ന്യൂഡൽഹി: 20 ലിറ്റർ പാക്കേജ്ഡ് കുടിവെള്ള കുപ്പികൾക്കും സൈക്കിളിനും നോട്ട്ബുക്കിനും ജി.എസ്.ടി കുറക്കാൻ നിർദേശം. അതേ സമയം ആഡംബര ഷൂ, വാച്ചുകൾ, സൗന്ദര്യ വർധക വസ്തുക്കൾ എന്നിവയുടെ ജി.എസ്.ടി നിരക്ക് കുത്തനെ വർധിപ്പിക്കാനും നിർദേശമുണ്ട്.
20 ലിറ്ററിന്റെ വെള്ളക്കുപ്പികൾക്കും സൈക്കിളിനും 18 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായാണ് ജി.എസ്.ടി കുറക്കാൻ തീരുമാനിച്ചതെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്തു. 10,000 രൂപയിൽ താഴെയുള്ള സൈക്കിളിന്റെ നികുതി നിരക്ക് 12 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായാണ് കുറക്കുക. എക്സർസൈസ് നോട്ട്ബുക്കുകളുടെ ജി.എസ്.ടി 12 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായി കുറക്കാനാണ് നിർദേശം. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ജി.എസ്.ടി കൗൺസിലിന്റെതായിരിക്കും.
25000രൂപക്ക് മുകളിലുള്ള റിസ്റ്റ് വാച്ചുകളുടെയും 15000ത്തിലേറെ രൂപ വില വരുന്ന ഷൂവിന്റെയും ജി.എസ്.ടി 18ശതമാനത്തിൽ നിന്ന് ഒറ്റയടിക്ക് 28 ശതമാനമായി വർധിപ്പിച്ചു. ജി.എസ്.ടി നിരക്ക് വർധിപ്പിച്ചതിലൂടെ 22,000 കോടി രൂപയുടെ അധികവരുമാനമാണ് ലക്ഷ്യമിടുന്നത്.
ബിഹാർ ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരിയുടെ നേതൃത്വത്തിലുള്ള ജി.എസ്.ടി നിരക്ക് ഏകീകരിക്കുന്നതിനുള്ള മന്ത്രിമാരുടെ സമിതിയാണ് നിർദേശങ്ങൾ മുന്നോട്ടുവെച്ചത്. യു.പി ധനമന്ത്രി സുരേഷ് കുമാർ ഖന്ന, രാജസ്ഥാൻ ആരോഗ്യ സേവന മന്ത്രി ഗജേന്ദ്ര സിങ്, കർണാടക റവന്യൂ മന്ത്രി കൃഷ്ണ ബൈരേ ഗൗഡ, കേരളത്തിലെ മന്ത്രി കെ.എൻ. ബാലഗോപാൽ എന്നിവരും സമിതിയിലുണ്ട്.
യോഗത്തിൽ നൂറിലേറെ ഇനങ്ങളുടെ നികുതി നിരക്കിൽ മാറ്റം വരുത്തുന്നതിനെ കുറിച്ച് ചർച്ച ചെയ്തിരുന്നു. മുതിർന്ന പൗരന്മാർ ഒഴികെയുള്ള വ്യക്തികൾക്ക് അഞ്ച് ലക്ഷം രൂപയുടെ കവറേജുള്ള ആരോഗ്യ ഇൻഷുറൻസിനായി അടക്കുന്ന പ്രീമിയങ്ങളുടെ ജി.എസ്.ടി ഒഴിവാക്കാൻ തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.