നയ്പീഡോ: മ്യാൻമറിനെ പിടിച്ചുകുലുക്കിയ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം 334 അണുബോംബുകൾക്ക് തുല്യമായ ഊർജമാണ് പുറത്തുവിട്ടതെന്ന് ജിയോളജിസ്റ്റിനെ ഉദ്ധരിച്ച് സി.എൻ.എൻ റിപ്പോർട്ട് ചെയ്തു. ഇത്തരമൊരു ഭൂകമ്പം പുറപ്പെടുവിക്കുന്ന ശക്തി ഏകദേശം 334 അണുബോംബുകൾക്ക് തുല്യമാണ്. മേഖലയിൽ തുടർചലനങ്ങൾക്ക് സാധ്യതയുണ്ട്, അത് മാസങ്ങളോളം നീണ്ടു നിൽക്കാം -അമേരിക്കൻ ജിയോളജിസ്റ്റ് ജെസ് ഫീനിക്സ് മുന്നറിയിപ്പ് നൽകുന്നു.
അതേസമയം, ഭൂകമ്പത്തിൽ മരണം 1600 കവിഞ്ഞതായാണ് റിപ്പോർട്ട്. 3000ത്തിലേറെ പേർക്ക് പരിക്കുണ്ട്. കെട്ടിടങ്ങളിൽ കുടുങ്ങിക്കിടക്കുന്നവർക്കായി തിരച്ചിൽ തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് കരുതുന്നത്.
വെള്ളിയാഴ്ച പ്രാദേശിക സമയം ഉച്ചക്ക് 12.50ന് ആണ് 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം മ്യാന്മറിനെയും തായ്ലൻഡിനെയും പിടിച്ചുകുലുക്കിയത്. പിന്നാലെ 6.4 തീവ്രതയുള്ള മറ്റൊരു ഭൂകമ്പവുമുണ്ടായി. മ്യാൻമറിലെ സാഗെയിങ് നഗരത്തിനു സമീപത്താണ് പ്രഭവകേന്ദ്രമെന്ന് യു.എസ് ജിയോളജിക്കൽ സർവേ പറയുന്നത്.
ലോകത്തെ ഏറ്റവും ഭൂകമ്പസാധ്യതയുള്ള മേഖലകളിലൊന്നിലാണ് മ്യാന്മർ സ്ഥിതിചെയ്യുന്നത്. രാജ്യത്തെ ആറു മേഖലകളിൽ സൈനിക ഭരണകൂടം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ദുരന്ത ഭൂമിയിലേക്ക് വിവിധ രാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളും സഹായങ്ങളുമായി എത്തിത്തുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.