പാലക്കാട്ടെ ഏറ്റവും വലിയ മാളുമായി ഹൈലൈറ്റ്

പാലക്കാടിന്റെ ഷോപ്പിംഗ് കേന്ദ്രമാകാന്‍ ഒരുങ്ങുകയാണ് മണ്ണാര്‍ക്കാട്. ജില്ലയിലെ ഏറ്റവും വലിയ മാളായ ഹൈലൈറ്റ് സെന്ററിന്റെ നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍, മണ്ണാര്‍ക്കാട് എന്ന ഇടത്തരം നഗരത്തിന്റെ ഷോപ്പിംഗ് സംസ്‌കാരത്തില്‍ വലിയ മാറ്റമാണ് വരാനിരിക്കുന്നത്. നഗരത്തോട് ചേര്‍ന്നുള്ള എട്ട് ഏക്കറില്‍ ഏകദേശം ഏഴ് ലക്ഷം ചതുരശ്രയടിയിലാണ് ഈ മാള്‍ ഒരുങ്ങുന്നത്.

മലപ്പുറം, പാലക്കാട് ജില്ലക്കാര്‍ക്ക് എളുപ്പത്തില്‍ എത്താം

56000 ചതുരശ്രയടി വിസ്തൃതിയിലാണ് ഹൈലൈറ്റ് സെന്ററിനുള്ളിലെ പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ് ഒരുങ്ങുക. അഞ്ച് സ്‌ക്രീനുകളിലായി 1000 സീറ്റുകളൊരുക്കി ഹൈലൈറ്റിന്റെ പ്രത്യേകതയായ പലാക്‌സി സിനിമാസ് മള്‍ട്ടിപ്ലക്‌സ് തിയേറ്ററും ഇതിന്റെ ഭാഗമാകും. വിനോദ മേഖലയ്ക്ക് മാത്രമായി 20000 ചതുരശ്രയടിയാണ് മാളില്‍ മാറ്റിവെച്ചിരിക്കുന്നത്.

1300 പേര്‍ക്ക് ഇരിക്കാവുന്ന ബാന്‍ക്വറ്റ് ഹാളും മാളിലുണ്ട്. ഏകദേശം 750ലേറെ വാഹനങ്ങള്‍ക്ക് ഒരേസമയം പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും ഇവിടെ ഒരുക്കുന്നുണ്ട്.

മലപ്പുറം, പാലക്കാട് ജില്ലകളുടെ വിവിധ ഭാഗങ്ങളിലുള്ളവര്‍ക്ക് എളുപ്പത്തില്‍ എത്തിപ്പെടാവുന്ന നഗരമാണ് മണ്ണാര്‍ക്കാട് എന്നത് മാളിന്റെ പ്രസക്തി വര്‍ധിപ്പിക്കുന്നു. പാലക്കാട്-കോഴിക്കോട് റൂട്ടിലെ ഏറ്റവും വലിയ നഗരം കൂടിയാണ് മണ്ണാര്‍ക്കാട്.

ഹൈലൈറ്റ് സെന്റര്‍ മണ്ണാര്‍ക്കാടിന് മികച്ച ഷോപ്പിംഗ് അനുഭവങ്ങള്‍ നല്‍കുന്നതിനൊപ്പം പ്രാദേശിക സാമ്പത്തിക വളര്‍ച്ചയ്ക്കും ഗുണകരമാകുമെന്ന് ഹൈലൈറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ പി. സുലൈമാന്‍ പറയുന്നു.

കേരളത്തിലെ ആദ്യ മാളായ ഫോക്കസ് മാള്‍ 2007ല്‍ കോഴിക്കോട്ട് തുറന്നുകൊണ്ട് സംസ്ഥാനത്ത് മാള്‍ സംസ്‌കാരത്തിന് തുടക്കമിട്ട ഹൈലൈറ്റ് ഗ്രൂപ്പില്‍ നിന്നുള്ളതാണ് ഈ മാള്‍ എന്നതും ശ്രദ്ധേയം. ഹൈലൈറ്റ് മാള്‍ കോഴിക്കോട്, ഹൈലൈറ്റ് മാള്‍ തൃശൂര്‍, ഹൈലൈറ്റ് കണ്‍ട്രിസൈഡ് ചെമ്മാട്, ഹൈലൈറ്റ് ബൊലെവാഡ് കൊച്ചി, ഹൈലൈറ്റ് സെന്റര്‍ നിലമ്പൂര്‍ തുടങ്ങിയവയാണ് ഹൈലൈറ്റില്‍ നിന്നുള്ള മറ്റു ഷോപ്പിംഗ് മാളുകള്‍.

വിദേശ ഷോപ്പിംഗ് അനുഭവം

വിദേശ രാജ്യങ്ങളിലെ ഷോപ്പിംഗ് അനുഭവം കേരളത്തിലും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹൈലൈറ്റ് ഗ്രൂപ്പ്, മാള്‍ പദ്ധതികള്‍ നടപ്പിലാക്കുന്നത്. വലിയ നഗരങ്ങള്‍, ഇടത്തരം നഗരങ്ങള്‍, ചെറു പട്ടണങ്ങള്‍ എന്നിങ്ങനെ തരം തിരിച്ചാണ് വ്യത്യസ്ത വലിപ്പത്തിലും സൗകര്യങ്ങളിലും മാളുകള്‍ നിര്‍മിക്കുന്നത്.

മണ്ണാര്‍ക്കാട് പോലുള്ള ഇടത്തരം നഗരങ്ങളില്‍ ഹൈലൈറ്റ് സെന്റര്‍ എന്ന പേരിലാണ് ഇത് തുറക്കുന്നത്. ചെമ്മാട് പോലുള്ള ചെറുപട്ടണങ്ങളില്‍ ഹൈലൈറ്റ് കണ്‍ട്രി സൈഡ് മാളുകളും വലിയ നഗരങ്ങളില്‍ മാളുകളും നിര്‍മിച്ചു വരുന്നു ണ്ട്. ചെമ്മാടുള്ള പദ്ധതിയുടെ നിര്‍മാണം നടന്നുകൊണ്ടിരിക്കുകയാണ്.

Tags:    
News Summary - biggest hilite mall in manarcad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT