കോട്ടയം: 14 വർഷങ്ങൾക്കുശേഷം 200ൽ തൊട്ട് റബർ വില. 2012ലായിരുന്നു ഇതിനുമുമ്പ് റബർ വില 200 രൂപയിലെത്തിയത്. വെള്ളിയാഴ്ച ആർ.എസ്.എസ് നാല് ഇനത്തിന് റബർ ബോർഡ് പ്രഖ്യാപിച്ച വില കിലോക്ക് 195 രൂപയായിരുന്നെങ്കിലും 200 രൂപക്കാണ് കോട്ടയത്ത് കച്ചവടം നടന്നത്. മഴമൂലം ഉൽപാദനം കുറഞ്ഞതിനാൽ വ്യാപാരികൾ കൂടിയ നിരക്കിൽ ഷീറ്റ് വാങ്ങുകയായിരുന്നു. അടുത്ത ദിവസങ്ങളിലും വില ഉയർന്നു നിൽക്കുമെന്നാണ് സൂചന. 2021 ഡിസംബറിൽ റബർ വില കിലോക്ക് 191രൂപയിലെത്തിയിരുന്നു. പിന്നീട് താഴേക്ക് പോയി.
കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് ഉൽപാദനം കുറഞ്ഞതോടെ, അന്താരാഷ്ട്ര വിപണിയിൽ റബർ വില കൂടിയതാണ് ആഭ്യന്തര മാർക്കറ്റിലും പ്രതിഫലിച്ചത്. അതേസമയം, ഉയർന്ന വില വന്നപ്പോൾ കർഷകരുടെ പക്കൽ കാര്യമായ സ്റ്റോക്കില്ല. മഴ കനത്തതോടെ തോട്ടങ്ങള്‍ നിര്‍ജീവമാണ്. മരത്തിന് മഴമറ ഇടുന്ന ജോലികള്‍ ഭൂരിഭാഗം കർഷകരും ആരംഭിച്ചിട്ടില്ല. മഴമറക്ക് റബർ ബോർഡ് അനുവദിക്കുന്ന സബ്സിഡിയിൽ അനിശ്ചിതത്വം നിലനിൽക്കുന്നതാണ് കാരണം. മഴ നേരത്തെയെത്തിയതും ജോലിയെ ബാധിച്ചു. അതിനാല്‍ ജൂണിലും ഉൽപാദനം കുറയുമെന്ന് കർഷകർ പറയുന്നു.
തായ്ലന്ഡ് അടക്കം മുന്‍നിര റബർ ഉൽപാദക രാജ്യങ്ങളിലും ഉൽപാദനം കുറവാണ്. വെള്ളിയാഴ്ച ആര്.എസ്.എസ് നാല് ഗ്രേഡിന് ബാങ്കോക്ക് മാര്‍ക്കറ്റില്‍ 207.35 രൂപയായിരുന്നു ലഭിച്ചത്. ജൂണ്‍ അവസാനത്തോടെ 220-230 രൂപയിലേക്ക് റബർ വില എത്താനുള്ള സാഹചര്യമാണുള്ളതെന്നും മേഖലയിലുള്ളവർ പറയുന്നു. അന്താരാഷ്ട്ര-ആഭ്യന്തര വിപണികളിൽ ക്ഷാമം തുടരുന്നതിനാൽ സെപ്റ്റംബർ വരെ മെച്ചപ്പെട്ട വില ലഭിക്കുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. റബർ ഷീറ്റിന് ക്ഷാമം അനുഭവപ്പെട്ടതോടെ രാജ്യാന്തര-ആഭ്യന്തര വിലകൾ തമ്മിലുള്ള അന്തരവും കുറഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.