തൃശൂർ: അക്കൗണ്ടിൽ മിനിമം ബാലൻസ് സൂക്ഷിക്കാത്ത ഇടപാടുകാരിൽനിന്ന് പിഴ ഈടാക്കുന്നത് അവസാനിപ്പിച്ച സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വഴിയേ പോകാൻ മടിച്ച് രാജ്യത്തെ മറ്റ് 11 പൊതുമേഖല ബാങ്കുകൾ. അഞ്ചു വർഷത്തിനിടെ ഈ ബാങ്കുകൾ പിഴയിനത്തിൽ സമാഹരിച്ചത് 8500 കോടിയോളം രൂപയാണ്.
പഴയ കണക്കുകളെ അപേക്ഷിച്ച് 34 ശതമാനമാണ് വർധന. 2019-‘20 സാമ്പത്തികവർഷം മുതൽ ഇതുവരെയുള്ള കണക്കാണിത്. ലോക്സഭയിൽ ധനകാര്യ സഹമന്ത്രിയാണ് കണക്ക് വെളിപ്പെടുത്തിയത്.
എസ്.ബി.ഐ 2020ൽ മിനിമം ബാലൻസിന് പിഴ ഈടാക്കുന്നത് അവസാനിപ്പിച്ചിരുന്നു.
പഞ്ചാബ് നാഷനൽ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്, യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യ, യൂകോ ബാങ്ക് എന്നിവ മൂന്നു മാസം കൂടുമ്പോഴും ഇന്ത്യൻ ബാങ്ക്, കനറാ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ എന്നിവ പ്രതിമാസവും അക്കൗണ്ട് ബാലൻസ് പരിശോധിച്ചാണ് പിഴ ഈടാക്കുന്നത്.
വിവിധ ബാങ്കുകൾ പല രീതിയിലാണ് മിനിമം ബാലൻസ് നിശ്ചയിച്ചിരിക്കുന്നത്. കനറാ ബാങ്ക് സേവിങ്സ് അക്കൗണ്ടിന് മെട്രോ, നഗര പ്രദേശങ്ങളിൽ 2000 രൂപയും അർധ-നഗര പ്രദേശങ്ങളിൽ 1000 രൂപയും ഗ്രാമങ്ങളിൽ 500 രൂപയും പ്രതിമാസം അക്കൗണ്ടിലുണ്ടാകണം.
ഇതിൽ വീഴ്ചവന്നാൽ ബാലൻസ് കുറവനുസരിച്ച് 25 മുതൽ 45 രൂപ വരെ ജി.എസ്.ടിയും ഈടാക്കും. കറന്റ് അക്കൗണ്ടിൽ മെട്രോയിൽ 7500, നഗരങ്ങളിൽ 5000, അർധ-നഗരങ്ങളിൽ 2000, ഗ്രാമങ്ങളിൽ 1000 രൂപ എന്നിങ്ങനെ മിനിമം വേണമെന്നാണ് വ്യവസ്ഥ. ഇതിൽ കുറവുണ്ടായാൽ പ്രതിദിനം 60 രൂപ മുതൽ മാസം 500 രൂപ വരെയും ജി.എസ്.ടിയും പിഴ ചുമത്തും.
മൂന്നു മാസം കൂടുമ്പോൾ മിനിമം ബാലൻസ് പരിശോധിക്കുന്ന പഞ്ചാബ് നാഷനൽ ബാങ്കിന്റെ സേവിങ്സ് അക്കൗണ്ടിൽ മെട്രോ, നഗര പ്രദേശങ്ങളിൽ 2000, അർധ-നഗരങ്ങളിൽ 1000, ഗ്രാമങ്ങളിൽ 500 രൂപ എന്നിങ്ങനെയാണ് പ്രതിമാസം ഉണ്ടാകേണ്ടത്. 100 മുതൽ 250 രൂപ വരെയാണ് പിഴത്തുക. കറന്റ് അക്കൗണ്ടിന് മെട്രോയിൽ 10,000, നഗരങ്ങളിൽ 5000, അർധ-നഗരങ്ങളിൽ 2000, ഗ്രാമങ്ങളിൽ 1000 എന്നിങ്ങനെ സൂക്ഷിക്കണം. ഇതിലെ വീഴ്ചക്ക് 400 മുതൽ 600 രൂപ വരെ പിഴ ചുമത്തും.
മിനിമം ബാലൻസിലെ കുറവ് പരിഹരിക്കാൻ ബാങ്കുകൾ ഇടപാടുകാർക്ക് നിശ്ചിത സമയം അനുവദിക്കണമെന്നാണ് കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം പാർലമെന്റിൽ പറഞ്ഞത്.
അക്കൗണ്ട് തുടങ്ങുമ്പോൾ മിനിമം ബാലൻസിനെക്കുറിച്ചും അതിൽ കാലാകാലം വരുന്ന മാറ്റങ്ങളെക്കുറിച്ചും വ്യക്തമാക്കണമെന്ന് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി കഴിഞ്ഞ ദിവസം ലോക്സഭയിൽ നിർദേശിച്ചു.
മിനിമം ബാലൻസിനെക്കാൾ താഴെ പോയ ഇടപാടുകാരെ അക്കാര്യം അറിയിച്ച് പ്രശ്നം പരിഹരിക്കാൻ ഒരു മാസം സമയം അനുവദിക്കണം. അക്കൗണ്ടിൽ ഒന്നും ബാലൻസില്ലാത്ത വിധത്തിൽ പിഴ ചുമത്തരുതെന്നും കേന്ദ്രം ബാങ്കുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.