310 മില്യൺ ഡോളർ സ്വിസ് അധികൃതർ മരവിപ്പിച്ചെന്ന ആരോപണം തള്ളി അദാനി ഗ്രൂപ്പ്

ന്യൂഡൽഹി: തങ്ങളുടെ അക്കൗണ്ടുകളിലെ 310 മില്യൺ ഡോളർ സ്വിറ്റ്സർലാൻഡ് സർക്കാർ മരവിപ്പിച്ചുവെന്ന ഹിൻഡൻബർഗ് ആരോപണം നിഷേധിച്ച് അദാനി ഗ്രൂപ്പ്. സ്വിറ്റ്സർലൻഡിലെ ഏതെങ്കിലും കോടതി നടപടികളിൽ തങ്ങൾ ഭാഗമല്ല. തങ്ങളുടെ അക്കൗണ്ടുകളിൽ നിന്ന് ഒരു തരത്തിലുള്ള പണം പിടിച്ചെടുക്കലുമുണ്ടായിട്ടില്ല. പറയപ്പെടുന്ന കോടതി ഉത്തരവിൽ തങ്ങളുടെയോ ഗ്രൂപ്പ് കമ്പനികളുടെയോ പേരുപോലും പരാമർശിച്ചിട്ടില്ല. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും തങ്ങളുടെ എല്ലാ പ്രവർത്തനങ്ങളും സുതാര്യവും നിയമവിധേയവുമാണെന്നും അദാനി ഗ്രൂപ്പ് പ്രസ്താവനയിൽ പറഞ്ഞു.

അദാനി ഗ്രൂപ്പിന്റെ കള്ളപ്പണം വെളുപ്പിക്കലും സെക്യൂരിറ്റി അന്വേഷണവുമായി ബന്ധപ്പെട്ട് അഞ്ചോളം ബാങ്ക് അക്കൗണ്ടുകളിലെ 310 മില്യൺ ഡോളർ സ്വിറ്റ്സർലാൻഡ് സർക്കാർ മരവിപ്പിച്ചുവെന്നാണ് ഹിൻഡൻബർഗ് റിസർച് ആരോപിച്ചത്. 2021ലാണ് ഇത്തരത്തിൽ പണം മരവിപ്പിച്ചതെന്നും ഹിൻഡൻബർഗ് റിപ്പോർട്ട് ചെയ്യുന്നു.

സ്വിസ് മീഡിയ ഔട്ട്​ലെറ്റായ ഗോതം സിറ്റിയാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തതെന്നും ഹിൻഡൻബർഗ് വിശദീകരിക്കുന്നു. ഫെഡറൽ ക്രിമിനൽ കോർട്ടിന്റെ ഉത്തരവ് പ്രകാരം ജനീവ പബ്ലിക് പ്രോസിക്യൂട്ടറാണ് അദാനിക്കെതിരായ കേസുകളിൽ അന്വേഷണം നടത്തുന്നത്. അദാനിയുടെ ബിനാമിയുടെ പേരിൽ നിക്ഷേപിക്കപ്പെട്ട പണം സംബന്ധിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്നും ഹിൻഡൻബർഗ് വിശദീകരിച്ചിട്ടുണ്ട്.

നേരത്തെ, ഇന്ത്യൻ ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സ്ഥാപനമായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) ചെയർപേഴ്സൻ മാധബി പുരി ബുച്ചിനും ഭർത്താവിനും അദാനി ഗ്രൂപ്പിന്‍റെ വിദേശ രഹസ്യ കമ്പനികളിൽ നിക്ഷേപമുണ്ടെന്ന റിപ്പോർട്ട് ഹിൻഡൻബർഗ് പുറത്തുവിട്ടത് ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു. നേരത്തേ തങ്ങൾ പുറത്തുവിട്ട അദാനി ഓഹരിത്തട്ടിപ്പിൽ വിശദമായ അന്വേഷണത്തിന് സെബി തയാറാകാതിരുന്നത് ഈ ബന്ധം കാരണമാണെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

Tags:    
News Summary - Adani Group rejects Hindenburg claim of Swiss banks' $310 million funds freeze

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.