യു.എ.ഇ ആസ്ഥാനമായുള്ള പ്രമുഖ ഇന്ത്യൻ വ്യവസായിയായ ദിലീപ് പോപ്ലി നവംബർ 24 ന് ഒരു സ്വകാര്യ ജെറ്റെക്‌സ് ബോയിംഗ് 747 വിമാനത്തിൽ വെച്ച് തന്റെ മകൾ വിധി പോപ്ലിയുടെയും ഹൃദേഷ് സൈനാനിയുടെയും വിവാഹം നടത്തിയതാണ് ഇപ്പോൾ വാർത്തകളിൽ ഇടം പിടിക്കുന്നത്. ഭൂനിരപ്പിൽ നിന്ന് 30,000 അടി ഉയരത്തിൽ വെച്ചാണ് ദമ്പതികളുടെ വിവാഹം നടന്നത്. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാധ്യമ പ്രതിനിധികളും ഉൾപ്പെടെ ഏകദേശം 350 ആളുകളായിരുന്നു വിവാഹത്തിൽ പങ്കെടുത്തത്.
പ്രശസ്ത സ്വകാര്യ ചാർട്ടർ ഫ്ലൈറ്റ് ഓപ്പറേറ്ററായ ജെറ്റെക്‌സ്, പ്രത്യേക ബോയിംഗ് 747 വിമാനമാണ് ഈ അതിഗംഭീര പരിപാടിക്ക് ഉപയോഗിച്ചത്. വിവാഹ ചടങ്ങുകൾക്ക് അനുയോജ്യമായ ചെറിയ മാറ്റങ്ങൾ വരുത്തി വിമാനത്തിന്റെ ഓരോ ഭാഗത്തിലും ഒരു ചെറിയ പ്രൊജക്ടറുകൾ ഉറപ്പിച്ചിരുന്നു. എല്ലാ അനുമതികളും നടപടിക്രമങ്ങളും പൂർത്തിയാക്കാൻ 12 മാസമെടുത്തുവെന്ന് ഇതിന്‍റെ മേൽനോട്ടം വഹിച്ച വെഡിംഗ് പ്ലാനർ ചിമൂ ആചാര്യ അറിയിച്ചു. ഈ മേഖലയിൽ ആകാശത്ത് നടക്കുന്ന ആദ്യ വിവാഹമായതിനാൽ ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാനുള്ള എൻട്രിയായി ഈ വിവാഹം അയക്കുമെന്നും ചിമൂ ആചാര്യ കൂട്ടിച്ചേർത്തു.
യു.എ.ഇയിലെയും ഇന്ത്യയിലെയും ജ്വല്ലറി, ഡയമണ്ട് ബിസിനസുകൾക്ക് പേരുകേട്ട പോപ്ലി കുടുംബം ദുബായിൽ നിന്ന് ഒമാനിലേക്കുള്ള മൂന്ന് മണിക്കൂർ വിമാന യാത്രയ്ക്കിടെയാണ് ഈ അസാധാരണ 'ആകാശ കല്യാണം' സംഘടിപ്പിച്ചത്. 28 വർഷം മുമ്പ് വിധി പോപ്ലിയുടെ മാതാപിതാക്കൾ എയർ ഇന്ത്യ വിമാനത്തെ ഒരു വിവാഹ വേദിയാക്കി മാറ്റിയത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ചടങ്ങുകൾ കഴിഞ്ഞ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള വിവാഹ ഘോഷയാത്ര ദുബായിലെ അൽ മക്തൂം എയർപോർട്ടിന് സമീപമുള്ള ജെടെക്‌സ് വി.ഐ.പി ടെർമിനലിലാണ് അവസാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.