തൊടുപുഴ: ചെറുപ്പക്കാർ കൃഷിയിൽനിന്ന് അകലുന്നു എന്നും അവർ മണ്ണിലിറങ്ങാൻ മടിക്കുന്നു എന്നും പരിതപിക്കുന്നവർക്ക് മറുപടിയാണ് കുമാരമംഗലം പെരുമ്പിള്ളിച്ചിറ കൊച്ചുപുരക്കൽ കെ.എസ്. അജിത്ത് എന്ന 29കാരന്റെ പച്ചക്കറിത്തോട്ടം. മൂന്നരയേക്കറിൽ പൂർണമായും വള്ളിപ്പയർ മാത്രം കൃഷി ചെയ്താണ് അജിത്ത് എന്ന യുവർഷകൻ മണ്ണിൽ വിസ്മയം തീർത്തിരിക്കുന്നത്. പയർ മാത്രമായി ഇത്രയേറെ സ്ഥലത്ത് കൃഷിചെയ്തിരിക്കുന്ന മറ്റൊരു തോട്ടം ജില്ലയിൽതന്നെ വേറെയില്ല.
കൃഷിയോട് എന്നും താൽപര്യമായിരുന്നു അജിത്തിന്. പത്താം ക്ലാസിൽ പഠിച്ചുതുടങ്ങുമ്പോൾ തന്നെ ചെറിയ തോതിൽ കൃഷിയുണ്ടായിരുന്നു. പിന്നീടാണ് വാണിജ്യാടിസ്ഥാനത്തിൽ കൂടുതൽ വിപുലീകരിച്ചത്. ഇപ്പോൾ വീടിനോട് ചേർന്ന മൂന്നരയേക്കർ വരുന്ന വള്ളിപ്പയർ തോട്ടത്തിന്റെ പരിപാലനത്തിനും വിളവെടുപ്പിനും വിപണനത്തിനുമായി മാറ്റിവെച്ചിരിക്കുകയാണ് അജിത്ത് തന്റെ സമയം മുഴുവൻ. കഴിഞ്ഞവർഷം വാഴകൃഷിയാണ് പരീക്ഷിച്ചത്.
മൂവായിരത്തിഅഞ്ഞൂറോളം വാഴ കൃഷി ചെയ്തിരുന്നു. കായ വില കുറഞ്ഞതോടെയാണ് ഇത്തവണ പയർ കൃഷിയിലേക്ക് തിരിഞ്ഞത്. മൈസൂരിൽനിന്ന് മികച്ച ഉൽപ്പാദനശേഷിയുള്ള തൈകൾ എത്തിച്ചായിരുന്നു കൃഷി. ഒരേക്കറിൽ നിന്ന് മൂന്നൂറ് കിലോ വരെ പയർ ലഭിക്കുമെന്ന് അജിത്ത് പറയുന്നു. വർഷത്തിൽ മൂന്ന് തവണ വരെ വിളവെടുക്കാം. നിയന്ത്രിത രീതിയിൽ രാസവളവും ജൈവ വളവും ഉപയോഗിച്ചാണ് കൃഷി. പയർ പാകമാകുന്ന ഘട്ടത്തിൽ രാസവളങ്ങൾ ഉപയോഗിക്കാറില്ല. തിരിനനയും കൃത്യതാ കൃഷിയും പോലെ കൂടുതൽ ശാസ്ത്രീയമായ രീതികൾ അവലംബിച്ച് ഉൽപ്പാദനം വർധിപ്പിക്കാനുള്ള മാർഗങ്ങളും ആലോചിക്കുന്നുണ്ട്.
വിപണിയുടെയും വിലയുടെയും സാധ്യതകൾ മുൻകൂട്ടി വിലയിരുത്തിയാണ് ഓരോ വർഷവും അജിത്ത് കൃഷിയിലേക്കിറങ്ങുന്നത്. ദൈനംദിനം ഉപയോഗിക്കുന്ന പച്ചക്കറികളിൽ പയറിന് ആവശ്യക്കാർ ഏറെയാണെന്ന് മനസ്സിലാക്കിയാണ് ഇതിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചത്. നിലവിൽ തൊടുപുഴ നഗരത്തിലും പ്രാന്തപ്രദേശങ്ങളിലുമുള്ള പച്ചക്കറി വിൽപ്പന കേന്ദ്രങ്ങളിൽ അജിത്ത് ഉൽപ്പാദിപ്പിക്കുന്ന വള്ളിപ്പയർ എത്തുന്നുണ്ട്. അടുത്ത ഘട്ടത്തിൽ വിപണനം എറണാകുളം ജില്ലയിലേക്ക് കൂടി വ്യാപിപ്പിക്കുകയാണ് ലക്ഷ്യം.
പയർ കൃഷിക്ക് പുറമെ പ്രതിദിനം നൂറ് ലിറ്ററിലധികം പാൽ ഉൽപ്പാദിപ്പിക്കുന്ന ഡയറി ഫാമുമുണ്ട്. കൃഷിയോടൊപ്പം സർക്കാർ ജോലിക്കുള്ള ശ്രമങ്ങളും അജിത്ത് നടത്തിവരുന്നു. ജോലിയും കൃഷിയും ഒരുമിച്ച് കൊണ്ടുപോകാനാണ് താൽപര്യം. കൃഷിയിൽ പിന്തുണയും പ്രോത്സാഹനവുമായി ഭാര്യ അനൂജയും ഒപ്പമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.