ന്യൂഡൽഹി: ഇസ്രായേലിലെ ഹൈഫ തുറമുഖം ഏറ്റെടുക്കുന്നതിനായി മുഴുവൻ തുകയും ഗൗതം അദാനി നൽകിയെന്ന് ഇസ്രായേൽ അംബാസിഡർ നോർ ഗിലോൺ . ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള നയതന്ത്ര ബന്ധം 30 വർഷം പിന്നിടുന്ന സാഹചര്യത്തിലാണ് തുറമുഖം അദാനി ഏറ്റെടുക്കുന്നത്. വിവിധ സെക്ടറുകളിൽ അദാനി ഗ്രൂപ്പിന്റെ നിക്ഷേപം ഇനിയും പ്രതീക്ഷിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
മെഡിറ്റനേറിയൻ കടലിൽ ഞങ്ങൾക്ക് രണ്ട് തുറമുഖങ്ങളുണ്ട്. അത് തന്ത്രപ്രധാനമായ ആസ്തിയാണ്. അതാണ് ഒരു ഇന്ത്യൻ കമ്പനിക്ക് നൽകുന്നത്. വലിയ വിശ്വാസമുള്ളതിനാണ് ആദാനിക്ക് തുറമുഖം കൈമാറിയതെന്ന് നോർ ഗിലോൺ പറഞ്ഞു. തുറമുഖം അദാനിക്ക് കൈമാറിയതിലൂടെ ഇന്ത്യയുമായുള്ള വാണിജ്യ ബന്ധം കൂടുതൽ മെച്ചപ്പെടുത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
മോദിയുടെ സന്ദർശനത്തിന് പിന്നാലെയാണ് അദാനിക്ക് കരാർ ലഭിച്ചതെന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തെ കുറിച്ചുള്ള ചോദ്യത്തിന് അദാനി ഗ്രൂപ്പ് മാത്രമല്ല മറ്റ് നിരവധി ഇന്ത്യൻ കമ്പനികളുമായി ഇസ്രായേലിന് വാണിജ്യബന്ധമുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ഹിൻഡൻബർഗ് വിവാദത്തിൽ അദാനി ഗ്രൂപ്പിൽ പ്രതിസന്ധി തുടരുന്നതിനിടെയാണ് ഹൈഫ തുറമുഖം ഇന്ത്യൻ കമ്പനി ഏറ്റെടുത്തിരിക്കുന്നത്. അദാനി ഗ്രൂപ്പിന്റെ ഓഹരികൾക്ക് ഇന്നും തിരിച്ചടി നേരിട്ടിരുന്നു. ഏകദേശം 40,000 കോടിയുടെ നഷ്ടമാണ് അദാനി കമ്പനികൾക്ക് ഇന്ന് വിപണിയിലുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.