അദാനി കമ്പനികളിലെ വിദേശ നിക്ഷേപകരുടെ പേരുകൾ പുറത്ത്; തായ് വാൻ, യു.എ.ഇ സ്വദേശികൾക്ക് അദാനി സഹോദരങ്ങളുമായി അടുത്ത ബന്ധം

ന്യൂഡൽഹി: ഇന്ത്യയിലെ കുത്തക മുതലാ‍ളിയായ ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി ഗ്രൂപ്പ് കമ്പനികളിൽ രഹസ്യ നിക്ഷേപം നടത്തിയ വിദേശികളുടെ പേരുകൾ പുറത്ത്. തായ് വാൻ സ്വദേശി ചാങ് ചുങ് ലിങ്, യു.എ.ഇ സ്വദേശി നാസർ അലി ഷഹബാൻ അലി എന്നിവരാണ് രഹസ്യ നിക്ഷേപം നടത്തിയ വിദേശികൾ. മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മമായ ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിങ് പ്രോജക്ട് (ഒ.സി.സി.ആർ.പി) ആണ് സുപ്രധാന വിവരങ്ങൾ പുറത്തുവിട്ടത്.

ഇരുവരും ഗൗതം അദാനിയുടെ സഹോദരൻ വിനോദ് അദാനിയുടെ കമ്പനിയിലെ ഡയറക്ടർമാരാണ്. മൗറീഷ്യസ് ആസ്ഥാനമായ കമ്പനി വഴിയാണ് തായ് വാൻ, യു.എ.ഇ സ്വദേശികൾ ഓഹരി വാങ്ങി കൂട്ടിയതെന്നും ഒ.സി.സി.ആർ.പി വെളിപ്പെടുത്തുന്നു.

അദാനി കമ്പനികളുടെ ഓഹരി മൂല്യം ഉയർത്തുന്നതിന് വലിയ രീതിയിലുള്ള ക്രമക്കേടുകൾ നടത്തിയെന്ന് യു.എസ് ആസ്ഥാനമായുള്ള സാമ്പത്തിക ഗവേഷക സ്ഥാപനമായ ഹിൻഡൻബെർഗിന്‍റെ റിപ്പോർട്ട് കഴിഞ്ഞ ജനുവരിയിൽ പുറത്തുവിട്ടിരുന്നു. ഇത് ആഗോള തലത്തിൽ വലിയ ചലനങ്ങൾക്കും ആരോപണങ്ങൾക്കും വഴിവെച്ചു.

കൂടാതെ, അദാനി ഗ്രൂപ്പിന്‍റെ ഓഹരികളിൽ കനത്ത ഇടിവിന് റിപ്പോർട്ടിലെ വെളിപ്പെടുത്തൽ കാരണമാവുകയും ചെയ്തു. ആദാനി ഗ്രൂപ്പിന്‍റെ ഓഹരികൾ കമ്പനിയുമായി ബന്ധമുള്ള ആളുകൾ തന്നെ വാങ്ങുകയും ഓഫ്ഷോർ കമ്പനികൾ വഴി ഓഹരി മൂല്യം ഉയർത്തിയെന്നുമായിരുന്നു ഹിൻഡൻബെർഗ് റിപ്പോർട്ട്. ഈ റിപ്പോർട്ട് ശരിവെക്കുന്നതാണ് ഒ.സി.സി.ആർ.പി വെളിപ്പെടുത്തൽ.

സാഹചര്യ തെളിവുകളെ ബന്ധപ്പെടുത്തി കൊണ്ടുള്ള അനുമാനങ്ങളാണ് ഹിൻഡൻബെർഗ് റിപ്പോർട്ടിലുള്ളത്. എന്നാൽ, ഹിൻഡൻബെർഗ് റിപ്പോർട്ടിലെ അനുമാനങ്ങൾ ശരിവെക്കുന്ന രേഖകളാണ് ഒ.സി.സി.ആർ.പിക്ക് ലഭിച്ചത്.

