ഡിജിറ്റൽ കറൻസികൾ ആഗോള സമ്പദ്വ്യവസ്ഥയിൽ ഉണ്ടാക്കിയ മാറ്റം ചെറുതല്ല. ജനങ്ങൾക്ക് നിക്ഷേപിക്കാനും വലിയ ലാഭമുണ്ടാക്കാനുമുള്ള മാർഗമായി ഡിജിറ്റൽ കറൻസി ഇന്ന് മാറിയിട്ടുണ്ട്. ഡിജിറ്റൽ കറൻസികൾ വ്യാപകമാവുേമ്പാൾ ഇതുമായി ബന്ധപ്പെട്ടുള്ള തട്ടിപ്പുകളും ഉണ്ടാവുന്നുണ്ട്. ഇത്തരത്തിലൊരു തട്ടിപ്പ് നടത്തിയാണ് സ്റ്റിഫൻ ക്വിൻ എന്ന 19കാരനും കുപ്രസിദ്ധിയാർജിച്ചത്.
2016ൽ കോളജിൽ നിന്ന് പുറത്ത് പോയി ന്യൂയോർക്കിൽ വിർജിൽ കാപ്പിറ്റൽ എന്ന സ്ഥാപനം ആരംഭിച്ചാണ് ക്വിൻ തട്ടിപ്പിന് തുടക്കം കുറിക്കുന്നത്. ആഗോളതലത്തിലെ ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ചുകളെ നിരീക്ഷിച്ച് വിലയിലുണ്ടാവുന്ന വ്യതിയാനങ്ങൾ നിക്ഷേപകരെ അറിയിക്കുകയായിരുന്നു സ്ഥാപനത്തിന്‍റെ ലക്ഷ്യം. വൈകാതെ 500 ശതമാനം വരെ ലാഭം വാഗ്ദാനം ചെയ്ത് ക്വിൻ നിക്ഷേപകരിൽ നിന്നും പണം സ്വീകരിക്കാൻ തുടങ്ങി. കോടിക്കണക്കിന് ഡോളറാണ് ക്വിന്നിന്‍റെ അക്കൗണ്ടിലേക്ക് ഒഴുകിയെത്തിയത്.
പിന്നീട് അത്യാഡംബര ജീവിതത്തിലേക്കാണ് ക്വിൻ ചുവടുവെച്ചത്. ന്യൂയോർക്കിൽ 23,000 ഡോളർ പ്രതിമാസ വാടകയുള്ള അപ്പാർട്ട്മെന്റ് എടുത്തു. ന്യൂയോർക്കിലെ ഫിനാൻഷ്യൽ ഡിസ്ട്രിക്ടിൽ 64 ആഡംബര കെട്ടിടങ്ങൾ സ്വന്തമാക്കി. പൂൾ, സോന, സ്റ്റീം റൂം, ഹോട്ട് ടബ്, ഗോൾഫ് സ്റ്റിമുലേറ്റർ തുടങ്ങിയ ആധുനിക സൗകര്യങ്ങളോട് കൂടിയ കെട്ടിടങ്ങളായിരുന്നു ക്വിൻ സ്വന്തമാക്കിയത്.
എന്നാൽ ക്വിന്നിന്‍റെ സാമ്രാജ്യത്തിന് അധിക ആയുസ് ഉണ്ടായില്ല. യു.എസിലെ അന്വേഷണ ഏജൻസികൾക്ക് തട്ടിപ്പ് സംബന്ധിച്ച പരാതി ലഭിച്ചതോടെയാണ് തിരിച്ചടിയുണ്ടായത്. വിശദമായ അന്വേഷണത്തിൽ ക്വിന്നിന്‍റെ ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ച് വ്യാജമാണെന്ന് ഏജൻസികൾക്ക് വ്യക്തമായി. നിക്ഷേപകരിൽ നിന്നും സ്വീകരിച്ച പണം മറ്റ് ചില ക്രിപ്റ്റോ കറൻസികളിൽ നിക്ഷേപിച്ചിട്ടുണ്ടെന്ന് ക്വിൻ പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ വ്യക്തതയില്ല. ഇപ്പോൾ നിക്ഷേപകരുടെ നഷ്ടപ്പെട്ട പണം തിരികെ പിടിക്കുന്നതിനായി പ്രത്യേക സമിതിയെ നിയോഗിച്ചിരിക്കുകയാണ്.
കേവലം ഒരു നിക്ഷേപ തട്ടിപ്പ് കേസ് എന്നതിലപ്പുറം ഡിജിറ്റൽ കറൻസിയുടെ നില നിൽപ്പിനെ തന്നെ ചോദ്യം ചെയ്യുന്നതാണ് ക്വിന്നിന്‍റെ തട്ടിപ്പ്. വിവിധ സ്ഥലങ്ങളിൽ കുറേ വർഷങ്ങളായി നടന്നുകൊണ്ടിരിക്കുന്ന തട്ടിപ്പിന്‍റെ ഏറ്റവും പുതിയ രൂപം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.