റബർ വിലയിൽ തിരുത്തൽ; കുരുമുളക് മുകളിലേക്ക്

മുഖ്യ ഉൽപാദന രാജ്യങ്ങളിൽ ടാപ്പിങ്ങിന്‌ അനുകൂല കാലാവസ്ഥ ലഭ്യമാവുമെന്ന വിലയിരുത്തൽ ടയർ നിർമാതാക്കളെ റബർ സംഭരണത്തിൽനിന്ന് പിന്തിരിപ്പിക്കുന്ന​ു. ഇത് റബർ ഷീറ്റ്‌ വിലയിൽ സാങ്കേതിക തിരുത്തലിന്‌ ഇടയാക്കി. പിന്നിട്ട ഏതാനും മാസങ്ങളിൽ ഉയർന്നതലത്തിൽ നീങ്ങിയ റബർ വിപണിയെ തന്ത്രപരമായ നീക്കത്തിലൂടെ ടയർ ലോബി ഇതിനകം വരുതിയിലാക്കി. റെഡി ഷീറ്റിന്‌ വ്യവസായ ലോകം മുഖ്യമായും ആശ്രയിക്കുന്നത്‌ തായ്‌ലൻഡ്, ഇന്തോനേഷ്യ, മലേഷ്യൻ മാർക്കറ്റുകളെയാണ്‌. ഒക്ടോബർ രണ്ടാം പകുതിയിൽ വ്യവസായികൾ പുതിയ കരാറുകൾക്ക്‌ താൽപര്യം കുറച്ചതോടെ മുഖ്യ വിപണിയായ ബാങ്കോക്കിൽ ഷീറ്റ്‌ 20,589 രൂപയിൽനിന്ന് 19,432 രൂപയിലേക്ക് ഇടിഞ്ഞത്‌ ഇന്ത്യൻ മാർക്കറ്റിനെയും സമ്മർദത്തിലാക്കി. 18,000 രൂപയിൽ പിടിച്ചുനിന്ന നാലാം ഗ്രേഡ്‌ വാരാന്ത്യം 17,800ലേക്ക് താഴ്ന്നു, അഞ്ചാം ഗ്രേഡ്‌ 17,500ലും ലാറ്റക്‌സ്‌ 11,500 രൂപയിലുമാണ്‌.

● ● ●

ഉത്സവ ദിനങ്ങളിലെ ആവശ്യത്തിനുള്ള കുരുമുളക്‌ സംഭരണം ഉൽപന്ന വില ഉയർത്തി. അന്തർ സംസ്ഥാന വ്യാപാരികൾ കേരളത്തിൽനിന്നും കർണാടകയിൽനിന്നും വില ഉയർത്തി മുളക്‌ ശേഖരിച്ചു. നിത്യേനെ വില ഉയരുന്ന പ്രവണത ദൃശ്യമായെങ്കിലും സ്‌റ്റോക്കിസ്റ്റുകൾ ചരക്ക്‌ നീക്കത്തിലെ നിയന്ത്രണം തുടരുകയാണ്‌. വരുംമാസങ്ങളിൽ കൂടുതൽ മികവ്‌ കാണിക്കുമെന്ന വിലയിരുത്തലാണ് ചരക്ക്‌ പിടിക്കാൻ അവരെ പ്രേരിപ്പിക്കുന്നത്‌. ഇടുക്കി, വയനാട്‌, പത്തനംതിട്ട ഭാഗങ്ങളിൽനിന്നുള്ള ചരക്ക്‌ വരവ്‌ കുറഞ്ഞു. പുതിയ സീസണിന്‌ ഏതാനും മാസങ്ങൾ കാത്തിരിക്കണമെന്നതും കൈവശമുള്ള കുരുമുളക്‌ വിറ്റുമാറുന്നതിൽനിന്ന് ഉൽപാദകരെ പിന്തിരിപ്പിച്ചു. അൺ ഗാർബ്ൾഡ്‌ മുളക്‌ വില 63,900 രൂപ.

രൂപയുടെ മൂല്യത്തകർച്ച മൂലം വിദേശ മുളക്‌ ഇറക്കുമതിയിൽനിന്ന് വ്യവസായികൾ അൽപം പിന്തിരിഞ്ഞു. തൽക്കാലം സ്റ്റോക്കുള്ള മുളകിന്‌ ഉയർന്ന വില ഉറപ്പുവരുത്താനുള്ള ശ്രമങ്ങളും ഉത്തരേന്ത്യൻ ലോബി നടത്തുന്നുണ്ട്‌. അന്താരാഷ്‌ട്ര വിപണിയിൽ മലബാർ കുരുമുളക്‌ വില ടണിന്‌ 8000 ഡോളർ.

