താരമാകാൻ വീണ്ടും കൊക്കോ

കൊക്കോ ഒരിക്കൽകൂടി താരമായി മാറാനുള്ള ചുവടുവെപ്പിലാണ്‌. ചോക്‍ലറ്റ്‌ വ്യവസായ മേഖലയിൽ നിന്നുള്ള ഡിമാൻഡിന്‌ അനുസൃതമായി ഉൽപന്നം കൈമാറാൻ ആഗോള കാർഷിക മേഖലക്കാവുന്നില്ല. വാരാന്ത്യം ഹൈറേഞ്ച്‌ കൊക്കോ കിലോ 580 രൂപയായി ഉയർന്നു, വാരമധ്യം നിരക്ക്‌ 450ൽ താഴ്ന്ന്‌ ഇടപാടുകൾ നടന്നിരുന്നു. സീസണായതിനാൽ ലഭ്യത വർധിക്കുമെന്നാണ് പ്രതീക്ഷ. കേരളത്തിനുപുറമെ തമിഴ്‌നാട്ടിലും ആന്ധ്ര, കർണാടക സംസ്ഥാനങ്ങളിലും കൊക്കോ കൃഷിയുണ്ട്‌. മികച്ചയിനം ചരക്കാണ്‌ കേരളം വിപണിയിൽ ഇറക്കുന്നത്. എന്നാൽ, അയൽ സംസ്ഥാനങ്ങളിൽ നിന്ന് വിൽപനക്കെത്തുന്ന കൊക്കോ നിലവാരത്തിൽ പിന്നിലെന്ന്‌ വാങ്ങലുകാർ പറയുന്നു. അതു കൊണ്ടുതന്നെ കേരളത്തിൽ രേഖപ്പെടുത്തുന്ന വിലയിലും താഴ്‌ന്നാണ്‌ മറ്റ്‌ സംസ്ഥാനങ്ങളിൽ ഇടപാടുകൾ നടക്കുന്നത്‌.

പശ്ചിമ ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നും കൊക്കോ സംഭരിക്കാൻ വ്യവസായികളും കയറ്റുമതിക്കാരും ക്ലേശിക്കുന്നു. അവിടെ കൊക്കോ മരങ്ങളെ ബാധിച്ച രോഗങ്ങളും മഴ മൂലം കായ്‌കളെ പിടികൂടിയ ബ്ലാക്ക്‌ പോട്‌ രോഗവും ഉൽപാദനം കുറയാൻ ഇടയാക്കി. യൂറോപ്യൻ കൊക്കോ സംസ്‌കരണ ശാലകൾക്ക്‌ ആവശ്യമായ ചരക്ക്‌ കണ്ടെത്താനാവാതെ വില ഉയർത്തി സ്‌റ്റോക്കിസ്‌റ്റുകളെ ആകർഷിക്കാനുള്ള നീക്കമാണ്‌ പുരോഗമിക്കുന്നത്‌. രാജ്യാന്തര അവധി വ്യാപാരത്തിൽ ടണ്ണിന്‌ 9700 ഡോളറിലാണ്‌ വാരാന്ത്യം.

  • ബാങ്ക് ഓഫ് ജപ്പാൻ പലിശനിരക്ക്‌ മാറ്റം വരുത്തില്ലെന്ന വെളിപ്പെടുത്തൽ യെന്നിന്റെ മൂല്യത്തിൽ വിള്ളലുളവാക്കിയത്‌ ഏഷ്യൻ റബറിന്റെ താളം തെറ്റിക്കും. നിക്ഷേപകർ റബർ അവധി വ്യാപാരത്തിൽ ബാധ്യതകൾ കുറക്കാൻ തിരക്കിട്ട നീക്കം നടത്തിയത്‌ ജപ്പാൻ ഒസാക്കാ എക്‌സ്‌ചേഞ്ചിലും സിംഗപ്പൂർ, ചൈനീസ്‌ മാർക്കറ്റുകളിലും ഷീറ്റ്‌ വില ഇടിയാം. പുതിയ സാഹചര്യത്തിൽ ബാങ്കോക്ക്‌, ഇന്തോനേഷ്യ, മലേഷ്യൻ വിപണികളിൽ ചൊവ്വാഴ്‌ച ചാഞ്ചാട്ട സാധ്യത. തിങ്കളാഴ്‌ച മുഖ്യ വിപണികൾക്ക് ബക്രീദ്‌ അവധിയാണ്‌. വിദേശത്തുനിന്നും പ്രതികൂല വാർത്തകൾക്കുള്ള സാധ്യതകളെ കരുതലോടെ അഭിമുഖീകരിക്കാൻ നമ്മുടെ കർഷകർ തയാറായില്ലെങ്കിൽ നിലവിൽ കിലോ 20,300ൽ നീങ്ങുന്ന ആർ.എസ്‌.എസ്‌ നാലാം ഗ്രേഡിന്‌ 20,000ത്തിലെ നിർണായക താങ്ങ്‌ നഷ്‌ടപ്പെടാം. സംസ്ഥാനത്തെ മികച്ച കാലാവസ്ഥ അവസരമാക്കി ഉൽപാദന മേഖല ടാപ്പിങ്‌ പരമാവധി ഉയർത്തിയെടുക്കാം. മാസത്തിന്റെ രണ്ടാം പകുതിയിൽ പുതിയ ഷീറ്റും ലാറ്റക്‌സും കൂടുതലായി കൊച്ചി, കോട്ടയം വിപണികൾ പ്രതീക്ഷിക്കുന്നു.
  • കുരുമുളക്‌ വിപണിയിൽ അഭൂത വിലക്കയറ്റം അനുഭവപ്പെട്ടെങ്കിലും ഉൽപാദന കേന്ദ്രങ്ങളിൽ നിന്നുള്ള ചരക്കുവരവ്‌ ഉയർന്നില്ല. വിദേശ ഓർഡറുകൾ എത്തിയശേഷം മുളക്‌ വിൽപനക്ക്‌ ഇറക്കാമെന്ന നിലപാടിലാണ്‌ വലിയൊരു വിഭാഗം സ്‌റ്റോക്കിസ്‌റ്റുകൾ. നീണ്ട ഇടവേളക്കുശേഷം യൂറോപ്യൻ രാജ്യങ്ങൾ ഇന്ത്യൻ മുളകിൽ താൽപര്യം കാണിക്കുമെന്ന പ്രതീക്ഷയിലാണ്‌ ദക്ഷിണേന്ത്യൻ കുരുമുളക്‌ കർഷകർ.
  • വിദേശ വ്യാപാരങ്ങൾ ഉറപ്പിച്ചാൽ വിലക്കയറ്റത്തിന്‌ വേഗം ഇരട്ടിക്കുമെന്ന മുൻകാല അനുഭവങ്ങൾ അവരെ ചരക്കു പിടിക്കാൻ പ്രേരിപ്പിക്കുന്നു. അന്താരാഷ്ട്ര മാർക്കറ്റിൽ ടണ്ണിന്‌ 9000 ഡോളർ വരെ കയറി. ഏതാനും വർഷം മുമ്പ് നിരക്ക്‌ 12,000 ഡോളർ വരെ ഉയർന്ന ചരിത്രമുണ്ട്‌. കൊച്ചിയിൽ ഗാർബിൾഡ്‌ കുരുമുളക്‌ വില 69,600 രൂപ.
Tags:    
News Summary - Cocoa again to become a star

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.