അനന്തവിസ്മയങ്ങളുടെ കലവറയാണ് പ്രകൃതി. എന്നാൽ, പ്രകൃതി ഒരുക്കിയ ഒരു അത്ഭുതപ്രതിഭാസത്തെ ബുദ്ധിപൂർവം തങ്ങളുടെ മാർക്കറ്റിങ്ങിന് ഉപയോഗിക്കുകവഴി പ്രകൃതിയെ പോലും അമ്പരപ്പിച്ചുകളഞ്ഞ ഒരു കമ്പനിയുണ്ട്. മാസ്റ്റർ കാർഡ്..!!ഒരു വൃത്തത്തിന് മുകളിലേക്ക് അല്പം കടന്നുകയറിനിൽക്കുന്ന മറ്റൊരുവൃത്തം. ഇതാണ് മാസ്റ്റർ കാർഡിന്റെ ലോഗോ. ഗ്രഹണസമയത്തെ സൂര്യചന്ദ്രന്മാരുടെ ചിത്രമാണ് ഈ ലോഗോ കാണുന്നമാത്രയിൽ നമ്മുടെ മനസ്സിൽ തെളിഞ്ഞുവരാറുള്ളത്. ഈ സമാനതയാണ് മാസ്റ്റർ കാർഡ് അതിവിദഗ്ധമായി മാർക്കറ്റിങ് കാമ്പയിനിനായി ഉപയോഗപ്പെടുത്തിയത്.
2019 ഡിസംബർ 26നാണ് നൂറ്റാണ്ടിൽ ഒരിക്കൽമാത്രം സംഭവിക്കുന്ന പൂർണ സൂര്യഗ്രഹണം സംഭവിച്ചത്. അറബ് രാജ്യങ്ങളിലും മറ്റു ദക്ഷിണേഷ്യൻ രാജ്യങ്ങളിലും മാത്രമേ ഈ സൂര്യഗ്രഹണം ദൃശ്യമായിരുന്നുള്ളൂ. അതേസമയത്ത് ഭൂമിയിൽ മാസ്റ്റർ കാർഡ് മറ്റൊരു വിസ്മയത്തിന്റെ അരങ്ങുതീർത്തു.
ദുബൈയിലെ പ്രമുഖ ഇ-കോമേഴ്സ് പ്ലാറ്റ്ഫോമായ 'നൂം' (Noom) മായി ചേർന്ന് മാസ്റ്റർ കാർഡ് തയാറാക്കിയ ഈ കാമ്പയിനിന് അവരിട്ട പേര് 'ആസ്ട്രോണമിക്കൽ സെയിൽസ് (Astronomical Sales)' എന്നായിരുന്നു. ഏതാണ്ട് മൂന്നു മിനിറ്റ് 40 സെക്കൻഡ് നീണ്ടു നിൽക്കുന്ന ഈ ഗ്രഹണസമയത്ത് നൂം പ്ലാറ്റ്ഫോം വഴി മാസ്റ്റർ കാർഡ് ഉപയോഗിച്ച് ആര് എന്ത് ഉൽപന്നം വാങ്ങിയാലും അവർക്ക് മുമ്പെങ്ങും ലഭിക്കാത്ത ഡിസ്കൗണ്ട് ലഭിക്കും.
ചന്ദ്രൻ സൂര്യനെ മറക്കുന്നതിനനുസരിച്ച് നൂം പ്ലാറ്റ്ഫോമിലെ ഉൽപന്നങ്ങളുടെ വില കുറഞ്ഞുകൊണ്ടേയിരിക്കും. പക്ഷേ, ഡിസ്കൗണ്ട് ലഭിക്കണമെങ്കിൽ മാസ്റ്റർ കാർഡ് ഉപയോഗിച്ച് തന്നെ പർച്ചേസ് ചെയ്യണം. ഈ രീതിയിൽ സൂര്യൻ പൂർണമായി മറയ്ക്കപ്പെട്ട 80 സെക്കൻഡിനിടെ പല ഉൽപന്നങ്ങൾക്കും 97 ശതമാനം വരെ വില കുറഞ്ഞിട്ടുണ്ട്. മാത്രമല്ല, ഈ സമയത്ത് പർച്ചേസ് നടത്തിയവരിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്ന രണ്ടുപേർക്ക് പ്രത്യേക സമ്മാനങ്ങളും ലഭിക്കും.
ഇനി ഈ കാമ്പയിൻ കൊണ്ട് മാസ്റ്റർ കാർഡിനുണ്ടായ നേട്ടം എന്താണെന്ന് അറിയണ്ടേ? ഗ്രഹണദിവസത്തിന്റെ നാല് ദിവസം മുമ്പാണ് മാസ്റ്റർ കാർഡ് ഇങ്ങനെയൊരു കാമ്പയിൻ പുറത്തുവിട്ടത്. ഈ നാലു ദിവസത്തിനിടെ 15,000 ഓളം പുതിയ ഉപഭോക്താക്കളാണ് ഈ സെയിലിൽ പങ്കെടുക്കാൻ വേണ്ടി മാത്രം മാസ്റ്റർ കാർഡ് സ്വന്തമാക്കാൻ താല്പര്യപ്പെട്ട് മുന്നോട്ടുവന്നത്. മാത്രമല്ല, നൂം പ്ലാറ്റ്ഫോമിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ സന്ദർശകരെ ലഭിക്കുകയും ഏറ്റവും കൂടുതൽ പർച്ചേസ് നടക്കുകയും ചെയ്ത നിമിഷങ്ങളായിരുന്നു ആ മൂന്നു മിനിറ്റ് 40 സെക്കൻഡ്.
ഗ്രഹണസമയത്ത് രണ്ട് തവണ മാസ്റ്റർ കാർഡിന്റെ ലോഗോ ആകാശത്ത് പ്രത്യക്ഷപ്പെട്ടു. ഒന്ന്, ചന്ദ്രൻ സൂര്യനെ മറച്ചുതുടങ്ങുമ്പോഴും. രണ്ടാമത്, സൂര്യൻ ഗ്രഹണത്തിൽനിന്ന് പുറത്തുവരുമ്പോഴും...!!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.