'വേദന കാരണം ഉറങ്ങാൻ കഴിയുന്നില്ല'; എംപോക്സിന്‍റെ തീവ്രത ഏറുന്നു...

എംപോക്സ് എന്ന മങ്കി പോക്സ് രോഗം 116 രാജ്യങ്ങളിൽ പടർന്നുകഴിഞ്ഞതായാണ് റിപ്പോർട്ട്. ഇതോടെ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ആഫ്രിക്കയിലുടനീളം അത്യന്തം അപകടകരമായ വൈറസിൻ്റെ ദ്രുതഗതിയിലുള്ള വ്യാപനത്തിൽ നിന്നാണ് ഈ തീരുമാനം.

അടിയന്തര ശ്രദ്ധ ആവശ്യപ്പെടുന്ന രോഗമായ എംപോക്സിനെ ഗ്രേഡ് 3 എമർജൻസി വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. എച്ച്1 എൻ1 പന്നിപ്പനി, പോളിയോ വൈറസ്, സിക വൈറസ്, എബോള, കോവിഡ് എന്നിവക്കാണ് ഇതുവരെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുള്ളത്. ആഫ്രിക്കയിൽ മാത്രം 15,000 പേർ രോഗികളായപ്പോൾ 570 മരണം റിപ്പോർട്ട് ചെയ്യപ്പെട്ടു. കഴിഞ്ഞ വർഷത്തേക്കാൾ 160 ശതമാനമാണ് രോഗ വർധന.

ബുറുണ്ടി, കെനിയ, റുവാണ്ട, ഉഗാണ്ട എന്നിവിടങ്ങളിൽ ജൂലൈ മുതൽ രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സ്വീഡനിലും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എംപോക്സിന്‍റെ 'ക്ലേഡ് 1 ബി'എന്ന പുതിയ വകഭേദം ഒരു ആഫ്രിക്കക്കാരനിൽ സ്ഥീരികരിച്ചിട്ടുണ്ട്. ബുറുണ്ടിയിലെ പ്രധാന നഗരമായ ബുജുംബുരയിൽ നിന്നുള്ള എഗിഡെ ഇറാംബോണക്കാണ് രോഗം സ്ഥീരികരിച്ചത്. 'വേദന കാരണം ഉറങ്ങാൻ കഴിയുന്നില്ല. തൊണ്ടയിൽ തുടങ്ങിയ വേദന പിന്നീട് കാലിലേക്കും വ്യാപിച്ചു. അസഹനീയ വേദന എനിക്ക് സഹിക്കാൻ പറ്റുന്നില്ല' -എഗിഡെ പറഞ്ഞു. ഒമ്പത് ദിവസമായി കിംഗ് ഖാലിദ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ ഇയാൾ ചികിത്സയിലാണ്.

ആവശ്യത്തിന് വാക്‌സിനോ ടെസ്റ്റിംഗ് കിറ്റുകളോ ലഭ്യമാകാത്തതും വെള്ളം പോലുള്ള അവശ്യസാധനങ്ങളുടെ അപര്യാപ്തതയും രോഗ തീവ്രത കൂട്ടാന്‍ ഇടയാക്കുന്നുണ്ട്. നിലവിൽ വൈറസിനായി രക്ത സാമ്പിളുകൾ പരിശോധിക്കാൻ കഴിയുന്ന ഒരു ലാബ് മാത്രമേ രാജ്യത്തുള്ളൂ.

ഈ രോഗം ബാധിച്ചവരിൽ മൂന്നിലൊന്ന് 15 വയസ്സിന് താഴെയുള്ളവരാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് കുട്ടികളെയാണ് ഇവിടെ ഏറ്റവും കൂടുതൽ ബാധിക്കുന്നത്. നേരത്തെ മൃഗങ്ങളില്‍നിന്ന് മനുഷ്യരിലേക്ക് പകരുന്ന ജന്തുജന്യ രോഗമായിരുന്നു എംപോക്‌സ്. ഇപ്പോള്‍ മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് പകരുന്നുണ്ട്.

കോവിഡ്, എച്ച്1 എന്‍1 പോലെ വായുവിലൂടെ പകരുന്ന രോഗമല്ല എംപോക്‌സ്. രോഗം ബാധിച്ചവരുമായി മുഖാമുഖം വരിക, നേരിട്ട് തൊലിപ്പുറത്ത് തൊടുക, ലൈംഗിക ബന്ധം, കിടക്കയോ വസ്ത്രമോ തൊടുക, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കുക തുടങ്ങിയവയിലൂടെ രോഗം പകരാം. തീവ്രത കുറവാണെങ്കിലും 1980ല്‍ ലോകമെമ്പാടും ഉന്മൂലനം ചെയ്തതായി പ്രഖ്യാപിക്കപ്പെട്ട വസൂരിയുടെ ലക്ഷണങ്ങളുമായി ഇതിന് സാമ്യമുണ്ട്.

Tags:    
News Summary - Mpox-African Man Shares Horrifying Symptoms Of Mpox

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.