ന്യൂഡൽഹി: 'തേർഡ് യുനികോൺ' എന്ന് പേരിട്ട പുതിയ സംരംഭവുമായി ഫിൻടെക് സ്ഥാപനമായ ഭാരത് പേയുടെ സഹസ്ഥാപകൻ അഷ്നീർ ഗ്രോവർ. സംരംഭകരോടും പൊതുജനങ്ങളോടും പുതിയ സ്റ്റാർട്ടപ്പിനൊപ്പം ചേരാൻ അഭ്യർഥിച്ചുകൊണ്ട് പ്രാഥമിക വിവരങ്ങളാണ് ഗ്രോവർ ലിങ്ക്ഡ്ഇന്നിലൂടെ പുറത്തുവിട്ടത്. പുതിയ സംരംഭത്തിൽ അഞ്ച് വർഷം പൂർത്തിയാക്കുന്ന തൊഴിലാളികൾക്ക് മെഴ്സിഡെസ് കാർ നൽകുമെന്ന വാഗ്ദാനവും നൽകിയിട്ടുണ്ട്.
മാർക്കറ്റിൽ നിർണായകമാകുന്ന ബിസിനസ് ചെയ്യുന്നതാവും പുതിയ സ്ഥാപനമെന്ന് ഗ്രോവർ പറയുന്നു. വളരെ വ്യത്യസ്തമായാവും കാര്യങ്ങൾ കൈകാര്യം ചെയ്യുക. ഇതുസംബന്ധിച്ച് ചെറിയ പ്രസന്‍റേഷനും പങ്കുവെച്ചിട്ടുണ്ട്. വൻകിട സ്ഥാപനങ്ങളുടെയോ നിക്ഷേപകരുടെയോ ഫണ്ടിങ്ങിൽ ഉള്ളതായിരിക്കില്ല പുതിയ സംരംഭമെന്നാണ് വ്യക്തമാക്കുന്നത്. പുതിയ സംരംഭത്തിന്‍റെ പ്രവർത്തനരീതി എന്താണെന്നത് വെളിപ്പെടുത്തിയിട്ടില്ല. അതിനെ ബില്യൺ ഡോളർ ക്വസ്റ്റ്യൻ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.
50 ജീവനക്കാരാവും സ്ഥാപനത്തിലുണ്ടാവുക. അഞ്ച് വർഷം തികയ്ക്കുന്നവർക്ക് മെഴ്സിഡെസ് കാർ നൽകുമെന്നതാണ് ഏറ്റവും ശ്രദ്ധേയമായ വാഗ്ദാനം.
കഴിഞ്ഞ മാർച്ചിലാണ് അഷ്നീർ ഗ്രോവർ ഭാരത് പേയിൽ നിന്ന് രാജിവെച്ചത്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ആരോപണമുയർന്നതിന് പിന്നാലെയായിരുന്നു രാജി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.