ഗസ്സയുദ്ധം അടിയന്തരമായി അവസാനിപ്പിക്കണം -ഇസ്രായേൽ പ്രതിപക്ഷ നേതാവ്

തെൽഅവീവ്: ഗസ്സയിലെ യുദ്ധം അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ഇസ്രായേൽ പ്രതിപക്ഷ നേതാവ് യായ്ർ ലാപിഡ്. ഗസ്സയിൽ ഹമാസ് ബന്ദികളാക്കി വെച്ച ഇസ്രായേൽ പൗരൻമാരുടെ മോചനത്തിനായി പ്രത്യേക കരാറു​ണ്ടാക്കണമെന്നും ലാപിഡ് ആവശ്യപ്പെട്ടു.

'കരാറുണ്ടാക്കുക, യുദ്ധം അവസാനിപ്പിക്കുക, രാജ്യം സുരക്ഷിതമാക്കുക.​'-എന്നാണ് ലാപിഡ് എക്സിൽ കുറിച്ചത്. ഒക്ടോബർ ഏഴിനു തുടങ്ങിയ ആക്രമണത്തിൽ ഇസ്രായേൽ സൈന്യം 40,000​ത്തിലേറെ ഫലസ്തീനികളെയാണ് കൊന്നൊടുക്കിയത്. ഇസ്രായേലിന്റെ ആക്രമണം 23 ലക്ഷം ആളുകളുടെ കിടപ്പാടം നഷ്ടമാക്കി. യുദ്ധഭൂമിയായ ഗസ്സയിൽ പട്ടിണിയും രോഗവും വ്യാപകമായി.

ഫിലാഡൽഫി ഇടനാഴി എന്നറിയപ്പെടുന്ന ഈജിപ്തുമായുള്ള ഗസ്സയുടെ തെക്കൻ അതിർത്തി പ്രദേശത്തിന്റെ നിയന്ത്രണം ഇസ്രാ​യേൽ സൈന്യം നിലനിർത്തണമെന്ന് പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പറഞ്ഞു. ശനിയാഴ്ച ഗസ്സയിലുടനീളം ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ 31 ഫലസ്തീനികൾ കൊല്ലപ്പെട്ടു.

അതിനിടെ, ബന്ദികളുടെ മോചനത്തിനായി സർക്കാർ നടപടിയെടുക്കാത്തതിൽ ഇസ്രായേലിൽ പ്രതിഷേധം പുകയുകയാണ്. ബന്ദിമോചനത്തിൽ സർക്കാർ പരാജയപ്പെട്ടുവെന്നാരോപിച്ച് ഇസ്രായേൽ പൗരൻമാർ തെരുവിൽ പ്രതിഷേധം നടത്തി. ഏതാണ് 75,0000 പേരാണ് നെതന്യാഹു സർക്കാറിനെതിരെ തെരുവിൽ പ്രതിഷേധിച്ചത്. രാജ്യം കണ്ട എക്കാലത്തേയും വലിയ പ്രതിഷേധങ്ങളിലൊന്നായി അത് മാറി. തെൽ അവീവിൽ മാത്രം അഞ്ചുലക്ഷം പേർ തെരുവിലിറങ്ങി. ബന്ദികളുടെ മോചനത്തിനായി നെതന്യാഹു ഹമാസുമായി കരാറിലെത്താത്തതിനെ തുടർന്ന് ഇസ്രായേൽ പ്രതിഷേധം ഇപ്പോൾ ദൈനം ദിന പരിപാടിയായി മാറിക്കഴിഞ്ഞു. സർക്കാർ അട്ടിമറിക്കപ്പെടുമോ എന്ന ഭീതിയിലാണ് നെതന്യാഹു കരാറിൽ ഒപ്പുവെക്കാ​ത്തതെന്നും വിമർശനമുയരുന്നുണ്ട്.

Tags:    
News Summary - Israeli opposition leader urges government to end Gaza war

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.