ലാഹോർ: പാക് മുൻ പ്രധാനമന്ത്രിയും തഹ്‍രീകെ ഇൻസാഫ് (പി.ടി.ഐ) അധ്യക്ഷനുമായ ഇംറാൻ ഖാനെ അറസ്റ്റ് ചെയ്യാനുള്ള സർക്കാർ നീക്കത്തിനെതിരെ പാകിസ്താനിൽ വ്യാപക പ്രതിഷേധം. അറസ്റ്റ് ചെയ്യാൻ പൊലീസ് ഇംറാന്‍റെ വീട്ടിലെത്തുന്നുവെന്ന വാർത്ത പരന്നതോടെ പാർട്ടി പ്രവർത്തകർ പ്രതിഷേധവുമായി തെരുവിലിറങ്ങി.
അതിനിടെ, വൈകീട്ടോടെ ലാഹോറിലെ വസതിയിൽ ഇസ്ലാമാബാദ് പൊലീസ് എത്തി. ലാഹോർ സമാൻ പാർക്കിലെ ഖാന്റെ വസതിക്കു പുറത്ത് കവചിത വാഹനങ്ങൾ നിലയുറപ്പിച്ചിട്ടുണ്ട്. തന്നെ ജയിലിലേക്ക് അയച്ചാലും കൊന്നാലും സർക്കാറിനെതിരായ പോരാട്ടം തുടരാൻ അനുയായികളോട് ആഹ്വാനം ചെയ്യുന്ന വിഡിയോ സന്ദേശം ഖാൻ പുറത്തുവിട്ടു. തോഷഖാന കേസിൽ ഇംറാനെതിരേ കഴിഞ്ഞ ദിവസം കോടകതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഖാന്റെ വസതിക്കു പുറത്ത് തടിച്ചുകൂടിയ അനുയായികളെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. ഇതിൽ പൊലീസ് ഉദ്യോഗസ്ഥരും പി.ടി.ഐ പ്രവർത്തകരും അടക്കം നിരവധി പേർക്കു പരിക്കേറ്റു. ഖാന്റെ വീട് സ്ഥിതി ചെയ്യുന്ന ലാഹോറിലെ മൊബൈൽ സിഗ്നലുകൾ തടഞ്ഞു. പ്രാദേശിക ടി.വി ചാനലുകളും സംപ്രേഷണം നിർത്തി.
അനുയായികൾ ഉദ്യോഗസ്ഥർക്കുനേരെ കല്ലുകളും ഇഷ്ടികകളും എറിഞ്ഞപ്പോൾ പൊലീസ് കണ്ണീർ വാതകം പ്രയോഗിക്കുകയായിരുന്നു. രാജ്യത്തുടനീളം ഇംറാൻ അനുകൂലികൾ പ്രതിഷേധം നടത്തുന്നതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. വടക്കൻ നഗരമായ പെഷാവറിലും പി.ടി.ഐ പ്രവർത്തകർ ഒത്തുകൂടുന്നതായി സോഷ്യൽ മീഡിയയിലെ വിഡിയോകൾ കാണിക്കുന്നതായി അൽ ജസീറയുടെ പാകിസ്താനിലെ ഡിജിറ്റൽ ലേഖകൻ ആബിദ് ഹുസൈൻ കൂട്ടിച്ചേർത്തു.
അതേസമയം ജഡ്ജിയെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ ഇംറാനെതിരെയുള്ള ജാമ്യമില്ലാം വാറന്റ് കോടതി സസ്പെൻഡ് ചെയ്തു.കേസിൽ മാർച്ച് 18നകം അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാനായിരുന്നു കോടതി ഉത്തരവ്. സർക്കാറിനെ നിരന്തരം വിമർശിക്കുന്ന ഇംറാനെതിരെ 80ഓളം കേസുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.