ഐക്യരാഷ്ട്രസഭ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചുമത്തിയ തീരുവയെത്തുടർന്ന് ആഗോള വ്യാപാരത്തിൽ മൂന്ന് ശതമാനം കുറവുണ്ടാകുമെന്ന് ഇന്റർനാഷനൽ ട്രേഡ് സെന്റർ എക്സിക്യൂട്ടിവ് ഡയറക്ടർ പമേല കോക് ഹാമിൽട്ടൺ. അമേരിക്ക, ചൈന എന്നിവിടങ്ങളിലെ വിപണികളിൽനിന്ന് കയറ്റുമതി വ്യാപാരം ഇന്ത്യ, കാനഡ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിലേക്ക് തിരിയുമെന്നും അവർ പറഞ്ഞു.
അമേരിക്കൻ തീരുവയെത്തുടർന്ന് മെക്സികോയിൽനിന്നുള്ള കയറ്റുമതി അമേരിക്ക, ചൈന, യൂറോപ് എന്നിവിടങ്ങളിൽനിന്ന് വഴിമാറി കാനഡ, ബ്രസീൽ, ഇന്ത്യ എന്നിവിടങ്ങളിലേക്ക് പോകും. വിയറ്റ്നാമിൽനിന്നുള്ള കയറ്റുമതി അമേരിക്ക, മെക്സികോ, ചൈന എന്നിവക്ക് പകരം മിഡിലീസ്റ്റ്, ഉത്തരാഫ്രിക്ക, യൂറോപ്, കൊറിയ എന്നിവിടങ്ങളിലേക്ക് തിരിയും.
വികസ്വര രാജ്യങ്ങൾക്ക് ഏറ്റവും കൂടുതൽ വരുമാനവും തൊഴിലും നൽകുന്ന മേഖലയാണ് വസ്ത്രവ്യവസായം. ലോകത്തെ രണ്ടാമത്തെ വലിയ വസ്ത്ര കയറ്റുമതി രാജ്യമായ ബംഗ്ലാദേശിന് 37 ശതമാനം തീരുവയാണ് ട്രംപ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇത് നടപ്പായാൽ 2029ഓടെ അമേരിക്കയിലേക്കുള്ള വാർഷിക കയറ്റുമതിയിൽ 330 കോടി ഡോളറിെന്റ വരുമാന നഷ്ടമാണ് ആ രാജ്യത്തിനുണ്ടാവുക. വൈവവിധ്യവത്കരണം, മൂല്യവർധന, പ്രാദേശിക സഹകരണം എന്നിവയാണ് ഇത് മറികടക്കാൻ വികസ്വര രാജ്യങ്ങൾക്ക് മുന്നിലുള്ള പോംവഴി.
പകരച്ചുങ്കവും തിരിച്ചടിയും വഴി 2040ഓടെ ലോകത്തെ മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ (ജി.ഡി.പി) 0.7 ശതമാനം കുറവുണ്ടാകുമെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.