ബോംബ് ആക്രമണം നേരിട്ടു കണ്ടതിന്റെ ആഘാതം: മുടി കൊഴിഞ്ഞ് ഫലസ്തീൻ ബാലിക

റാമല്ല: ഇസ്രായേൽ സൈന്യം നടത്തിയ ബോംബ് ആക്രമണം നേരിട്ടു കണ്ടതിന്റെ മാനസിക ആഘാതത്തിൽ മുടി കൊഴിഞ്ഞ് ഫലസ്തീൻ ബാലിക. വീടിനടുത്ത് ബോംബ് ആക്രമണത്തിന് സാക്ഷ്യം വഹിച്ചതിന് തൊട്ടുപിന്നാലെയാണ് എട്ടു വയസ്സുള്ള ഫലസ്തീനിയൻ പെൺകുട്ടി സമ തബീലിന്റെ മുടി കൊഴിയാൻ തുടങ്ങിയത്.

‘ഞാൻ വല്ലാതെ പേടിച്ചുപോയി. എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല, പിന്നീട് ഒരു ദിവസം എന്റെ തലമുടി കൂട്ടമായി പറിഞ്ഞുവരുന്നത് ഞാൻ ശ്രദ്ധിച്ചു’ പെൺകുട്ടി പറഞ്ഞതായി അൽജസീറ റിപ്പോർട്ട് ചെയ്യുന്നു. കഠിനമായ മാനസിക സമ്മർദവും വൈകാരിക പ്രക്ഷോഭവും കാരണം സംഭവിക്കുന്ന അലോപ്പീസിയ ഏരിയറ്റ എന്നറിയപ്പെടുന്ന രോഗമാണ് പെട്ടെന്നുള്ള മുടി കൊഴിച്ചിലിലേക്ക് നയിച്ചത്. വ്യോമാക്രമണത്തിന്റെ കനത്ത ശബ്ദവും പ്രിയപ്പെട്ടവരെ നഷ്ടപ്പെടുമോ എന്ന ഭീതിയും ഉറ്റവരുടെ മരണങ്ങളും കാരണം തീവ്ര മാനസിക ആഘാതത്തിനടിമപ്പെട്ടതാണ് മുടി കൊഴിയാൻ കാരണം.

തനിക്കേറെ പ്രിയങ്കരമായ തന്റെ മുടിയിഴകൾ കൊഴിയുന്നത് കണ്ണീരോടെ നോക്കിനിൽക്കേണ്ടി വരികയാണെന്ന് സമ തബീൽ പറയുന്നു. സമീപ മാസങ്ങളിൽ നടന്ന രൂക്ഷമായ സംഘർഷം, അക്രമം, കുടിയിറക്കൽ, മരണം എന്നിവയുടെ അനന്തരഫലങ്ങൾ ഗസ്സയിലെ എണ്ണമറ്റ കുടുംബങ്ങളെ വരിഞ്ഞു മുറുക്കുന്ന അവസ്ഥയാണ്.

യുദ്ധം കാരണം അതിതീവ്രമായ മാനസിക-ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർ ഗസ്സയിലും പരിസരപ്രശേത്തും നിരവധിയാണ്. സംഘർഷ മേഖലകളിലെ കുട്ടികളിൽ സമ്മർദ്ദം മൂലമുള്ള മുടികൊഴിച്ചിൽ കേസുകളുടെ വർധന ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഇത്തരം ആഘാതത്തിന്റെ അനന്തരഫലങ്ങൾ വളരെക്കാലം നീണ്ടുനിൽക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി. ഇത് ദീർഘകാല മാനസികാരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം.

Tags:    
News Summary - The trauma of witnessing a bomb blast: Palestinian girl with hair loss

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.