ഇറങ്ങാതെ വയ്യ, ഇറാന്
text_fieldsസ്വന്തം മണ്ണിൽ കയറിയുള്ള ഇസ്രയേലിന്‍റെ ഇതിനുമുമ്പുള്ള ആക്രമണങ്ങളോട് കാട്ടിപ്പോന്ന ഉദാസീന സമീപനം കൈവിടാൻ ഇറാനെ നിർബന്ധിതമാക്കുന്നത്ര കനത്ത പ്രഹരമാണ് ബുധനാഴ്ച പുലർച്ചെയുണ്ടായത്. പ്രസിഡന്‍റിന്‍റെ സത്യപ്രതിജ്ഞക്കെത്തിയ ഔദ്യോഗിക അതിഥിയെ സ്വന്തം തലസ്ഥാനത്ത് പോലും സംരക്ഷിക്കാൻ കഴിഞ്ഞില്ലെന്നതിന്‍റെ കുറ്റബോധവും രോഷവും ഇറാന്‍ ഭരണകൂടത്തിന്‍റെ പ്രതികരണങ്ങളിൽ തെളിഞ്ഞുകാണുന്നു. പൊതുവെ മിതവാദിയായ പുതിയ പ്രസിഡന്‍റ് പെഷസ്കിയാന്‍റെ കീഴിൽ ഇറാന്‍റെ നയങ്ങളിൽ മാറ്റമുണ്ടാകുമോ എന്ന് ലോകം സസൂക്ഷ്മം വീക്ഷിക്കുന്ന ഘട്ടത്തിലാണ് ഇതുവരെ നേരിടാത്ത പ്രതിസന്ധിയിലേക്ക് രാജ്യം എടുത്തെറിയപ്പെട്ടിരിക്കുന്നത്.
ഇറാന് മേലുള്ള ഉപരോധം നീക്കാൻ ശ്രമിക്കുമെന്നും ഭാവിയെ കുറിച്ച് തനിക്ക് ശുഭപ്രതീക്ഷയുണ്ടെന്നും ചൊവ്വാഴ്ച നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ പെഷസ്കിയാൻ പ്രസ്താവിച്ചിരുന്നു. പ്രസിഡന്‍റ് മാത്രമാണ് ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്തത്. മറ്റു മന്ത്രിമാരെ രണ്ടാഴ്ചക്കുള്ളിലേ തീരുമാനിക്കാനിരിക്കുന്നതേയുള്ളു. ഇറാന്‍റെ ഘടന അനുസരിച്ച് പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയാണ് ഏതുനിർണായക വിഷയത്തിലും അവസാന വാക്കെന്നതിനാൽ ഇത്തരം സർക്കാർ കാര്യങ്ങളെല്ലാം ഈ സാഹചര്യത്തിൽ അപ്രസക്തമാണ്. ‘‘ഞങ്ങളുടെ പ്രിയങ്കരനായ അതിഥിയെ ഞങ്ങളുടെ വീട്ടിൽ വെച്ച് നിങ്ങൾ കൊന്നിരിക്കുന്നു. അതുവഴി കഠിനമായ ശിക്ഷക്കുള്ള വഴി പാകുകയും ചെയ്തു’’- ഖമനയിയുടെ പ്രതികരണത്തിൽ സൂചനകൾ വ്യക്തം. പക്ഷേ, ഡമസ്കസിലെ ഇറാൻ എംബസിക്ക് നേരെയുണ്ടായ ആക്രമണത്തിന് പകരമെന്നോണം ഏപ്രിൽ 13 ന് നടത്തിയ പ്രതീകാത്മക മൂല്യം മാത്രമുള്ള മിസൈൽ, ഡ്രോൺ ആക്രമണം പോലെയാകുമോ എന്നേ അറിയാനുള്ളു.
