കാർഷിക കേരളത്തിന് മധുരിക്കുന്ന ഓർമകൾ സമ്മാനിച്ചശേഷം തളർച്ചയിലേക്ക് നീങ്ങുകയാണ് കൊക്കോ. ചോക്‍ലറ്റ് ഭീമന്മാരിൽനിന്നുള്ള ശക്തമായ ഡിമാൻഡിൽ ലോക വിപണിയിൽ ഈ വർഷം ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട ഉൽപന്നമാണ് കൊക്കോ. തിളക്കമാർന്ന പ്രകടനത്തിന് ഒരു വർഷത്തെ ആയുസ്സ് പോലും നിലനിർത്താനാവാഞ്ഞത് ഉൽപാദകരെ സമ്മർദത്തിലാക്കി.
മേയിൽ കിലോ 1070 രൂപ വരെ കുതിച്ചുകയറിയ ഉണക്ക കൊക്കോ പിന്നിട്ടവാരം 300 രൂപക്കുപോലും ശേഖരിക്കാൻ വ്യവസായികളില്ലെന്ന അവസ്ഥയിലാണ്. നേരത്തെ 400 രൂപക്ക് മുകളിൽ കൈമാറ്റം നടന്ന പച്ച കൊക്കോയുടെ വില ചില ഭാഗങ്ങളിൽ കിലോ 65 രൂപയിലേക്ക് ഇടിഞ്ഞു. മറ്റ് ഭാഗങ്ങളിൽ 100 രൂപയിലും ഗുണനിലവാരത്തെ ആസ്‌പദമാക്കി കച്ചവടങ്ങൾ നടന്നു.
കാലവർഷം സജീവമായതിനിടയിൽ ഒട്ടുമിക്ക തോട്ടങ്ങളിലും കൊക്കോയെ ബ്ലാക്ക് പോട്ട് രോഗം പിടികൂടിയതിനാൽ മൂപ്പെത്തുംമുമ്പേ കായ കൊഴിഞ്ഞു വീഴുകയാണ്. ഇതിനിടയിൽ വിലയും ഇടിയുന്നത് ഉൽപാദകരെ സാമ്പത്തികമായി തളർത്തി. കൊക്കോയുടെ റെക്കോഡ് കുതിപ്പിൽ ആകൃഷ്‌ടരായി കേരളം, കർണാടകം, തമിഴ്‌നാട്, ആന്ധ്ര സംസ്ഥാനങ്ങളിൽ ആയിരക്കണക്കിന് കർഷകരാണ് പുതുതായി ഈ കൃഷിയിലേക്ക് ഇറങ്ങിയത്. അതേ സമയം രാജ്യാന്തര വിപണിയിൽ തിരിച്ചുവരവിന് ശ്രമിക്കുന്നത് കണക്കിലെടുത്താൽ ആഭ്യന്തര കൊക്കോ വിലയും വൈകാതെ പ്രതിഫലിക്കാം.
- ഇന്ത്യൻ റബർ ചരിത്ര നേട്ടങ്ങൾ തിരുത്തുമെന്ന പ്രതീക്ഷയിലാണ് മധ്യകേരളത്തിലെയും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലെയും ഒരു വിഭാഗം കർഷകർ. കേരളത്തിൽ റബർ വില 2010 നുശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കായ കിലോ 220 രൂപയിലാണ്. റബറിന് രേഖപ്പെടുത്തിയ എക്കാലത്തെയും ഉയർന്ന വില കിലോ 240 രൂപയാണ്. ചരക്കുക്ഷാമം രൂക്ഷമായതും വിദേശത്ത് നിന്നുള്ള റബർ വരവ് കുറഞ്ഞതും ആഭ്യന്തര വില ഇനിയും ഉയരാൻ അവസരം ഒരുക്കുമെന്ന നിഗമനത്തിലാണ് പല വൻകിട തോട്ട ഉടമകൾ.
- കാലാവസ്ഥ വരും ദിനങ്ങളിൽ അൽപം തെളിഞ്ഞാൽ റബർ വെട്ട് കൂടുതൽ ഊർജിതമാകും. അഞ്ചാം ഗ്രേഡ് റബർ 216 രൂപയിലും ഒട്ടുപാൽ 155 രൂപയിലും ലാറ്റക്‌സ് 160 രൂപയിലും വിപണനം നടന്നു. രാജ്യാന്തര റബർ വിപണി അൽപം തളർച്ചയിലാണ്. അതേ സമയം കയറ്റുമതി രാജ്യമായ തായ്‌ലൻഡിലെ ഷീറ്റ് ക്ഷാമം നിരക്ക് വീണ്ടും ഉയർത്തിയത് ഇന്ത്യൻ വിപണിക്കും അനുകൂലമാണ്.
- ചിങ്ങം അടുത്തതോടെ കേരളത്തിൽ വെളിച്ചെണ്ണ വിൽപന ഉയരുമെന്ന പ്രതീക്ഷയിലാണ് കൊപ്രയാട്ട് മില്ലുകാർ. തമിഴ്‌നാട്ടിലെ വൻകിട മില്ലുകാർ ഉയർന്ന അളവിൽ എണ്ണ കേരളത്തിൽ ഇറക്കാൻ സജ്ജമാക്കിയിട്ടുണ്ട്. കർക്കടകം ആദ്യ പകുതിയിൽ തന്നെ വെളിച്ചെണ്ണ വില ഉയർന്നത് വരും ദിനങ്ങളിൽ വിപണി ചൂടുപിടിക്കുമെന്ന സൂചനയാണ്. വില വാരാവസാനം 15,500 രൂപയായി. ഇതിന്റെ ചുവടുപിടിച്ച് വരും ദിനങ്ങളിൽ പച്ചത്തേങ്ങ വിലയിലും ഉണർവിന് സാധ്യതയുണ്ട്.
- ഇന്തോനേഷ്യൻ തോട്ടങ്ങളിൽ കുരുമുളക് വിളവെടുപ്പിന് തുടക്കം കുറിച്ചെങ്കിലും ഉൽപാദനം പ്രതീക്ഷിച്ചതിലും കുറയുമെന്നാണ് ലഭ്യമാവുന്ന വിവരം. ഇതിനിടയിൽ ഉത്തരേന്ത്യൻ വിപണികളിൽ വിദേശ മുളക് വില കുറച്ച് വിറ്റുമാറാൻ ഇറക്കുമതിക്കാർ നീക്കം നടത്തി. മഴ കനത്തതോടെ താപനില കുറഞ്ഞത് ഉൽപന്നത്തിൽ ജലാംശതോത് ഉയർത്തുന്നത് പൂപ്പൽ ബാധ്യക്ക് ഇടയാക്കും. പ്രതിസന്ധി മുന്നിൽക്കണ്ട് വ്യവസായികൾ സ്‌റ്റോക്ക് വിറ്റുമാറാനുള്ള നീക്കത്തിലാണ്. കൊച്ചി വിപണി വിലക്കാണ് അവർ മുളക് ഇറക്കുന്നത്. വാരാന്ത്യം കൊച്ചിയിൽ അൺ ഗാർബിൾഡ് കുരുമുളക് 66,700 രൂപയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.