വിളവെടുപ്പ് വേളയിലും സംസ്ഥാനത്ത് കൊക്കോ ക്ഷാമം രൂക്ഷമായത് ചോക്ലറ്റ് വ്യവസായികളെ സമ്മർദത്തിലാക്കി. മധ്യ കേരളത്തിലും ഹൈറേഞ്ചിലും കൊക്കോ ലഭ്യത കുറഞ്ഞതോടെ മികച്ചയിനം കൊക്കോ 700 രൂപയിലേക്ക് ചുവടുവെച്ചു. സാധാരണ നവംബർ -ഡിസംബറിൽ ഉയർന്ന അളവിൽ ചരക്ക് വിൽപനക്ക് എത്താറുണ്ടെങ്കിലും ഇക്കുറി വരവില്ലാത്ത അവസ്ഥയാണ്. കഴിഞ്ഞ വർഷം ഇതേ സന്ദർഭത്തിൽ പ്രതിദിനം 500 കിലോ ചരക്ക് വിൽപനക്ക് വന്ന ഉൽപാദന മേഖലകളിലെ ചെറുകിട വിപണികളിൽ നിലവിൽ വരവ് നാലിൽ ഒന്നായി ചുരുങ്ങിയെന്ന് വ്യാപാരികൾ.
നവംബർ ആദ്യം പച്ച കായ കിലോ 110 രൂപയിലും കൊക്കോ കുരു കിലോ 450 രൂപയിലുമായിരുന്നത് ഇതിനകം 170ലേക്കും ഉണക്ക 650 -700ലേക്കും കയറി. ഹൈറേഞ്ച് ചരക്കിന് കൂടിയ വില വ്യവസായികൾ വാഗ്ദാനം ചെയ്തു. ബഹുരാഷ്ട്ര ചോക്ലറ്റ് കമ്പനി, ഏജന്റുമാരെ ഇറക്കി കൊക്കോ സംഭരിക്കുന്നുണ്ട്. മാസാരംഭത്തിൽ വിപണിയിൽനിന്ന് പൂർണമായി വിട്ടുനിന്ന് വിലക്കയറ്റ സാധ്യത തടയാൻ അവർ ശ്രമം നടത്തിയെങ്കിലും ആഗോള വിപണിയിലെ വിലക്കയറ്റം കണക്കുകൂട്ടൽ തെറ്റിച്ചു.
***
രാജ്യത്തെ കുരുമുളക് ഉൽപാദനത്തെക്കുറിച്ചും കഴിഞ്ഞ സീസണിലെ നീക്കിയിരിപ്പിനെക്കുറിച്ചും ഊതിവീർപ്പിച്ച കണക്കുകൾ അന്താരാഷ്‌ട്ര കുരുമുളക് സമൂഹ യോഗത്തിൽ പുറത്തുവന്നത് വിലത്തകർച്ചക്ക് ഇടയാക്കി. കൊളംബോയിൽ നാല് ദിവസം നീണ്ട ഐ.പി.സി യോഗത്തിലാണ് തെറ്റായ കണക്കുകൾ ഇന്ത്യൻ സംഘം വിദേശ പ്രതിനിധികൾക്ക് മുന്നിൽ നിരത്തിയത്. കരുതൽശേഖരം 50,000 ടണിൽ അധികമുണ്ടെന്ന് പറയുന്നതിനൊപ്പം അടുത്ത വർഷം 43,000 ടണിന്റെ ഇറക്കുമതി വേണ്ടിവരുമെന്ന വിലയിരുത്തൽ മുളക് വില തകർക്കുകയെന്ന ലക്ഷ്യത്തോടെയെന്നാണ് ആരോപണം.
വരുന്ന ആറുമാസ കാലയളവിൽ ഉത്തരേന്ത്യൻ സുഗന്ധവ്യഞ്ജന ലോബിക്ക് വൻതോതിൽ കുരുമുളക് ആവശ്യമുണ്ട്. ഉൽപാദനവും കരുതൽ ശേഖരവും സംബന്ധിച്ച യഥാർഥ കണക്കുകൾ പുറത്തുവന്നാൽ നിരക്ക് കുതിച്ചുകയറും. അത് വ്യവസായികളുടെ താൽപര്യത്തിന് വിരുദ്ധമായതിനാലാണ് ഔദ്യോഗിക ഏജൻസികളെ കൂട്ടുപിടിച്ച് കാർഷിക വിരുദ്ധ പ്രഖ്യാപനങ്ങൾ നടത്തിയത്. ഇതിനിടയിൽ നാടൻ ചരക്കുമായി വിദേശ മുളക് കലർത്തി ഉൽപന്ന വില ഇടിക്കാനും കഴിഞ്ഞവാരം അന്തർസംസ്ഥാന ഇടപാടുകാർ നീക്കം നടത്തി. കൊച്ചിയിൽ വിവിധയിനം മുളക് വില ക്വിന്റലിന് 1100 രൂപ ഇടിഞ്ഞു. അൺ ഗാർബ്ൾഡ് മുളക് 62,100 രൂപയിലും ഗാർബ്ൾഡ് 64,100 രൂപയിലും ക്ലോസിങ് നടന്നു.
