യുക്രെയ്ൻ യുദ്ധം; പ്രത്യാക്രമണത്തിൽ റഷ്യൻ മേജർ ജനറൽ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ

ഡോൺബാസ് മേഖലയിൽ തുടരുന്ന ആക്രമണങ്ങൾക്കിടെ, യുക്രെയ്നിന്‍റെ പ്രത്യാക്രമണത്തിൽ റഷ്യൻ ഉന്നത സൈനികോദ്യോഗസ്ഥൻ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. മേജർ ജനറൽ റോമൻ കുട്ടുസോവ് ആണ് കൊല്ലപ്പെട്ടത്. ഉന്നത സൈനികോദ്യോഗസ്ഥൻ കൊല്ലപ്പെട്ട വിവരം റഷ്യൻ ഔദ്യോഗിക മാധ്യമം സ്ഥിരീകരിച്ചു.

റഷ്യൻ മേജർ ജനറൽ കൊല്ലപ്പെട്ട വിവരം യുക്രെയ്ൻ സൈന്യവും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, റഷ്യൻ പ്രതിരോധ മന്ത്രാലയം ഇതുസംബന്ധിച്ച് പ്രതികരിച്ചിട്ടില്ല. ലെഫ്റ്റനന്‍റ് ജനറൽ റോമൻ ബെർഡ്നികോവ് കൊല്ലപ്പെട്ടതായും സാമൂഹിക മാധ്യമങ്ങളിൽ പ്രചാരണമുണ്ടായിരുന്നു. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

യുക്രെയ്ൻ മേഖലകളിലേക്ക് കൂടുതൽ കടന്നുകയറാൻ റഷ്യൻ കമാൻഡർമാർ നിർബന്ധിതരാകുകയാണെന്നാണ് റിപ്പോർട്ടുകൾ. മുതിർന്ന നാല് സൈനിക ജനറൽമാർ കൊല്ലപ്പെട്ടതായി റഷ്യ സ്ഥിരീകരിച്ചിട്ടുണ്ട്. 12 റഷ്യൻ ജനറൽമാരെ കൊലപ്പെടുത്തിയെന്നാണ് യുക്രെയ്ൻ സൈന്യം അവകാശപ്പെടുന്നത്.

യുക്രെയ്നിന്റെ സൈന്യം സെവെറോഡോനെറ്റ്സ്കിന്റെ പകുതിയോളം നിയന്ത്രണം വീണ്ടെടുത്തതായി കഴിഞ്ഞദിവസം അവകാശപ്പെട്ടിരുന്നു. എന്നാൽ, ഇപ്പോൾ സ്ഥിതി അല്പം വഷളായതായി ലുഹാൻസ്ക് ഗവർണർ പറയുന്നു.

റഷ്യ ഡോൺബാസിനെ ആക്രമിക്കുന്നത് തുടരുന്നതിനാൽ, യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്‌കി സപോരിഷ്യ മേഖലയിലും സോളേഡാർ, ഡൊനെറ്റ്‌സ്‌ക്, ലിസിചാൻസ്ക്, ലുഹാൻസ്‌ക് മേഖലകളിലെ സൈനികരെ സന്ദർശിച്ചു.

അതിനിടെ, യു.എസുമായി ​ചേർന്ന് 80 കിലോമീറ്റർ ദൂരെയുള്ള ലക്ഷ്യത്തിലെത്താൻ ശേഷിയുള്ള എം 270 റോക്കറ്റ് സംവിധാനങ്ങൾ യുക്രെയ്ന് നൽകുമെന്ന് യു.കെ വ്യക്തമാക്കി. അതേസമയം, യുക്രെയ്‌ന് പുതിയ ദീർഘദൂര മിസൈലുകൾ ലഭിച്ചാൽ 'ഇതുവരെ ആക്രമിച്ചിട്ടില്ലാത്ത ലക്ഷ്യങ്ങൾ ആക്രമിക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ മുന്നറിയിപ്പ് നൽകി.  

Tags:    
News Summary - Ukraine war: Another Russian general killed by Ukrainian forces - reports

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.