കുന്നംകുളം: ബാസ്കറ്റ് ബാളിെൻറ ഈറ്റില്ലമായ കുന്നംകുളത്തിെൻറ കളിക്കളം നിലനിർത്തിയ ജോർജ് ഇനി ഓർമ. എട്ട് ദശകത്തോളം ജീവിതം കളിക്കളമാക്കിയ ബാസ്കറ്റ് ബാൾ കാരണവർ വിടവാങ്ങുമ്പോൾ എണ്ണമറ്റ കളിക്കാരെ വാർത്തെടുത്തതി െൻറ ഓർമയാണ് പഴയകാല കളിക്കാരിൽ ഉണർത്തുന്നത്.
കേരള ബാസ്കറ്റ് ബാൾ അസോസിയേഷൻ ടോപ് സ്കോറർമാരിൽ ഒരാളായിരുന്നു. ആറര പതിറ്റാണ്ട് മുമ്പ് അസോസിയേഷൻ പിറവിയെടുമ്പോൾ തന്നെ ജോർജേട്ടൻ കളിക്കാരനായിരുന്നു. രണ്ട് വർഷത്തിനുശേഷം ജില്ല അസോസിയേഷൻ സെക്രട്ടറിയായി. കുന്നംകുളത്തെ ബാസ്കറ്റ് ബാൾ കോർട്ടിൽ ഹീറോകളായിരുന്ന ഇട്ടിയച്ചൻകുഞ്ഞ്, ഇട്ടേശ്ശൻ അപ്പു, തോമസ് പോൾ, സി.ഐ മത്തായി എന്നിവരുടെ കളി കണ്ടുണ്ടായ ആവേശം ഉൾകൊണ്ടാണ് 1940കളിൽ ചീരൻ വർഗീസ് സഖറിയയുടെ മകൻ ജോർജ് കോർട്ടിലെത്തുന്നത്.
ഇതോടെ വൈ.എം.സി.എ, ഐ.ജി.എ ടീമുകളിലൂടെ രംഗത്തെത്തി. അന്ന് മുതൽ കളിക്കളത്തിലെത്തിയ ജോർജേട്ടന് ഒരു വർഷം മുമ്പ് വരെയും ബാസ്കറ്റ് ബാളിനെക്കുറിച്ച ഓർമച്ചെപ്പ് തുറക്കാൻ ഏറെ പ്രിയമായിരുന്നുവെന്ന് ശിഷ്യരായ കെ.കെ. കൊച്ചുകുട്ടനും കുരുവിള തോമസ് മാസ്റ്ററും പറയുന്നു.
52ൽ ബംഗളൂരുവിൽ നടന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ തിരു-കൊച്ചി ടീം അംഗമായിരുന്നു. 1976 മുതൽ 2002 വരെ സ്പോർട്സ് കൗൺസിൽ പ്രതിനിധിയായ ഇദ്ദേഹം അവസാനം വരെ അസോസിയേഷൻ രക്ഷാധികാരിയുമായിരുന്നു. കളിക്കാരനും സംഘാടകനുമായി വൈ.എം.സി.എ, ഐ.ജി.എ സംഘടന ടീമുകളുടെ പേരിൽ തമിഴ്നാട്ടിലും കേരളത്തിെൻറ നാന മേഖലകളിലും ടൂർണമെൻറുകളിൽ പങ്കെടുത്ത് ബാസ്കറ്റ് ബാളിൽ കുന്നംകുളത്തിെൻറ യശസ്സ് ഉയർത്തിപ്പിടിച്ചു.
തമിഴ്നാട്ടിലെ കരൂർ ടൂർണമെൻറിൽ 67ൽ കോയമ്പത്തൂർ രാജലക്ഷ്മി ടീമിനെ തറപറ്റിച്ച് കുന്നംകുളം ഐ.ജി.എ ടീം ജേതാക്കളായതിന് മുന്നിൽ നിന്ന് ജോർജേട്ടൻ പൊരുതിയത് കുന്നംകുളത്തെ പഴമക്കാരുടെ ഓർമയിൽ മാഞ്ഞു പോകാത്തതാണ്.
സ്പ്രിങ് ഫീൽഡ് യൂനിവേഴ്സിറ്റി ബാസ്കറ്റ് ബോൾ ടീമുമായി പൊരുതിയ കുന്നംകുളം വൈ.എം.സി.എ ടീമിനെ 1952കളിൽ നയിച്ചു. അര നൂറ്റാണ്ട് മുമ്പ് അവധിക്കാലമായാൽ കുന്നംകുളത്തെ കളിക്കാരുടെ പന്ത്രണ്ടംഗ ടീമുമായി ട്രെയിൻ കയറി തമിഴ്നാട്ടിലേക്ക് ടൂർണമെൻറിനായുള്ള യാത്ര. അതിനെ നയിച്ചതും ജോർജേട്ടനായിരുന്നു.
നാഗർകോവിൽ, മധുര, ട്രിച്ചി, കരൂർ ഒടുവിൽ കോയമ്പത്തൂർ ഉൾപ്പെടെ പത്തിലധികം സ്ഥലങ്ങളിൽ മത്സരിച്ച് തിരിച്ചെത്തുമ്പോഴേക്കും 40 ദിവസം പിന്നിടുമെന്ന് അന്നത്തെ കളിക്കാരനായിരുന്ന കൊച്ചു കുട്ടൻ ഓർമിക്കുന്നു. മൂന്നുതവണ കുന്നംകുളത്ത് നടന്ന ഓൾ ഇന്ത്യ ബാസ്കറ്റ് ബാൾ ടൂർണമെൻറ് ഉൾപ്പെടെ ഒട്ടേറെ ടൂർണമെൻറുകൾക്ക് ചീരൻ ജോർജ് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.