കറാച്ചി: കറാച്ചി യൂനിവേഴ്സിറ്റിയിൽ ചാവേറായ വനിതയുടെ പിതാവിന്റെ വസതിയിൽ പാക് സുരക്ഷ സേന റെയ്ഡ് നടത്തി. വസതിയിൽ നിന്ന് വിവിധ രേഖകളും ലാപ്ടോപും പിടിച്ചെടുത്തതായി പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചാവേറാക്രമണത്തിൽ മൂന്ന് ചൈനീസ് അധ്യാപകർ കൊല്ലപ്പെട്ടിരുന്നു. ചാവേറിന്റെ അപാർട്മെന്റിലും ബലൂചിസ്താൻ സുരക്ഷ ഏജൻസികൾ പരിശോധന നടത്തി. ആക്രമണത്തിനു ശേഷം കറാച്ചി യൂനിവേഴ്സിറ്റി തുറന്നു.
കറാച്ചി സർവകലാശാല പരിസരത്ത് വാനിനുള്ളിലെ സ്ഫോടനത്തിൽ മൂന്ന് ചൈനീസ് പൗരന്മാർ അടക്കം നാലു പേരാണ് കൊല്ലപ്പെട്ടത്. പ്രാദേശിക വിദ്യാർഥികൾക്ക് ചൈനീസ് ഭാഷ പഠിപ്പിക്കാൻ ചൈന സ്ഥാപിച്ച സന്നദ്ധ സ്ഥാപനമായ കൺഫ്യൂഷ്യസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവേശന കവാടത്തിൽ ചൊവ്വാഴ്ചയായിരുന്നു സ്ഫോടനം. മരിച്ചവരിൽ മൂന്ന് പേർ ചൈനീസ് പൗരന്മാരാണെന്ന് സർവകലാശാല വക്താവ് പറഞ്ഞു. കൺഫ്യൂഷ്യസ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഹുവാങ് ഗുയിപിങ്, ഡിംഗ് മുപെങ്, ചെൻ സാ, പാകിസ്താൻകാരനായ ഡ്രൈവർ ഖാലിദ് എന്നിവരാണ് കൊല്ലപ്പെട്ടത്.
വാങ് യുക്കിങ്, ഹമീദ് എന്നിവർക്ക് പരിക്കേറ്റു. വിഘടനവാദി സംഘമായ ബലൂച് ലിബറേഷൻ ആർമി സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. വനിതാ ചാവേറാണ് സ്ഫോടനം നടത്തിയതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ടർക്ക് അയച്ച ഇ-മെയിലിൽ വെളിപ്പെടുത്തി. എന്നാൽ കറാച്ചി സർവകലാശാലയിലെ ഐ.ബി.എ ഇൻസ്റ്റിറ്റ്യൂട്ടിൽ ചൈനീസ് ഭാഷ പഠിപ്പിക്കുന്ന വിദേശ പൗരന്മാരെ അവരുടെ ഗെസ്റ്റ്ഹൗസിൽനിന്ന് വാനിൽ കൊണ്ടുവരുമ്പോഴാണ് സ്ഫോടനമെന്ന് ഉർദു പത്രമായ ജാങ് റിപ്പോർട്ട് ചെയ്തിരുന്നു.
മോട്ടോർ സൈക്കിളിൽ വാനിനു പിന്നിൽ ഉണ്ടായിരുന്ന നാല് റേഞ്ചേഴ്സ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റു. കഴിഞ്ഞ വർഷം വടക്കൻ പാകിസ്ഥാനിൽ ചാവേർ സ്ഫോടനത്തിൽ യാത്രാ ബസ് പൊട്ടിത്തെറിച്ച് ഒമ്പത് ചൈനക്കാരടക്കം 13 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിനുശേഷം പാകിസ്താനിൽ നടക്കുന്ന ചൈനീസ് പൗരന്മാർക്കെതിരായ വലിയ ആക്രമണമാണിത്. സംഭവത്തിൽ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ദുഃഖം രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.