വയറ് വീർത്തതിന്റെ പ്രശ്നവുമായെത്തിയ പെൺകുട്ടി ഗർഭിണിയാണെന്ന് ഡോക്ടർ; പരിശോധനയിൽ ഓവേറിയൻ കാൻസർ

ലണ്ടൻ: തെറ്റായ രോഗനിർണയത്തിലൂടെ ഓവേറിയൻ കാൻസർ ബാധിച്ച 24 കാരിയെ ഗർഭിണിയാക്കി യു.കെയിലെ ഡോക്ടർ. 2022 ഫെബ്രുവരിയിൽ നടന്ന സംഭവമാണ് ഇപ്പോൾ ബി.ബി.സി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വയറു വീർത്തിരിക്കുന്നുവെന്നും എപ്പോഴും ടോയ്‍ലറ്റിൽ പോകേണ്ടി വരുന്നുവെന്നുമായിരുന്നു ഡോക്ടററെ കാണാനെത്തിയ എമ്മ കോളിഡ്ജ് പറഞ്ഞത്.

അലർജിയോ കുടലുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്നമോ ആയിരിക്കാമെന്നാണ് എമ്മ കരുതിയത്. എന്നാൽ വയർ വീർത്തിരിക്കുന്നത് കൊണ്ട് ഗർഭിണിയാകാനാണ് സാധ്യതയെന്ന് പരിശോധിച്ച ഡോക്ടർ വിധിയെഴുതി. അതേസമയം, ഗർഭ പരിശോധന നടത്തിയപ്പോൾ ഫലം നെഗറ്റീവ് ആയിരുന്നു. താൻ ഗർഭിണിയല്ലെന്ന് ഉറപ്പായിരുന്നുവെന്നും ഡോക്ടറുടെ നിർബന്ധം കാരണം പരിശോധന നടത്തുകയായിരുന്നുവെന്നും എമ്മ പറഞ്ഞു.

സാധാരണ നമുക്ക് എന്തെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെടുമ്പോൾ ഗൂഗ്ളിൽ സെർച്ച് ​ചെയ്യരുതെന്നാണ് പലരും പറയുക. ഇക്കാര്യം അറിയാമായിരുന്നിട്ടും എമ്മ രോഗലക്ഷണങ്ങൾ വെച്ച് ഗൂഗ്ളിൽ പരതി. ലക്ഷണങ്ങൾ ഓവേറിയൻ കാൻസറിന്റേതാണെന്നും കൂടുതലും ഈ രോഗം ബാധിക്കുന്നത് 50 വയസിനും അതിന് മുകളിൽ പ്രായമുള്ളവരിലുമാണെന്നും ഗൂഗ്ൾ പറഞ്ഞുകൊടുത്തു.

അപ്പോഴേക്കും മാസങ്ങൾ കഴിഞ്ഞിരുന്നു. എമ്മക്ക് വേദന അസഹനീയമായി. കൂടുതൽ പരിശോധനകൾക്കായി അവർ മറ്റൊരു ഡോക്ടറെ കണ്ടു. അവിടെ വെച്ച് സ്കാനിങ്ങ് നടത്തി. പരിശോധനയിൽ ഓവറിയിൽ സിസ്റ്റ് ആണെന്ന് മനസിലായി. വൈകാതെ ഓവേറിയൻ കാൻസറും സ്ഥിരീകരിച്ചു. 24 വയസേ ആയിട്ടുള്ളൂ. രോഗവിവരം അറിഞ്ഞപ്പോൾ ഇനി ജീവിച്ചിരിക്കില്ലല്ലോ എന്നാണ് ആദ്യം ചിന്തിച്ചതെന്ന് എമ്മ പറയുന്നു. എന്നാൽ നല്ല മനഃശക്തിയായിരുന്നു എമ്മക്ക്. എന്തു​വന്നാലും നേരിടുമെന്ന് മനസിലുറപ്പിച്ചു. മരിക്കാൻ സമയമായിട്ടില്ലെന്നും കരുതി. സിസ്റ്റ് വളരെ വലുതുമായിരുന്നു. കിഡ്നികളെയും അത് ബാധിക്കുമെന്ന സ്ഥിതിവന്നു.

ഇത്ര ചെറുപ്പത്തിൽ ഓവേറിയൻ കാൻസർ ബാധിക്കുന്നത് അപൂർവമാണ്. സിസ്റ്റും ഓവറിയും നീക്കം ചെയ്യുകയായിരുന്നു അടുത്ത പടി. അഞ്ചരമണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ അത് നീക്കി. കഴിഞ്ഞില്ല, ഒമ്പതു മണിക്കൂർനീണ്ട ശസ്ത്രക്രിയയിലൂടെ എമ്മയുടെ ഗർഭാശയവും പ്ലീഹ, കുടലിൻ്റെ ഭാഗം എന്നിവയും നീക്കം ചെയ്തു. ഇപ്പോൾ ആറ് റൗണ്ട് കീമോതെറാപ്പി കഴിഞ്ഞിരിക്കുകയാണ്. 2023 ലായിരുന്നു ഏറ്റവുമൊടുവിൽ കീമോ ചെയ്തത്. സ്കാനിങ് നടത്തിയപ്പോൾ പിന്നീട് അർബുദത്തിന്റെ സാന്നിധ്യമൊന്നും കണ്ടിട്ടില്ല. ചെറുപ്പക്കാരിൽ ഇപ്പോൾ ഓവേറിയൻ കാൻസർ വർധിച്ചുവരികയാണെന്ന് ദ ടീനോജ് കാൻസർ ട്രസ്റ്റ് പറഞ്ഞു.

Tags:    
News Summary - UK woman with bloated stomach was told she was pregnant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.