2010നും 2013നും ഇടക്ക് അദാനി പവർ മഹാരാഷ്ട്രക്കും അദാനി പവർ രാജസ്ഥാനും വേണ്ടി പവർ എക്യുപ്മെന്‍റുകൾ ചൈന, കൊറിയ എന്നീ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്തിരുന്നു. എന്നാൽ, എക്യുപ്മെന്‍റുകൾ മാത്രം ഇന്ത്യയിലേക്ക് വരുകയും ഇൻവോയ്സുകൾ ദുബൈയിലെ വിനോദ് അദാനിയുടെ കമ്പനിയിലേക്കാണ് അയച്ചത്. ഈ കമ്പനി പണം കൂടുതൽ കാണിച്ച് ഇന്ത്യയിലേക്ക് അയച്ചു. ഏകദേശം നാലായിരം കോടി രൂപയോളം ഇന്ത്യയിൽ നിന്ന് പുറത്തേക്ക് കടത്തി. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്‍റലിജൻസിന്‍റെ (ഡി.ആർ.ഐ) കേസായിരുന്നു ഇത്.

2014 മെയ് 14ന് മോദി സർക്കാർ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് ഒരു ദിവസം മുമ്പ് ഈ കേസിൽ ഡി.ആർ.ഐ കുറ്റപത്രം സമർപ്പിച്ചിരുന്നു. മോദി സർക്കാർ അധികാരത്തിലേറിയതോടെ കേസിൽ അന്വേഷണം നടന്നില്ല. തുടർന്ന് ഡി.ആർ.ഐയുടെ ബന്ധപ്പെട്ട അതോറിറ്റി കേസിൽ ക്ലീൻ ചിറ്റ് നൽകി.

നാലായിരം കോടി രൂപ ഇന്ത്യയിൽ നിന്ന് ദുബൈയിലേക്കും തുടർന്ന് മൗറീഷ്യസിലേക്കും പോയെന്നും അവിടെ നിന്ന് എവിടേക്കാണ് പണം പോയതെന്ന് അറിയില്ലെന്നുമാണ് ഡി.ആർ.ഐ അന്വേഷണത്തിൽ കണ്ടെത്തിയത്. മൗറീഷ്യസിൽ നിന്ന് പണം ആരുടെ പക്കൽ പോയെന്നാണ് ഒ.സി.സി.ആർ.പി കണ്ടെത്തിയിട്ടുള്ളത്.

മൗറീഷ്യസിൽ എത്തിയ പണത്തിൽ 100 മില്യൻ () വിനോദ് അദാനി രൂപകരിച്ച രണ്ട് കമ്പനികളിൽ ഒരെണ്ണം മറ്റേ കമ്പനിക്ക് വായ്പ കൊടുത്തെന്ന് ഒ.സി.സി.ആർ.പിക്ക് ലഭിച്ച രേഖകൾ പ്രകാരം കണ്ടെത്തി. കടം കൊടുത്തതും വാങ്ങിയതുമായ രേഖകളിൽ ഒപ്പ് വെച്ചിട്ടുള്ളത് വിനോദ് അദാനി തന്നെയാണ്. ഈ 100 മില്യൻ ബർമൂഡയിലുള്ള ഗ്ലോബൽ ഓപ്പർച്യുനിറ്റി ഫണ്ടിൽ നിക്ഷേപിച്ചു. ആ ഫണ്ട് പിന്നീട് മൗറീഷ്യസിലേക്ക് തിരികെ കൊണ്ട് വന്ന് മറ്റൊരു ഫണ്ടിൽ നിക്ഷേപിച്ചു. ഈ ഫണ്ട് അദാനി കമ്പനിയുടെ ഓഹരി വാങ്ങിക്കാൻ ഉപയോഗിച്ചെന്നും മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയിൽ അംഗമായ മാധ്യമപ്രവർത്തകൻ രവി നായർ ചൂണ്ടിക്കാട്ടുന്നു.

അദാനിയുടെ സ്ബസിഡീയറി കമ്പനികളിൽ ഡയറക്ടറായിരുന്ന ചാങ് ചുങ് ലിങ് ആണ് ചൈനയിലെ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നത്. നാസർ അലി ഷഹബാൻ അലിയും അദാനിയുടെ വ്യാപാര പങ്കാളിയാണ്. 2000-2004ലും ഇടക്ക് വജ്ര കയറ്റുമതിയിൽ തിരിമറി നടത്തി കോടികൾ സമ്പാദിച്ചെന്ന ഡി.ആർ.ഐ കേസിൽ ചാങ് ചുങ് ലിങ്ങിന്‍റെയും നാസർ അലി ഷഹബാൻ അലിയുടെയും പേരുണ്ടായിരുന്നു. മോദി സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെ ഈ കേസിലും ക്ലീൻ ചിറ്റ് നൽകി.

Tags:    
News Summary - Adani family secretly invested in own shares, documents Out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.