***
കയറ്റുമതി ഓർഡറുകൾക്ക് ഒപ്പം ആഭ്യന്തര ഡിമാൻഡും ഒത്തുചേർന്നത് ഏലക്ക ലേല കേന്ദ്രങ്ങളിൽ ആവേശം വിതറി. അറബ് നാടുകളിൽനിന്നുള്ള ഓർഡറുകൾ ലഭിച്ച കയറ്റുമതിക്കാരും ഉത്തരേന്ത്യൻ വാങ്ങലുകാരും രംഗത്ത് അണിനിരന്നത് ശരാശരി ഇനങ്ങളെ ഈ വർഷത്തെ ഏറ്റവും ഉയർന്ന നിലവാരമായ 2899 രൂപ വരെ എത്തിച്ചു. മികച്ചയിനങ്ങളുടെ വില കിലോ 3500 രൂപ വരെ ഉയർത്തി. കർഷകർ ചരക്കുനീക്കം കുറച്ച് കൂടുതൽ മികവാർന്ന വിലക്കു വേണ്ടി ഏലം പിടിക്കുന്നതായാണ് ചെറുകിട വ്യാപാരികളുടെ പക്ഷം. ലേല കേന്ദ്രങ്ങളിലെ വീറും വാശിയും ഉയർന്നതോടെ വീണ്ടും റീ പുളിങ് അരങ്ങേറുന്നതായും ഉൽപാദന മേഖലകളിൽ നിന്ന് സൂചനകളുണ്ട്.
***
ഏഷ്യൻ റബറിലെ ഉണർവ് കണ്ടില്ലെന്ന ഭാവത്തിലാണ് ഇന്ത്യൻ ടയർ കമ്പനികൾ. ആഭ്യന്തര വില ഉയരുമെന്ന പ്രതീക്ഷയിൽ കർഷകർ ചരക്ക് പിടിച്ചെങ്കിലും വാരമധ്യം വരെ വ്യവസായികൾ നിരക്ക് ഉയർത്തിയില്ല. ഇതിനിടയിൽ മഴമൂലം തെക്കൻ ജില്ലകളിൽ റബർ ടാപ്പിങ് പൂർണമായി സ്തംഭിച്ചതോടെ നാലാം ഗ്രേഡ് 18,200 രൂപയിൽനിന്ന് 18,600ലേക്ക് കയറി. ബാങ്കോക്കിൽ വില 19,600 രൂപ.
***
പച്ചത്തേങ്ങ റെക്കോഡ് വിലയിലേക്ക് കയറിയതോടെ വ്യവസായികൾ നിരക്ക് ഉയർത്തി കൊപ്ര സംഭരിച്ചു. മില്ലുകാരിൽനിന്നുള്ള ഡിമാൻഡിൽ കൊപ്ര 14,200 രൂപയായും വെളിച്ചെണ്ണ 21,200 രൂപയായും കയറി. ശബരിമല സീസണായതിനാൽ ദക്ഷിണേന്ത്യയിൽ പച്ചത്തേങ്ങക്ക് ആവശ്യം വർധിച്ചു. മധ്യകേരളത്തിൽ പച്ചത്തേങ്ങ കിലോ 81 രൂപ വരെ കയറി ലേലം നടന്നത് വിപണിക്ക് കരുത്തായി.
***
ആഭരണ വിപണികളിൽ സ്വർണത്തിന് തിളക്കം. 55,560 രൂപയിൽ വിൽപന തുടങ്ങിയ പവൻ 55,480ലേക്ക് താഴ്‌ന്ന ശേഷമുള്ള തിരിച്ചുവരവിൽ 58,400 രൂപയായി ഉയർന്നു. റഷ്യ -യുക്രെയ്ൻ യുദ്ധം പുതിയ തലങ്ങളിലേക്ക് നീങ്ങിയത് ഫണ്ടുകളെ മഞ്ഞലോഹത്തിൽ പിടിമുറുക്കാൻ പ്രേരിപ്പിച്ചു. ന്യൂയോർക്കിൽ സ്വർണത്തെ ട്രോയ് ഔൺസിന് 2561 ഡോളറിൽനിന്ന് 2717 ഡോളറിലേക്ക് ഉയർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.