അടിമുടി അവ്യക്തത
യഥാർഥത്തിൽ, ഹനിയ്യയുടെ മരണത്തിന് കാരണമായ ബുധനാഴ്ച പുലർച്ചെ പ്രാദേശിക സമയം രണ്ടുമണിയോടെ ഉണ്ടായ ആക്രമണത്തിന്‍റെ പൂർണവിവരങ്ങൾ ഒരുപകൽ കഴിഞ്ഞിട്ടും പുറത്തുവന്നിട്ടില്ല. ഹനിയ്യ താമസിച്ചിരുന്ന കെട്ടിടത്തിന് നേരെയുണ്ടായ ‘ആക്രമണ’ത്തിലാണ് മരണം എന്ന് മാത്രമാണ് ഇറാൻ വാർത്ത ഏജൻസിയും ഔദ്യോഗിക മാധ്യമങ്ങളും പറയുന്നത്. മിസൈൽ ആക്രമണമാണ് എന്ന സൂചനകൾ അനൗദ്യോഗികമായാണ് പുറത്തുവരുന്നത്. കൂടുതൽ വിവരങ്ങളോ, ആക്രമണമുണ്ടായ കെട്ടിടത്തിന്‍റെ ചിത്രങ്ങളോ പരിസരവാസികളുടെ പ്രതികരണങ്ങളോ ഒന്നും ലഭ്യമല്ല. ഹനിയ്യ താമസിച്ചിരുന്ന കെട്ടിടത്തിന്‍റെ താഴ്നിലയിൽ ഫലസ്തീൻ ഇസ്ലാമിക് ജിഹാദ് സെക്രട്ടറി ജനറൽ സിയാദ് നഖ്ലെയും ഉണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന് ഒന്നും സംഭവിച്ചിട്ടില്ല. രാജ്യതലസ്ഥാനത്ത് ഇത്രയും സൂക്ഷ്മമായ ഒരു ആക്രമണം നടത്താൻ ഒരിക്കൽ കൂടി ഇസ്രയേലിന് സാധിച്ചിരിക്കുന്നു എന്നത് ഇറാനെ ഇരുത്തിച്ചിന്തിപ്പിക്കുന്നുണ്ട്. ആക്രമണത്തിന്‍റെ വിവരങ്ങൾ പുറത്തുവിടുന്നതിലെ ഈ അതിസൂക്ഷ്മത അതാണ് സൂചിപ്പിക്കുന്നത്. മണിക്കൂറുകൾക്കുള്ളിൽ സമ്പൂർണ വിവരങ്ങൾ പുറത്തുനൽകുമെന്ന് മാത്രമാണ് റെവല്യൂഷണറി ഗാർഡ് കോർപ്സ് വൈകുന്നേരവും വ്യക്തമാക്കിയത്.
തുലാസിലായ ചർച്ചകൾ
ഖത്തറിന്‍റെ കാർമികത്വത്തിൽ നടക്കുന്ന വെടിനിർത്തൽ ചർച്ചകളിൽ നിന്ന് ഹമാസ് തൽകാലം പിൻവാങ്ങുമെന്നാണ് സൂചനകൾ. പക്ഷേ, അധികം വൈകാതെ ചർച്ചാമേശക്ക് മുന്നിൽ തിരിച്ചെത്തേണ്ടിവരുമെന്നും ഉറപ്പാണ്. പത്തുമാസത്തോളമായി ഇസ്രയേലിന്‍റെ ഭീകരമായ ആക്രമണം നേരിടുന്ന ഹമാസിന് സ്വന്തം നിലക്ക് തിരിച്ചടിക്കാനുള്ള ശേഷിയും കുറഞ്ഞിരിക്കുകയാണ്. വലിയ നേതാക്കളുടെ മരണമൊന്നും ഒരുകാലത്തും ഹമാസിനെ ദുർബലപ്പെടുത്തിയിട്ടില്ല. 2004 ൽ ആഴ്ചകളുടെ വ്യത്യാസത്തിൽ സ്ഥാപകനേതാക്കളായ ശൈഖ് അഹമ്മദ് യാസീനെയും അബ്ദുൽ അസീസ് രൻതീസിയെയും ഇസ്രയേൽ വധിച്ചെങ്കിലും അതിവേഗം തന്നെ രണ്ടാം നിര നേതാക്കൾ ആ വിടവ് നികത്തി.
യാസീന്‍റെ വധത്തിന് തൊട്ടുടനെയാണ് രൻതീസിയെ തലപ്പത്ത് നിയോഗിച്ചത്. അദ്ദേഹത്തെയും ഇസ്രയേൽ വധിച്ചതോടെ അന്നത്തെ അന്നത്തെ സീനിയർ നേതാവ് മഹ്മൂദ് സഹറിനെ അടുത്ത മേധാവിയായി പ്രഖ്യാപിക്കാനൊരുങ്ങിയെങ്കിലും സുരക്ഷാഭീഷണി കണക്കിലെടുത്ത് പരസ്യ അറിയിപ്പുണ്ടായില്ല. അതിന് ശേഷമാണ് ഇസ്മായിൽ ഹനിയ്യയും പിന്നീട് ജയിൽ മോചിതനായെത്തിയ യഹ്യ സിൻവറും സംഘടനയുടെ തലപ്പത്തേക്ക് വരുന്നത്.
ഖാലിദ് മിശ്അലിന് ശേഷം ഹമാസിന്‍റെ അന്താരാഷ്ട്ര മുഖമായി വളർന്ന ഹനിയ്യ 2019-20 കാലത്താണ് ഗസ്സയിൽ നിന്ന് ദോഹയിലേക്ക് താമസം മാറ്റിയത്. ഈജിപ്ത് വഴിയാണ് അതുവരെ അദ്ദേഹം പുറത്തേക്ക് സഞ്ചരിച്ചുകൊണ്ടിരുന്നത്. ഈജിപ്തുമായുണ്ടായ അഭിപ്രായഭിന്നതകൾ കാരണം ഈ യാത്രകൾ മുടങ്ങുമെന്ന ഘട്ടത്തിൽ ദോഹയിൽ താമസമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.