● ● ●

ദീപാവലി മഹൂർത്ത വ്യാപാരം വെളിച്ചെണ്ണ, കൊപ്ര വിപണിക്ക്‌ പുതുജീവൻ പകർന്നു. രാജ്യത്ത്‌ ഏറ്റവും കൂടുതൽ ഭക്ഷ്യയെണ്ണ വിൽപന ഈ അവസരത്തിലാണ്‌. ഇതര പാചകയെണ്ണ വിലകളിലെ വർധന മുഹൂർത്ത കച്ചവടത്തിൽ വെളിച്ചെണ്ണ വില ഉയർത്തി. 19,900ൽനിന്ന് 20,200ലേക്ക് ഉയർന്നപ്പോൾ കൊപ്ര 12,650ൽനിന്ന് 12,950 രൂപയായി. ഉത്സവകാല ഡിമാൻഡിൽ പാം ഓയിൽ ഒരു മാസ കാലയളവിൽ 37 ശതമാനം വർധിച്ചു. കടുകെണ്ണ വില 29 ശതമാനം ഉയർന്നു, സൂര്യകാന്തിയും മികവിലാണ്‌. പാചകയെണ്ണ ഇറക്കുമതി തീരുവ ഉയർത്തിയത്‌ വിലക്കയറ്റത്തിന്‌ ഇടയാക്കി.

● ● ●

മലനിരകളിൽ ഏലം വിളവെടുപ്പ്‌ ഊർജിതമായതോടെ ലേലത്തിനുള്ള ചരക്ക്‌ വരവും ഉയർന്നു. കയറ്റുമതിക്കാരും ആഭ്യന്തര വാങ്ങലുകാരും ഏലക്ക സംഭരണത്തിന്‌ ഉത്സാഹിച്ചു. ഉത്സവ സീസണായതിനാൽ ഏലത്തിന്‌ എല്ലാ ഭാഗങ്ങളിൽനിന്നും ആവശ്യക്കാരുണ്ട്‌. അറബ്‌ രാജ്യങ്ങളിൽനിന്നും അന്വേഷണങ്ങൾ മുൻനിർത്തി കയറ്റുമതിക്കാരും ഏലക്ക വാങ്ങി. വലുപ്പം കൂടിയ ഇനങ്ങൾ കിലോ 2700 രൂപക്ക്‌ മുകളിലും ശരാശരി ഇനങ്ങൾ 2400 രൂപക്ക്‌ മുകളിലും ഇടപാടുകൾ നടന്നു.

● ● ●

വ്യവസായികൾ ജാതിക്ക, ജാതിപത്രിയിലും താൽപര്യം കാണിച്ചു. ഉത്സവ ഡിമാൻഡ്‌ വില മെച്ചപ്പെടുമെന്ന പ്രതീക്ഷയിൽ ഉൽപാദകരും ഇടനിലക്കാരും മാസാരംഭം മുതൽ ചരക്ക്‌ നീക്കം കുറച്ചത്‌ വിലക്കയറ്റത്തിന്‌ അവസരമൊരുക്കി. കയറ്റുമതിക്ക്‌ അനുയോജ്യമായ ജാതിപ്പരിപ്പ്‌ ഹൈറേഞ്ചിൽ കിലോ 630 രൂപയിലും തൊണ്ടൻ 340 രൂപയിലും ഇടപാടുകൾ നടന്നപ്പോൾ മധ്യകേരളത്തിലെ നിരക്ക്‌ 580, 275 രൂപയിലുമാണ്‌.

● ● ●

ആഭരണ വിപണികളിൽ പവൻ 58,880 രൂപയിൽനിന്ന് സർവകാല റെക്കോഡ്‌ നിരക്കായ 59,640 ലേക്ക്‌ കയറി. ഇതിനിയിൽ രാജ്യാന്തര വിപണിയിൽ നിക്ഷേപകർ ലാഭമെടുപ്പിലേക്ക്‌ തിരിഞ്ഞത്‌ കേരളത്തിലും വില കുറയാൻ കാരണമായി. വാരാന്ത്യം പവൻ 58,960 രൂപയിലാണ്‌.

News Summary - correction in rubber prices; Pepper up

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.