കൊച്ചി: വലിയ മാറ്റത്തിന് തയാറെടുക്കുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് മാറ്റത്തിന്റെ മാർഗരേഖ അവതരിപ്പിച്ചു. ആഭ്യന്തര വിമാനസർവിസുകള്‍ നടത്തുന്ന എയര്‍ ഏഷ്യ ഇന്ത്യയെ ഗള്‍ഫിലേക്കും തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്കും രാജ്യാന്തര സർവിസ് നടത്തുന്ന എയര്‍ ഇന്ത്യ എക്സ്പ്രസില്‍ ലയിപ്പിക്കുന്നതുവഴി വലിയ വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. ഇതിനുള്ള മാർഗരേഖ എയര്‍ ഇന്ത്യ എക്സ്പ്രസിന്റെയും എയര്‍ ഏഷ്യ ഇന്ത്യയുടെയും മാനേജിങ് ഡയറക്ടര്‍ അലോക് സിങ് രണ്ട് കമ്പനിയിലെയും ഉദ്യോഗസ്ഥരുമായി തത്സമയ സംവാദത്തില്‍ പങ്കുവെച്ചു. അഞ്ചുവർഷത്തിനുള്ളില്‍ സമഗ്രനവീകരണവും പരിവർത്തനവും ലക്ഷ്യമിട്ട് നേരത്തേ എയര്‍ ഇന്ത്യ അവതരിപ്പിച്ച വിഹാന് ഡോട്ട് എ.ഐ എന്ന പദ്ധതിയുടെ ഭാഗമായാണ് എയർ ഇന്ത്യ എക്സ്പ്രസും മാറുന്നത്. പുതിയ സാധ്യതകള്‍ക്ക് വഴിതുറക്കുകയും ഊഷ്മളവും അർഥവത്തുമായ ബന്ധങ്ങള്‍ സൃഷ്ടിക്കുകയുമാണ് മാർഗരേഖയുടെ അടിസ്ഥാനമെന്ന് മാനേജിങ് ഡയറക്ടര്‍ അലോക് സിങ് വിശദീകരിച്ചു.
എയര്‍ ഇന്ത്യ എക്പ്രസിലേക്കും എയര്‍ ഏഷ്യ ഇന്ത്യയിലേക്കുമുള്ള ടിക്കറ്റുകള്‍ യാത്രക്കാർക്ക് സംയോജിത വെബ്സൈറ്റായ airindiaexpress.com വഴി ബുക്ക് ചെയ്യാം. ഇരു കമ്പനികളുടെയും കസ്റ്റമര്‍ കെയര്‍ സേവനങ്ങളും സമൂഹമാധ്യമ ഹാൻഡിലുകളും പൊതുവായി മാറിക്കഴിഞ്ഞു. ലയനത്തിന്റെയും എയര്‍ ഇന്ത്യയുമായുള്ള ശൃംഖല സംയോജനത്തിന്റെയും പിൻബലത്തില്‍ ആഭ്യന്തര വിപണിയിലും അന്താരാഷ്ട്ര മേഖലയിലും സാധ്യതകള്‍ തേടും. മാറ്റത്തിന്റെ ഭാഗമായി ഗൊർമേര്‍ എന്ന് പേരിട്ടിരിക്കുന്ന വിഭവസമൃദ്ധമായ ഇന്‍-ഫ്ലൈറ്റ് മെനു ഇരു സർവിസുകളിലും നടപ്പിലായി. ഇഷ്ടപ്പെട്ട സീറ്റ് മുൻകൂട്ടി തെരഞ്ഞെടുക്കാനുള്ള എക്സ്പ്രസ്-പ്രൈം, ക്യൂ ഒഴിവാക്കാനും പ്രത്യേക പരിഗണന ഉറപ്പുവരുത്താനുമുള്ള എക്സ്പ്രസ് എഹെഡ് പ്രയോറിറ്റി സേവനങ്ങള്‍ ഇരുകമ്പനിയും ആരംഭിച്ചു. കഴിഞ്ഞയാഴ്ച വിമാനക്കമ്പനി ഉദ്യോഗസ്ഥരുടെ സേവന വേതന നിരക്കുകളും പദവികളും ഉയർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.