രോൺ ആക്രമണം പോലെയാകുമോ എന്നേ അറിയാനുള്ളു.

അടിമുടി അവ്യക്​തത

യഥാർഥത്തിൽ, ഹനിയ്യയുടെ മരണത്തിന്​ കാരണമായ ബുധനാഴ്ച പുലർച്ചെ പ്രാദേശിക സമയം രണ്ടുമണിയോടെ ഉണ്ടായ ആക്രമണത്തിന്‍റെ പൂർണവിവരങ്ങൾ ഒരുപകൽ കഴിഞ്ഞിട്ടും പുറത്തുവന്നിട്ടില്ല. ഹനിയ്യ താമസിച്ചിരുന്ന കെട്ടിടത്തിന്​ നേരെയുണ്ടായ ‘​ആക്രമണ’ത്തിലാണ് മരണം എന്ന്​ മാത്രമാണ്​ ഇറാൻ വാർത്ത ഏജൻസിയും ഔദ്യോഗിക മാധ്യമങ്ങളും പറയുന്നത്​. മിസൈൽ ആക്രമണമാണ്​ എന്ന സൂചനകൾ അനൗദ്യോഗികമായാണ്​ പുറത്തുവരുന്നത്​. കൂടുതൽ വിവരങ്ങളോ, ആക്രമണമുണ്ടായ കെട്ടിടത്തിന്‍റെ ചിത്രങ്ങ​ളോ പരിസരവാസികളുടെ പ്രതികരണങ്ങളോ ഒന്നും ലഭ്യമല്ല. ഹനിയ്യ താമസിച്ചിരുന്ന കെട്ടിടത്തിന്‍റെ താഴ്​നിലയിൽ ഫലസ്​തീൻ ഇസ്​ലാമിക്​ ജിഹാദ് സെക്രട്ടറി ജനറൽ സിയാദ്​ നഖ്​ലെയും ഉണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന്​ ഒന്നും സംഭവിച്ചിട്ടില്ല. രാജ്യതലസ്ഥാനത്ത്​ ഇത്രയും സൂക്ഷ്മമായ ഒരു ആക്രമണം നടത്താൻ ഒരിക്കൽ കൂടി ഇസ്രയേലിന്​ സാധിച്ചിരിക്കുന്നു എന്നത്​ ഇറാനെ ഇരുത്തിച്ചിന്തിപ്പിക്കുന്നുണ്ട്​. ആ​ക്രമണത്തിന്‍റെ വിവരങ്ങൾ പുറത്തുവിടുന്നതിലെ ഈ അതിസൂക്ഷ്മത അതാണ്​ സൂചിപ്പിക്കുന്നത്​. മണിക്കൂറുകൾക്കുള്ളിൽ സമ്പൂർണ വിവരങ്ങൾ പുറത്തുനൽകുമെന്ന്​ മാത്രമാണ്​ റെവല്യൂഷണറി ഗാർഡ്​ കോർപ്സ്​ വൈകുന്നേരവും വ്യക്​തമാക്കിയത്​.

തുലാസിലായ ചർച്ചകൾ

ഖത്തറിന്‍റെ കാർമികത്വത്തിൽ നടക്കുന്ന വെടിനിർത്തൽ ചർച്ചകളിൽ നിന്ന്​ ഹമാസ്​ തൽകാലം പിൻവാങ്ങുമെന്നാണ്​ സൂചനകൾ. പക്ഷേ, അധികം വൈകാതെ ചർച്ചാമേശക്ക്​ മുന്നിൽ തിരിച്ചെത്തേണ്ടിവരുമെന്നും ഉറപ്പാണ്​. പത്തുമാസത്തോളമായി ഇസ്രയേലിന്‍റെ ഭീകരമായ ആക്രമണം നേരിടുന്ന ഹമാസിന്​ സ്വന്തം നിലക്ക്​ തിരിച്ചടിക്കാനുള്ള ശേഷിയും കുറഞ്ഞിരിക്കുകയാണ്​. വലിയ നേതാക്കളുടെ മരണമൊന്നും ഒരുകാലത്തും ഹമാസിനെ ദുർബലപ്പെടുത്തിയിട്ടില്ല. 2004 ൽ ആഴ്​ചകളുടെ വ്യത്യാസത്തിൽ സ്ഥാപകനേതാക്കളായ ശൈഖ്​ അഹമ്മദ്​ യാസീനെയും അബ്​ദുൽ അസീസ്​ രൻതീസിയെയും ഇസ്രയേൽ വധിച്ചെങ്കിലും അതിവേഗം തന്നെ രണ്ടാം നിര നേതാക്കൾ ആ വിടവ്​ നികത്തി.

യാസീന്‍റെ വധത്തിന്​ തൊട്ടുടനെയാണ്​ രൻതീസിയെ തലപ്പത്ത്​ നിയോഗിച്ചത്​. അദ്ദേഹത്തെയും ഇസ്രയേൽ വധിച്ചതോടെ അന്നത്തെ അന്നത്തെ സീനിയർ നേതാവ്​ മഹ്​മൂദ്​ സഹറിനെ അടുത്ത മേധാവിയായി പ്രഖ്യാപിക്കാനൊരുങ്ങി​യെങ്കിലും സുരക്ഷാഭീഷണി കണ​ക്കി​ലെടുത്ത്​ പരസ്യ അറിയിപ്പുണ്ടായില്ല. അതിന്​ ശേഷമാണ്​ ഇസ്മായിൽ ഹനിയ്യയും പിന്നീട്​ ജയിൽ മോചിതനായെത്തിയ യഹ്​യ സിൻവറും സംഘടനയുടെ തലപ്പത്തേക്ക്​ വരുന്നത്​.

ഖാലിദ്​ മിശ്​അലിന്​ ശേഷം ഹമാസിന്‍റെ അന്താരാഷ്ട്ര മുഖമായി വളർന്ന ഹനിയ്യ 2019-20 കാലത്താണ്​ ഗസ്സയിൽ നിന്ന്​ ദോഹയിലേക്ക്​ താമസം മാറ്റിയത്​. ഈജിപ്ത്​ വഴിയാണ്​ അതുവരെ അദ്ദേഹം പുറത്തേക്ക്​ സഞ്ചരിച്ചുകൊണ്ടിരുന്നത്​. ഈജിപ്തുമായുണ്ടായ അഭിപ്രായഭിന്നതകൾ കാരണം ഈ യാത്രകൾ മുടങ്ങുമെന്ന ഘട്ടത്തിൽ ദോഹയിൽ താമസമാക്കി​.

Tags:    
News Summary - Ismail Haniyeh assassination

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.