റിയല്‍ എസ്റ്റേറ്റ് മേഖല വലിയ നേട്ടങ്ങള്‍

യു.എ.ഇയിലെ റിയല്‍ എസ്റ്റേറ്റ് മേഖല വലിയ നേട്ടങ്ങള്‍ കൈവരിക്കുമ്പോള്‍ ഏറ്റവും ചെറിയ എമിറേറ്റായ അജ്മാനും ഇതില്‍ വലിയ പങ്ക് വഹിക്കുന്നു. ഈ വര്‍ഷത്തിലും അജ്മാന്‍ റിയല്‍ എസ്റ്റേറ്റ് മേഖല കഴിഞ്ഞ വര്‍ഷത്തെക്കാള്‍ നേട്ടം കൈവരിച്ച് മികച്ച മുന്നേറ്റം നടത്തി. ഈ വർഷത്തിന്‍റെ ആദ്യ പകുതിയിൽ അജ്മാൻ എമിറേറ്റിലെ റിയൽ എസ്റ്റേറ്റ് ഇടപാടുകളുടെ ആകെ മൂല്യം 900 കോടി ദിർഹം കവിഞ്ഞു. 7,178 റിയൽ എസ്റ്റേറ്റ് ഇടപാടുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.

മുൻ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 33 ശതമാനമാണ്​ വളർച്ച. അജ്മാനിലെ റിയൽ എസ്റ്റേറ്റ് ലാൻഡ് ഡിപ്പാർട്ട്‌മെന്‍റ്​ പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഈ വർഷത്തിന്‍റെ ആദ്യ പകുതിയിലെ റിയൽ എസ്റ്റേറ്റ് ഇടപാടുകളില്‍ സ്വദേശി പൗരന്മാർ 2.980 ശതകോടി ദിർഹം മൂല്യമുള്ള 2,039 ഇടപാടുകളും 5,139 ഇടപാടുകളുടെ 6.048 ശതകോടി ദിർഹം മൂല്യമുള്ള വിദേശ നിക്ഷേപങ്ങളും നടന്നു.

88 ശതമാനം വളർച്ചാ നിരക്കോടെയാണ് ഈ നേട്ടം കൈവരിക്കുന്നതെന്ന് അജ്മാനിലെ ലാൻഡ് ആൻഡ് റിയൽ എസ്റ്റേറ്റ് റെഗുലേഷൻ വകുപ്പ് മേധാവി ശൈഖ് അബ്ദുൽ അസീസ് ബിൻ ഹുമൈദ് അൽ നുഐമി വ്യക്തമാക്കുന്നു. നിക്ഷേപകർക്കും അവരുടെ പ്രോജക്റ്റുകൾക്കും എമിറേറ്റ് നൽകുന്ന സൗകര്യങ്ങളും നിക്ഷേപം ആകർഷിക്കാൻ സഹായിക്കുന്ന നിയമനിർമാണ അന്തരീക്ഷവും കാരണം സമീപ വർഷങ്ങളിൽ അജ്മാനിലെ റിയൽ എസ്റ്റേറ്റ് മേഖല ശ്രദ്ധേയമായ വളർച്ച കൈവരിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

എമിറേറ്റ് നടപ്പിലാക്കുന്ന നൂതനമായ ആധുനിക അടിസ്ഥാന സൗകര്യങ്ങളും രജിസ്ട്രേഷൻ നടപടിക്രമങ്ങളുടെ എളുപ്പവും ഇടപാടുകൾ പൂർത്തിയാക്കുന്നതിനുള്ള വേഗതയും ഈ മേഖലയിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്നുണ്ട്. എമിറേറ്റ് കൈവരിച്ച റിയൽ എസ്റ്റേറ്റ് വളർച്ച ഒരു പ്രമുഖ നിക്ഷേപ കേന്ദ്രമെന്ന നിലയിൽ അജ്മാനിലുള്ള നിക്ഷേപകരുടെ വിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നുവെന്നും റിയൽ എസ്റ്റേറ്റ് മേഖലയുടെ ദൃഢത വർധിപ്പിക്കുന്നുവെന്നും ഡിപ്പാർട്ട്മെന്‍റ്​ ഓഫ് ലാൻഡ് ആൻഡ് റിയൽ എസ്റ്റേറ്റ് റെഗുലേഷൻ മേധാവി വിലയിരുത്തി.

എല്ലാ വിഭാഗങ്ങളിലെയും നിക്ഷേപകർക്ക് സംയോജിതവും വിശിഷ്ടവുമായ ബിസിനസ് അന്തരീക്ഷം പ്രദാനം ചെയ്യാൻ ലക്ഷ്യമിട്ടുള്ള ഡിപ്പാർട്ട്മെന്‍റ്​ ഓഫ് ലാൻഡ് ആൻഡ് റിയൽ എസ്റ്റേറ്റ് റെഗുലേഷന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 2024ന്‍റെ ആദ്യ പകുതിയിൽ റിയൽ എസ്റ്റേറ്റ് ഇടപാടുകളിൽ യാസ്മീൻ, അൽ സഹിയ, അൽ ഹീലിയോ 2 എന്നിവ പ്രദേശങ്ങളാണ് ഏറ്റവും ഉയർന്നതെന്ന് ഈ റിപ്പോർട്ട് സൂചിപ്പിക്കുന്നു.

എമിറേറ്റിലെ പ്രമോഷണൽ പ്രവർത്തനങ്ങൾ, അജ്മാൻ റിയൽ എസ്റ്റേറ്റ് നിക്ഷേപ പ്രദർശനം എന്നിവ വഴി 195.8 ദശലക്ഷം ദിർഹത്തിന്‍റെ 336 കരാറുകൾ ഒപ്പുവച്ചതായും റിപ്പോര്‍ട്ട് വിലയിരുത്തി. ഇത്തരം പ്രവര്‍ത്തനങ്ങളാണ് എമിറേറ്റിലെ വിദേശ നിക്ഷേപം വർദ്ധിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളായി വിലയിരുത്തുന്നത്.

100 ശതമാനം വിദേശികൾക്ക് സ്വത്ത് വാങ്ങുന്നതിനും സ്വന്തമാക്കുന്നതിനുമുള്ള സൗകര്യങ്ങളുടെ ലഭ്യത അജ്മാനിലെ റിയല്‍ എസ്റ്റേറ്റ് മേഖലക്ക് കരുത്ത് പകര്‍ന്നതായി വിലയിരുത്തുന്നു. മലയാളികളടക്കം നിരവധി ഇന്ത്യക്കാര്‍ അജ്മാനിലെ റിയല്‍എസ്റ്റേറ്റ് മേഖലയില്‍ വലിയ തോതില്‍ നിക്ഷേപം നടത്തി മികച്ച ആദായം നേടുന്നുണ്ട്.

Tags:    
News Summary - Ajman Real Estate Area

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.