9/11ന് ശേഷം രാജ്യത്തെ മുസ്ലിംകളെ എഫ്.ബി.ഐ നിരീക്ഷിച്ചിരുന്നെന്ന പരാതിയിൽ വാദം കേൾക്കാൻ തീരുമാനിച്ച് അമേരിക്കൻ സുപ്രീം കോടതി. സതേൺ കാലിഫോർണിയയിൽ നിന്നുള്ള ഒരു കൂട്ടം മുസ്ലീംകളാണ് തങ്ങളുടെമേൽ ഭരണകൂടം നീരീക്ഷണം നടത്തിയെന്ന് പരാതി നൽകിയിരിക്കുന്നത്. കേസിന്‍റെ ഭാഗമായി രാജ്യസുരക്ഷയ ബാധിക്കുന്ന കാര്യങ്ങൾ വെളിപ്പെടുത്തേണ്ടിവരും എന്ന ബൈഡൻ സർക്കാറിന്‍റെ വാദത്തെ തുടർന്ന് ഹൈകോടതികൾ തള്ളിയ കേസാണ് ഇപ്പോൾ സുപ്രീംകോടതി ഫയലിൽ സ്വീകരിച്ചിരിക്കുന്നത്.
വേൾഡ് ട്രേഡ് സെന്‍റർ ആക്രമണത്തിനുഷേം എഫ്ബിഐ തങ്ങളേയും നൂറുകണക്കിന് മറ്റുള്ളവരേയും രഹസ്യമായി നിരീക്ഷിച്ചിരുന്നതായി പരാതിക്കാർ പറയുന്നു. അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂനിയേന്റയും ചില സന്നദ്ധ സംഘടനകളുടേയും അഭിഭാഷകരാണ് ഇവർക്കായി കേസ് നടത്തുന്നത്. മതപരമായ വിവേചനവും അവകാശങ്ങളുടെ ലംഘനവും തങ്ങൾക്കെതിരേ നടന്നതായും, വിശ്വാസത്തിന്റെ പേരിൽ മാത്രമാണ് തങ്ങൾ ചാരവൃത്തിക്ക് ഇരയായതെന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടി. രാജ്യസുരക്ഷയെ ബാധിക്കുന്ന രഹസ്യങ്ങൾ വെളിപ്പെടുത്തേണ്ടിവരുമെന്ന് സർക്കാർ പറഞ്ഞതിനെത്തുടർന്ന് കീഴ്ക്കോടതി ഹരജി തള്ളിയിരുന്നു.
എന്നാൽ യു.എസ് സുപ്രീം കോടതി ആ തീരുമാനം റദ്ദാക്കുകയായിരുന്നു. സ്റ്റേറ്റ് നടത്തിയ നിരീക്ഷണം നിയമവിരുദ്ധമാണോ എന്നറിയാൻ കീഴ്‌ക്കോടതി ആദ്യം 'സ്റ്റേറ്റ് രഹസ്യങ്ങൾ' എന്ന് സർക്കാർ പറഞ്ഞ തെളിവുകൾ സ്വകാര്യമായി പരിശോധിക്കേണ്ടതായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.
ഓപ്പറേഷൻ ഫ്ലെക്‌സ്
2006 മുതൽ 2007 വരെ എഫ്ബിഐ ഉപയോഗിച്ചിരുന്ന ക്രെയ്ഗ് മോണ്ടെയ്ൽ എന്ന ചാരൻ പുറത്തുവിട്ട വിവരങ്ങളാണ് കേസിന് ആധാരം. ചാരവൃത്തിക്കായി ഇയാൾ ഇസ്ലാം സ്വീകരിക്കുകയും ദക്ഷിണ കാലിഫോർണിയയിലെ മുസ്ലീം സമൂഹത്തിന്റെ ഭാഗമാവുകയും ചെയ്തു. താനൊരു ഫിറ്റ്‌നസ് കൺസൾട്ടന്റാണെന്നാണ് മൊണ്ടെയ്‌ൽ ആളുകളോട് പറഞ്ഞിരുന്നത്. എന്നാൽ ഓപ്പറേഷൻ ഫ്ലെക്‌സ് എന്നറിയപ്പെടുന്ന നിരീക്ഷണ പരിപാടിയുടെ ഭാഗമായാണ് ഇയാൾ പ്രവർത്തിച്ചിരുന്നത്. ഓറഞ്ച് കൗണ്ടിയിലെ ഇസ്‌ലാമിക് സെന്റർ ഓഫ് ഇർവിനിൽ പതിവായി പങ്കെടുക്കാറുണ്ടായിരുന്ന മോണ്ടെയ്ൽ, കഴിയുന്നത്ര ആളുകളുടെ വിവരങ്ങൾ ശേഖരിക്കാൻ തന്നോട് എഫ്.ബി.ഐ പറഞ്ഞതായി പിന്നീട് വെളിപ്പെടുത്തി.
പേരുകളും ഫോൺ നമ്പറുകളും ശേഖരിക്കുകയും ഷർട്ടിന്റെ ബട്ടണിൽ ഒളിപ്പിച്ച ക്യാമറ ഉപയോഗിച്ച് ആയിരക്കണക്കിന് മണിക്കൂർ സംഭാഷണങ്ങളും നൂറുകണക്കിന് മണിക്കൂർ വീഡിയോയും രഹസ്യമായി റെക്കോർഡ് ചെയ്യുകയും ചെയ്തു.മുസ്ലിംകളോട് ജിഹാദിനെക്കുറിച്ച് ചോദിക്കാനും അക്രമത്തിൽ ഏർപ്പെടാനുള്ള സന്നദ്ധത പ്രകടിപ്പിക്കാനും എഫ്.ബി.ഐ ഇയാളോട് ആവശ്യപ്പെട്ടിരുന്നു. ഇത്തരം ചോദ്യങ്ങൾ മുസ്ലിംകൾക്കിടയിൽ സംശയം ഉണ്ടാക്കുകയും അവർ ഇയാൾക്കെിതിരേ എഫ്.ബി.ഐ ഉൾപ്പടെയുള്ള അധികാരികൾക്ക് പരാതി നൽകുകയും ചെയ്തു.
വിവരം മാധ്യമങ്ങളിൽ എത്തിയതോടെ വലിയ വിവാദമായി. പിന്നീട് മൊണ്ടെയ്ൽ തങ്ങളുടെ വിവരദായകനായിരുന്നുവെന്ന് എഫ്ബിഐ സമ്മതിച്ചു. നിരവധി അമേരിക്കൻ വാർത്താ മാധ്യമങ്ങൾ സംഭവം വലിയരീതിയിൽ കവർ ചെയ്തു. തുടർന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ടും, സർക്കാർ ശേഖരിച്ച വിവരങ്ങൾ നശിപ്പിക്കുകയോ തിരികെ നൽകുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടും മൂന്നുപേർ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ഒക്ടോബറിൽ പുതിയ കാലാവധി ആരംഭിച്ചശേഷം രാജ്യസുരക്ഷാ നിയമവുമായി ബന്ധപ്പെട്ട് യു.എസ് സുപ്രീം കോടതി കേൾക്കുന്ന രണ്ടാമത്തെ കേസാണിത്. കഴിഞ്ഞ മാസം കോടതി ഗ്വാണ്ടനാമോ തടവുകാരുമായി ബന്ധപ്പെട്ട കേസ് കേട്ടിരുന്നു. അതിലും 'സ്റ്റേറ്റ് സീക്രട്ട്സ്' പ്രത്യേകാവകാശ നിയമവും ഉൾപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.