കൊച്ചി: ഇ-വേ ബിൽ 10 ലക്ഷം എന്ന പരിധി ഉയർത്തി 500 ഗ്രാം സ്വർണത്തിന് മുകളിൽ ആക്കണമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ, ട്രഷറർ എസ്. അബ്ദുൽനാസർ എന്നിവർ ആവശ്യപ്പെട്ടു. പ്രത്യക്ഷ സമരപരിപാടികളെക്കുറിച്ച് ആലോചിക്കുമെന്നും അവർ പറഞ്ഞു. ആദായനികുതി വകുപ്പിന്റെ നിയമമനുസരിച്ച് വിവാഹിതയായ സ്ത്രീക്ക് 500 ഗ്രാം സ്വർണം കൈവശംവെക്കാം എന്നാണ് നിയമം. ഈ സാഹചര്യത്തിൽ 10 ലക്ഷം രൂപക്ക് മുകളിൽ സ്വർണം ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകുന്നതിന് ഇ-വേ ബിൽ ഏർപ്പെടുത്താനുള്ള നീക്കം ദൂരവ്യാപക പ്രത്യാഘാതമുളവാക്കും. ഉദ്യോഗസ്ഥർക്ക് ഏത് നിയമവും ദുരുപയോഗം ചെയ്യാനുള്ള പഴുതുണ്ട്. അതിനാൽ ഇ-വേ ബിൽ ഏർപ്പെടുത്തുമ്പോൾ 500 ഗ്രാമിന് മുകളിൽ സ്വർണം കൊണ്ടുപോകുന്നതിന് ഇ-വേ ബിൽ ഏർപ്പെടുത്തണം. മൂന്നുദിവസത്തിനകം നടപ്പാക്കുമെന്ന നിർദേശം മാറ്റിവെക്കണം. വിശദമായ സർക്കുലർ പുറപ്പെടുവിച്ചശേഷം മാത്രമേ നടപ്പാക്കാവൂവെന്നും ആവശ്യപ്പെട്ടു.
സ്വർണം ആഭരണമായി കടകളിൽ വിൽക്കുന്നതിന് മുമ്പായി ഒട്ടേറെ കടമ്പകൾ കടക്കേണ്ടതുണ്ട്. സ്വർണാഭരണങ്ങൾ നിർമിക്കുന്ന സ്ഥാപനത്തിൽനിന്ന് ഡൈ വർക്ക് നടത്തുന്നതിനും കളർ ചെയ്യുന്നതിനും പല പണിശാലകളിലേക്കും കൊണ്ടുപോകുന്നുണ്ട്.
സ്വർണാഭരണങ്ങളിൽ ഹാൾമാർക്ക് ചെയ്യുന്നതിന് ദൂരസ്ഥലത്തേക്കാണ് കൊണ്ടുപോകേണ്ടത്. സ്വർണം ഹോൾസെയിലായി വിൽക്കുന്നവർ സെലക്ഷന് വിവിധ സ്ഥാപനങ്ങളിലേക്ക് കൊണ്ടുപോകേണ്ടതായി വരുമ്പോൾ എങ്ങനെയാണ് രേഖകൾ സൂക്ഷിക്കേണ്ടത്. ഇ-വേ ബിൽ അവതരിപ്പിക്കുമ്പോൾതന്നെ ഇതിനെല്ലാം കൃത്യത വരുത്തുന്നതിന് എസ്.ജി.എസ്.ടി നിയമത്തിൽ വിശദ മാർഗനിർദേശങ്ങൾ സർക്കുലറായി പുറപ്പെടുവിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.