വാലിദ് അഹമദ്
തെൽ അവിവ്: ഇസ്രായേൽ ജയിലിൽ ഫലസ്തീൻ കൗമാരക്കാരൻ മരിച്ചത് പട്ടിണി കാരണമെന്ന് പോസ്റ്റ്മോർട്ടം നേരിൽകണ്ട ഡോക്ടർ. കുറ്റങ്ങളൊന്നും ചുമത്താതെ ഇസ്രായേൽ ജയിലിലടച്ച 17കാരനായ വാലിദ് അഹമദാണ് കഴിഞ്ഞ മാസം മെഗിദ്ദോ ജയിലിൽ കുഴഞ്ഞുവീണ് മരിച്ചത്.
വാലിദിന് കടുത്ത പോഷകാഹാരക്കുറവ് അനുഭവപ്പെട്ടിരുന്നെന്നും ശരീരത്തിൽ ചൊറിയുടെയും വൻകുടലിൽ വീക്കത്തിന്റെയും ലക്ഷണങ്ങളുണ്ടായിരുന്നെന്നും ഇസ്രായേൽ ഡോക്ടർ പറഞ്ഞു. വാലിദിന്റെ കുടുംബത്തിന്റെ ആവശ്യപ്രകാരം അബു കബീർ ഫോറൻസിക് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദഗ്ധരാണ് മാർച്ച് 27ന് പോസ്റ്റ്മോർട്ടം നടത്തിയത്. പോസ്റ്റ്മോർട്ടം നിരീക്ഷിക്കാൻ ഡോക്ടർ ഡാനിയൽ സോളമന് ഇസ്രായേലിലെ സിവിൽ കോടതി പ്രത്യേക അനുമതി നൽകുകയായിരുന്നെന്ന് വാലിദിന്റെ കുടുംബ അഭിഭാഷക നാദിയ ദഖ പറഞ്ഞു.
ഡിസംബർ മുതൽ ആവശ്യത്തിന് ഭക്ഷണം കിട്ടുന്നില്ലെന്ന് വാലിദ് പരാതിപ്പെട്ടിരുന്നതായി ജയിലിലെ ക്ലിനിക്കിൽനിന്നുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്. മരണത്തെക്കുറിച്ച് അന്വേഷിക്കാൻ സംഘത്തെ നിയോഗിച്ചതായി ജയിൽ ഉദ്യോഗസ്ഥർ പറഞ്ഞു. ഗസ്സ വംശഹത്യ തുടങ്ങിയശേഷം ഇസ്രായേൽ ജയിലിൽ മരണപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് വാലിദ്. സൈനികർക്ക് നേരെ കല്ലെറിഞ്ഞെന്നാരോപിച്ച് സെപ്റ്റംബറിൽ പുലർച്ച വെസ്റ്റ് ബാങ്കിലെ വീട്ടിൽനിന്നാണ് വാലിദിനെ കസ്റ്റഡിയിലെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.