ലണ്ടൻ: പണപ്പെരുപ്പം നിയന്ത്രിക്കാൻ ബാങ്ക് ഓഫ് ഇംഗ്ലണ്ട് മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ പലിശ നിരക്ക് വർധന പ്രഖ്യാപിച്ചു. മുക്കാൽ ശതമാനം ഉയർത്തി മൂന്ന് ശതമാനത്തിലാണ് എത്തിച്ചത്. വിവിധ രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകൾ പലിശ നിരക്ക് തുടർച്ചയായി ഉയർത്തുന്നത് ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്നതിന്റെ ലക്ഷണമായി വിലയിരുത്തുന്നുണ്ട്. പണപ്പെരുപ്പം നിയന്ത്രണാതീതമാകുന്നതോടെ രാജ്യങ്ങൾക്ക് മുമ്പിൽ മറ്റു വഴികളുമില്ല. തുടർച്ചയായ എട്ടാമത് പാദത്തിലാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് വർധിപ്പിക്കുന്നത്.
1992ന് ശേഷമുള്ള ഉയർന്ന നിരക്കാണ് ഇപ്പോഴത്തേത്. മുക്കാൽ ശതമാനം നിരക്ക് വർധന വിപണി പ്രതീക്ഷിച്ചതാണ്. പണപ്പെരുപ്പം നിയന്ത്രിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് തെളിയിക്കാൻ ഒരു ശതമാനം നിരക്ക് വർധിപ്പിക്കാൻ സാധ്യതയുണ്ടെന്ന് നേരത്തെ മുതിർന്ന സാമ്പത്തിക വിദഗ്ധൻ ലൂക് ബാർതലോമി പറഞ്ഞിരുന്നു. കോവിഡും റഷ്യ, യുക്രെയ്ൻ യുദ്ധവും കാരണം സപ്ലൈ ചങ്ങല മുറിഞ്ഞതും തൊഴിലാളി ക്ഷാമവും ആണ് പണപ്പെരുപ്പം കുത്തനെ ഉയരാൻ ഇടയാക്കിയത്. യു.എസ് ഫെഡറൽ റിസർവ് ബുധനാഴ്ച പലിശ നിരക്ക് മുക്കാൽ ശതമാനം ഉയർത്തിയിരുന്നു. ബ്രിട്ടനിൽ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം നാല് പതിറ്റാണ്ടിലെ ഉയരത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.