ന്യൂഡൽഹി: ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി ഗ്രൂപ്പിനും എസ്സാർ ഗ്രൂപ്പിനും എതിരായ ആരോപണങ്ങൾ പരിശോധിക്കാൻ സി.ബി.ഐക്കും ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസിനും നിർദേശം നൽകി ഡൽഹി ഹൈകോടതി. കൽക്കരിയും ഉപകരണങ്ങളും ഇറക്കുമതി ചെയ്തപ്പോൾ ഇവയുടെ വില കൂട്ടി കാണിച്ചുവെന്ന ആരോപണത്തിലാണ് ഊർജ കമ്പനികൾക്കെതിരായ പരാതി പരിശോധിക്കാൻ നിർദേശം നൽകിയത്. ഇക്കാര്യത്തിൽ നിയമപരമായ പരിശോധനകൾ കേന്ദ്രഏജൻസികൾ നടത്തണമെന്നാണ് കോടതി നിർദേശം.
ഇതുമായി ബന്ധപ്പെട്ട പൊതുതാൽപര്യ ഹരജികൾ പരിഗണിക്കുമ്പോഴാണ് നിർദേശം. അഡ്വക്കറ്റ് പ്രശാന്ത് ഭൂഷണും ഹർഷ് മാന്ദേറുമാണ് പൊതുതാൽപര്യ ഹരജികൾ ഫയൽ ചെയ്തത്. ഊർജകമ്പനികളുടെ ക്രമക്കേടുകളെ കുറിച്ചുള്ള ഡി.ആർ.ഐ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കണമെന്നാണ് ഹരജിയിലെ ആവശ്യം.
കഴിഞ്ഞ മാസം അദാനി ഗ്രൂപ്പിനെതിരായ അന്വേഷണം വീണ്ടും തുടങ്ങാൻ ഡി.ആർ.ഐ സുപ്രീംകോടതിയോട് അനുമതി തേടിയിരുന്നു. ഇറക്കുമതി ചെയ്ത കൽക്കരിയുടെ വില കൂട്ടി കാണിച്ചുവെന്നതിലാണ് അന്വേഷണം. ഇതിനായി സിംഗപ്പൂരിൽ നിന്നും തെളിവുകൾ ശേഖരിക്കാനും അനുമതി തേടിയിരുന്നു.
2016 മുതൽ ഡി.ആർ.ഐ അദാനിയുടെ പുറകേയുണ്ട്. ഇന്തോനേഷ്യയിൽ നിന്നും ഇറക്കുമതി ചെയ്ത കൽക്കരിക്ക് അദാനി ഗ്രൂപ്പ് അമിതവില കാണിച്ചുവെന്ന ആരോപണത്തിലാണ് അന്വേഷണം നടക്കുന്നത്. സിംഗപ്പൂർ വഴി നടന്ന ഇടപാടിന്റെ രേഖകൾ അവിടെ നിന്നും കണ്ടെത്താനാണ് ഡി.ആർ.ഐ ശ്രമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.