അബൂദബി: സമഗ്രവും നൂതനവുമായ അർബുദ പരിചരണത്തിനായി ബുർജീൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് (ബി.സി.ഐ) അബൂദബിയിൽ ആരംഭിച്ചു. അബൂദബി, അൽഐൻ, അൽ ദഫ്ര, ഷാർജ, ദുബൈ എന്നിവിടങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ബുർജീലിന്റെ കാൻസർ കെയർ സൗകര്യങ്ങൾ ഏകീകരിക്കുന്ന ശൃംഖലയുടെ കേന്ദ്രമാണ് അബൂദബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റിയിൽ തുടങ്ങിയ ബി.സി.ഐ. രോഗനിർണയം മുതൽ പാലിയേറ്റിവ് കെയർ വരെയുള്ള ഓങ്കോളജി സേവനങ്ങൾ നൽകാൻ ഇൻസ്റ്റിറ്റ്യൂട്ട് സജ്ജമാണ്.
യു.എ.ഇയിലെ സഹിഷ്ണുത, സഹവർത്തിത്വ മന്ത്രി ശൈഖ നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാൻ ഇൻസ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം ചെയ്തു.
ബുർജീൽ ഹോൾഡിങ്സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ, സി.ഇ.ഒ ജോൺ സുനിൽ, സി.ഒ.ഒ സഫീർ അഹമ്മദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പ്രഗല്ഭ ഇമാറാത്തി ഓങ്കോളജിസ്റ്റ് പ്രഫ. ഹുമൈദ് അൽ ഷംസിയുടെ നേതൃത്വത്തിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. യു.എ.ഇയിൽ ലോകോത്തര അർബുദ പരിചരണം നൽകാനുള്ള ലക്ഷ്യത്തിലെ സുപ്രധാന നാഴികക്കല്ലാണ് ബി.സി.ഐയുടെ സമാരംഭമെന്ന് ബുർജീൽ ഹോൾഡിങ്സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ പറഞ്ഞു.
നാലു നിലകളിലായി പ്രവർത്തിക്കുന്ന ബുർജീൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ സ്വകാര്യ കീമോതെറപ്പി സ്യൂട്ടുകൾ, സ്പെഷാലിറ്റി ക്ലിനിക്കുകൾ, സ്തനാർബുദ യൂനിറ്റ്, രോഗി കേന്ദ്രീകൃത സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുന്നു.
കീമോതെറപ്പി, ഇമ്യൂണോതെറപ്പി, സർജിക്കൽ ഓങ്കോളജി, സ്റ്റീരിയോടാക്റ്റിക് റേഡിയോ സർജറി (എസ്.ആർ.എസ്), സ്റ്റീരിയോടാക്റ്റിക് ബോഡി റേഡിയോ തെറപ്പി, ടാർഗെറ്റഡ് തെറപ്പി (എസ്.ബി.ആർ.ടി), പ്രിസിഷൻ മെഡിസിൻ, അഡ്വാൻസ്ഡ് സർജിക്കൽ ടെക്നിക്കുകൾ, അത്യാധുനിക റേഡിയേഷൻ തെറപ്പി, എ.ഐ ഉപയോഗിച്ചുള്ള അർബുദ രോഗ നിർണയം തുടങ്ങിയ അത്യാധുനിക ചികിത്സകളും ഇൻസ്റ്റിറ്റ്യൂട്ട് പ്രദാനം ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.