മുംബൈ: അനിൽ അംബാനിയുടെ മൂത്ത മകൻ ജയ് അൻമോൾ അംബാനിക്ക് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി) ഒരു കോടി രൂപ പിഴ ചുമത്തി. റിലയൻസ് ഹോം ഫിനാൻസിൽനിന്ന് ഫണ്ട് വകമാറ്റിയതിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കൂടാതെ, റിലയൻസ് ഹോം ഫിനാൻസ് മുൻ ചീഫ് റിസ്ക് ഓഫിസർ കൃഷ്ണൻ ഗോപാലകൃഷ്ണനും 15 ലക്ഷം രൂപ പിഴ ചുമത്തിയിട്ടുണ്ട്. ഇരുവരും 45 ദിവസത്തിനകം പിഴത്തുക നൽകണമെന്നാണ് നിർദേശം. അപ്രൂവൽ നടപടികളിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതിനാലാണിത്. നോൺ എക്സിക്യൂട്ടീവ് ഡയറക്ടർ എന്ന നിലയിൽ ജയ് അൻമോൾ കമ്പനിയിൽ ആധിപത്യം നടത്തി സ്വന്തം നിലക്ക് നടത്തിക്കൊണ്ടുപോവുകയായിരുന്നുവെന്ന് സെബി ചൂണ്ടിക്കാട്ടി.
ഒട്ടും ധാർമികതയും ശ്രദ്ധയും ഇല്ലാതെ ഷെയർഹോൾഡർമാരുടെ താൽപര്യത്തിന് വിരുദ്ധമായാണ് ജയ് യുടെ പ്രവർത്തനമെന്നം സെബി കണ്ടെത്തി. റിലയൻസ് കാപിറ്റൽ ഉൾപ്പെടെയുള്ള മറ്റ് റിലയൻസ് അനിൽ ധീരുഭായ് അംബാനി ഗ്രൂപ്പ് കമ്പനികൾക്ക് ജിപിസിഎൽ സ്ഥാപനങ്ങൾ നൽകുന്ന മൂലധനത്തെയും വായ്പയെക്കുറിച്ചും ജാഗ്രത പുലർത്തുന്നതിൽ ജയ് അൻമോൾ പരാജയപ്പെട്ടുവെന്ന് സെബി അവകാശപ്പെട്ടു.
റിലയൻസ് ഹോമിൽ നിന്ന് ഫണ്ട് വകമാറ്റിയതായി കണ്ടെത്തിയതിനെ തുടർന്ന് അനിൽ അംബാനിക്ക് 25 കോടി രൂപ പിഴ സെബി പിഴ ചുമത്തിയിരുന്നു. അതോടൊപ്പം അനിലിനെ ഓഹരി വിപണിയിൽ നിന്ന് അഞ്ചുവർഷത്തേക്ക് വിലക്കുകയും ചെയ്തു. റിലയൻസ് ഹോം ഫിനാൻസിന്റെ തലപ്പത്തുണ്ടായിരുന്ന ഉദ്യോഗസ്ഥർക്കെതിരെയും നടപടിയുണ്ടായിരുന്നു. വിലക്കിനെ തുടർന്ന് വിപണിയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഡയറക്ടറാകാനോ ഉന്നത സ്ഥാനങ്ങൾ വഹിക്കാനോ അനിൽ അംബാനിക്ക് കഴിയില്ല.
2018-19 സാമ്പത്തിക വർഷത്തിലാണ് റിലയൻസ് ഹോം ഫിനാൻസിൽ ഫണ്ട് വകമാറ്റിയെന്നത് സംബന്ധിച്ച് പരാതിയുയർന്നത്. തുടർന്ന് സെബി ഇക്കാര്യം അന്വേഷിക്കുകയായിരുന്നു.അന്വേഷണത്തിൽ ആർ.എച്ച്.എഫ്.എല്ലിന്റെ പ്രധാന മാനേജർമാരുടെ സഹായത്തോടെ പണം തട്ടിയെടുക്കാനുള്ള പദ്ധതി അനിൽ അംബാനി ആസൂത്രണം ചെയ്തതായി സെബി കണ്ടെത്തി. അംബാനിയുമായി നേരിട്ട് ബന്ധമില്ലാത്ത സ്ഥാപനങ്ങളിലേക്ക് പണം വകമാറ്റാനാണ് പദ്ധതിയിട്ടത്. അനധികൃത വായ്പകൾ വഴി പണം തട്ടിയെടുക്കാനായിരുന്നു അനിൽ പദ്ധതിയിട്ടതെന്നും സെബിയുടെ റിപ്പോർട്ടിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.