നവംബർ-ഡിസംബർ മാസത്തിൽ നടന്ന ലോകകപ്പ് ഫുട്ബാളിൽ ശ്രദ്ധേയമായ കോംപാക്ട് ടൂർണമെന്റ് എന്ന നേട്ടം തന്നെയാണ് ബാസ്കറ്റ്ബാൾ ലോകകപ്പിലും ഖത്തറിന് നേട്ടമാവുന്നത്. ദോഹ നഗരത്തിൽ തന്നെ 32 ടീമുകളുടെയും മത്സരം നടത്താൻ കഴിയുന്നത് ഏറെ പ്രതീക്ഷയോടെയാണ് ഫിബ വിലയിരുത്തുന്നത്.
വെള്ളിയാഴ്ച നടന്ന വേദി പ്രഖ്യാപനത്തിൽ സെക്രട്ടറി ജനറൽ ആന്ദ്രെ സാഗ്ക്ലിസ് ഇക്കാര്യം വ്യക്തമാക്കി. ‘‘ഒരു നഗരത്തിൽ തന്നെ മുഴുവൻ ടീമുകളുടെയും മത്സരം നടക്കുമെന്നതാണ് 2027 ലോകകപ്പിന്റെ പ്രത്യേകത. ആരാധകർക്ക് കൂടുതൽ മത്സരം കാണാനും കളിക്കാർക്ക് അനായാസം ഭാഗമാകാനും അവസരം നൽകും’’-ഫിബ സെക്രട്ടറി ജനറൽ പറഞ്ഞു.
മുൻവർഷങ്ങളിൽ ഓരോ രാജ്യത്തെയും വിവിധ നഗരങ്ങളായിരുന്നു ടൂർണമെന്റ് വേദികളായത്. 2006ൽ ജപ്പാൻ വേദിയായപ്പോൾ സപ്പോറോ മുതൽ ഹിരോഷിമ വരെ രാജ്യത്തിന്റെ ഒരറ്റം മുതൽ മറ്റേയറ്റം വരെയായി അഞ്ചു സ്റ്റേഡിയങ്ങളിലാണ് ടൂർണമെന്റ് നടന്നത്.
2010 ലോകകപ്പിന് തുർക്കിയയായിരുന്നു വേദി. അങ്കാറ, ഇസ്തംബൂൾ, ഇസ്മിർ, കയ്സേരി എന്നീ നഗരങ്ങളിലായി അഞ്ചു വേദികളിലായിരുന്നു മത്സരം. 2014ൽ സ്പെയിൻ വേദിയായപ്പോൾ രാജ്യത്തിന്റെ നാലു ഭാഗങ്ങളിലെ പ്രധാന നഗരങ്ങളിലായി (സെവിയ്യ, മഡ്രിഡ്, ഗ്രനഡ, ബാഴ്സലോണ, ബിൽബാവോ) ടൂർണമെന്റ് നടന്നു. 2019ൽ ചൈനയിലും വേദികൾക്കിടയിൽ ആയിരം കിലോമീറ്ററിനു മുകളിലായിരുന്നു ദൂരം.
ബെയ്ജിങ്, നാൻജിങ്, ഷാങ്ഹായ്, ഗ്വാങ്ഡോങ്, വുഹാൻ എന്നീ നഗരങ്ങൾ. ഈ വർഷം ആഗസ്റ്റിൽ 19ാമത് ലോകകപ്പ് നടക്കുന്നത് ഫിലിപ്പീൻസ്, ജപ്പാൻ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലാണ്. ഇവിടെ നിന്നാണ്, 2027ൽ ദോഹ നഗരത്തിൽ മാത്രമായി വിശ്വമേളക്ക് വേദിയൊരുങ്ങുന്നത് എന്ന പ്രത്യേകതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.