ആലത്തൂർ: ഡിജിറ്റൽ സേവനങ്ങൾ കർഷകർക്ക് ലഭ്യമാക്കാൻ ആലത്തൂരിൽ 'നിറ' പദ്ധതി സജ്ജമാക്കുന്നു. ആലത്തൂർ നിയോജക മണ്ഡലം സമഗ്ര കാർഷിക വികസന പദ്ധതിയാണിത്. കർഷകർക്ക് ഇന്റർനെറ്റ് അധിഷ്ഠിത സേവനങ്ങൾ സമയബന്ധിതമായി ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇ-സേവനങ്ങൾക്കായി അക്ഷയ കേന്ദ്രങ്ങളെയോ ജനസേവന കേന്ദ്രങ്ങളെയോയാണ് കർഷകർ നിലവിൽ ആശ്രയിക്കുന്നത്.
കോവിഡ് സാഹചര്യത്തിൽ യഥാസമയം അപേക്ഷകൾ നൽകാൻ കഴിയാതെ പലർക്കും ആനുകൂല്യം നഷ്ടപ്പെടുകയും ചെയ്യുന്നുണ്ട്. ഇത് പരിഹരിക്കുകയാണ് പദ്ധതി ലക്ഷ്യം. ആലത്തൂർ നിയോജക മണ്ഡലത്തിൽ ഏഴ് പഞ്ചായത്തുകളിലെ 177 പാടശേഖരങ്ങളിലായി 13,000 നെൽ കർഷകരാണുള്ളത്.
'നിറ'യുടെ പഞ്ചായത്തുതല ടെക്നിക്കൽ ടീം കർഷകരുടെ അരികിലെത്തി സേവനങ്ങൾ അറിയിക്കും. ആദ്യഘട്ടത്തിൽ കൃഷി വകുപ്പിന്റെ എയിംസ് പോർട്ടലിൽ കർഷകരുടെ വിവരങ്ങൾ ഉൾപ്പെടുത്തി കർഷക രജിസ്ട്രേഷൻ പൂർത്തിയാക്കും. തുടർന്ന് വിള ഇൻഷുറൻസ് പ്രീമിയം അടക്കാൻ പാടശേഖര സമിതികളെ പോർട്ടലിൽ രജിസ്റ്റർ ചെയ്യിപ്പിക്കും. കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ മേൽനോട്ടവും ഇ-നിറ കോഓഡിനേറ്റർമാരും സഹായത്തിനുണ്ടാവും. സേവനം കൃഷിയിടങ്ങളിൽ എത്തുന്നതോടെ യാത്രയും കുറക്കാം. ഇതിനുള്ള ഫീസ് മണ്ഡലത്തിലാകെ ഒരേ നിരക്കായിരിക്കും. ഓരോ പാടശേഖരങ്ങൾക്കും പ്രത്യേകം ഡിജിറ്റൽ കാമ്പയിനും ഉണ്ടാകും. റോയൽറ്റി പുതുക്കൽ, പ്രകൃതിക്ഷോഭം, വിള ഇൻഷുറൻസ്, കർഷക ക്ഷേമനിധി ബോർഡ് അംഗത്വം, പി.എം കിസാൻ പദ്ധതി എന്നിവയെല്ലാം കർഷകർക്ക് അവരുടെ വീടുകളിലോ പാടവരമ്പത്തോ ഇരുന്ന് നിർവഹിക്കാം.
പദ്ധതിയുടെ നിയോജക മണ്ഡലംതല ഉദ്ഘാടനം ബുധനാഴ്ച ഉച്ചക്ക് 2.30ന് കൃഷി മന്ത്രി പി. പ്രസാദ് ഓൺലൈനായി നിർവഹിക്കും. കെ.ഡി. പ്രസേനൻ എം.എൽ.എ അധ്യക്ഷത വഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനു മോൾ മുഖ്യാതിഥിയാവും. ആലത്തൂർ താലൂക്ക് ഓഫിസിന് മുന്നിലെ മൈതാനിയിലാണ് വേദി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.