ന്യൂഡൽഹി: ഏഷ്യയിലെ അതിസമ്പന്ന കുടുംബങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ച് അംബാനി കുടുംബം. 76 ബില്യൺ ഡോളർ (55,84,59,78,00,000 രൂപ) ആസ്തിയുള്ള അംബാനി കുടുംബമാണ് ബ്ലൂംബർഗ് ബില്യണയർ ഇൻഡക്സിൻെറ ഏഷ്യയിലെ 20 അതിസമ്പന്ന കുടുംബങ്ങളുടെ പട്ടികയിൽ ഒന്നാമതെത്തിയത്.
ഏഷ്യയിലെ ധനികരായ 20 കുടുംബങ്ങളുടെ ആകെ സമ്പത്തായ 463 ബില്യൺ ഡോളറിൻെറ 17 ശതമാനവും അംബാനി കുടുംബത്തിൻെറ സംഭാവനയാണ്.
പട്ടികയിൽ രണ്ടാം സ്ഥാനക്കാരായ ഹോങ്കോങ്ങിലെ ക്വോക് കുടുംബത്തിനേക്കാൾ രണ്ടിരട്ടി ധനവാൻമാരാണ് അംബാനി കുടുംബം. മൂന്നാം സ്ഥാനക്കാരായ ദക്ഷിണ കൊറിയയിലെ ലീ കുടുംബത്തേക്കാൾ (സാംസങ് ഉടമകൾ) മൂന്നിരട്ടിയിലധികം ആസ്തിയും അംബാനിക്കുണ്ട്.
കോവിഡ് മഹാമാരിക്കാലത്ത് അംബാനിയുടെ സമ്പത്തിൽ വൻ വർധനയാണുണ്ടായത്. ഏവരും കോവിഡ് മഹാമാരിയോട് പൊരുതുന്ന വേളയിലും മുകേഷ് അംബാനിയുടെ ജിയോയിൽ വമ്പൻമാർ നിക്ഷേപമിറക്കിക്കൊണ്ടിരുന്നു. ഫേസ്ബുക്ക്, ഗൂഗിൾ, കെ.കെ.ആർ, ടി.പി.ജി, സിൽവർലേക്ക് എന്നീ വൻകിട കമ്പനികൾക്ക് ഓഹരി വിറ്റ് 20.2 ബില്യൺ ഡോളറാണ് കോവിഡ് കാലത്ത് അംബാനി സമാഹരിച്ചത്.
ഇതോടൊപ്പം തന്നെ റിലയൻസ് റീട്ടെയിലിൻെറ 10.09 ശതമാനം ഓഹരികൾ വിറ്റ് 47,000 കോടി രൂപയും സമാഹരിച്ചു. റീട്ടെയിൽ മേഖലയിലെ ഏറ്റവും വലിയ ഇടപാടുകളിലൊന്നായ ഇതിനായി രണ്ട് മാസമെടുത്തു.ഓയിൽ ആൻഡ് ഗ്യാസ് ബിസിനസിൽ മാത്രമാണ് അംബാനിയുടെ വരുമാനത്തിൽ ഇടിവ് നേരിട്ടത്.
റിലയൻസ് ഇൻഡസ്ട്രീസ് ഓഹരി വിപണിയിൽ മുന്നേറ്റമുണ്ടാക്കിയതിലൂടെ 16 ബില്യൺ ഡോളറിൻെറ അധിക വരുമാനം ഉണ്ടാവുകയും ഇതിലൂടെ മറ്റ് കുടുംബങ്ങളുമായ അന്തരം വലിയ രീതിയിൽ കൂടുകയുമായിരുന്നു.
സഹോദരൻ അനിൽ അംബാനി ശതകോടീശ്വര പട്ടികയിൽ നിന്നും പുറത്തായ സാഹചര്യത്തിലാണ് അംബാനി കുടുംബത്തിൻെറ വളർച്ചയെന്നതും ശ്രദ്ധേയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.