കാബൂൾ: സ്വന്തംരാജ്യത്തുനിന്ന് പലായനം ചെയ്യാൻ കാബൂൾ വിമാനത്താവളത്തിൽ തടിച്ചുകൂടിയ ജനക്കൂട്ടത്തിെൻറ കണ്ണുകളിൽ നാളെയെ കുറിച്ചുള്ള പ്രതീക്ഷകളല്ല, പ്രാണഭയവും നിരാശയും മാത്രമാണ്. യു.എസ്-നാറ്റോ സൈന്യത്തെ സഹായിച്ചവർക്കായി വീടുകൾ തോറും താലിബാൻ തിരച്ചിൽ നടത്തുന്നുവെന്ന യു.എൻ മുന്നറിയിപ്പിന്നു പിന്നാലെയാണ് രാജ്യത്തുനിന്നു പലായനം ചെയ്യാനെത്തിയവരുടെ എണ്ണം ഇരട്ടിച്ചത്.
വിമാനത്താവളത്തിൽ നിന്ന് 3000പേരെ യു.എസ് ഒഴിപ്പിച്ചെന്നാണ് വൈറ്റ്ഹൗസ് റിപ്പോർട്ട്. വിമാനത്താവളത്തിൽ കാത്തുകെട്ടിക്കിടക്കുന്നവരിൽ ചെറിയ ശതമാനത്തിനു മാത്രമാണ് രാജ്യം വിടാൻ കഴിയുന്നത്. അവശേഷിക്കുന്ന വലിയ വിഭാഗം അഫ്ഗാനിൽ തന്നെ തുടരുകയാണ്. അതിനിടെ, പൗരൻമാർ രാജ്യംവിടാതിരിക്കാൻ കർക്കശ നടപടികളുമായി താലിബാനും രംഗത്തുണ്ട്.
രണ്ടുദശകം മുമ്പ് അഫ്ഗാനിൽ ആദ്യമായി ഭരണംപിടിച്ചപ്പോഴും താലിബാൻ കരുതലോടെയാണ് തുടങ്ങിയത്. ആദ്യമൊന്നും വലിയ ഒച്ചപ്പാടൊന്നുമുണ്ടാക്കിയില്ല. അതേ അവസ്ഥ തന്നെയാണിപ്പോഴും. അഫ്ഗാനികൾക്ക് സുരക്ഷിതമായി രാജ്യത്തുകഴിയാമെന്ന് അവർ ഉറപ്പുനൽകുന്നുണ്ടെങ്കിലും അത് വിശ്വാസത്തിലെടുക്കാൻ ജനങ്ങൾക്ക് കഴിഞ്ഞിട്ടില്ല. താലിബാെൻറ ഭാഗത്തുനിന്ന് മൃദുസമീപനം അവർ പ്രതീക്ഷിക്കുന്നില്ല.
അവരുടെ ഭരണത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും അഭിപ്രായസ്വാതന്ത്ര്യത്തോടെയും അന്തസ്സോടെയും കഴിയാൻ സാധിക്കും എന്ന് വിശ്വസിക്കുന്നുമില്ല. അതാണ് വലിയൊരു വിഭാഗത്തെ നാടുവിടാൻ പ്രേരിപ്പിക്കുന്നതും. ലോകം താലിബാെൻറ ഓരോ പ്രവൃത്തികളും നിരീക്ഷിച്ചുകൊണ്ടിരിക്കയാണ്.
മൂന്നുതവണ രക്ഷപ്പെടാനായി കാബൂൾ വിമാനത്താവളത്തിലെത്തിയിട്ടും സാധിക്കാത്തതിെൻറ നിരാശയാണ് യു.എസ് സൈന്യത്തിെൻറ പരിഭാഷകയായി ജോലിചെയ്തിരുന്ന യുവതിക്ക് പറയാനുള്ളത്. താലിബാെൻറ റോഡ് ഉപരോധങ്ങൾ മറികടന്നാണ് ഒരുവിധം വിമാനത്താവളത്തിലെത്തിയത്. കൈയിൽ എല്ലാ രേഖകളുമുണ്ടായിട്ടും ജനക്കൂട്ടത്തിനിടയിൽ മുന്നോട്ടുനീങ്ങാൻ അവർക്കു കഴിഞ്ഞില്ല.
ഒഴിപ്പിക്കൽ നടപടിയെ സഹായിക്കാൻ നിലവിൽ 5800 അമേരിക്കൻ സൈനികർ കാബൂളിലുണ്ട്. 6000 സൈനികരെ കൂടി കാബൂളിലേക്കയക്കാൻ യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ ഉത്തരവിടുകയും ചെയ്തു. വരുംദിവസങ്ങൾ അവർ കാബൂളിലെത്തുമെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.