റെക്കോർഡ് ലക്ഷ്യമിട്ട് റബർ ലാറ്റക്സിനും ഡിമാൻഡ്

റബർ വിപണി ഏറ്റവും രൂക്ഷമായ ഷീറ്റ്‌ ക്ഷാമത്തിന്റെ പിടിയിൽ അകപ്പെട്ടത്തിനാൽ വില റെക്കോർഡ്‌ തകർക്കുമെന്ന വിശ്വാസത്തിലാണ്‌ സ്‌റ്റോക്കിസ്‌റ്റുകളും കർഷകരും

ഓരോ ദിവസവും റബർ വിലയിൽ കുതിപ്പ് തുടരുകയാണ്. റബറിന്റെ റെക്കോർഡ്‌ പ്രകടനത്തിനായി പ്രതീക്ഷകളോടെ വിപണിയുടെ ചലനങ്ങളെ അടിമുടി നിരീക്ഷിക്കുകയാണ് കർഷകർ. ഇന്ത്യൻ റബർ വിപണി ഒരു വ്യാഴവട്ടത്തിനിടയിലെ ഏറ്റവും രൂക്ഷമായ ഷീറ്റ്‌ ക്ഷാമത്തിന്റെ പിടിയിൽ അകപ്പെട്ടത്തിനാൽ ഉൽപ്പന്ന വില റെക്കോർഡ്‌ തകർക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ്‌ സ്‌റ്റോക്കിസ്‌റ്റുകളും കർഷക കുടുംബങ്ങളും. വിപണിയിലേക്ക് ചരക്ക് എത്തുന്നത് കുറഞ്ഞതാണ് ഈ വിലവർധനക്ക് കാരണം.

മഴ കന​ത്തതോടെ റബർ ടാപ്പിങ് കുറഞ്ഞതോടെയാണ് ഈ ക്ഷാമം. കർക്കിടകം ആദ്യപകുതിയിൽ കർഷകർക്ക്‌ റബർ വെട്ടിന്‌ അവസരം ലഭിച്ചിരുന്നില്ല. അതിനാൽ സംസ്ഥാനത്ത്‌ റബർ ഷീറ്റിനും ലാറ്റക്‌സിനും വൻ ഡിമാന്റാണ്. ഇതിനായി വ്യവസായികളും നെട്ടോട്ടമോകുകയാണ്.

ചരക്കിന്‌ ഉയർന്ന വില വാഗ്‌ദാനം ചെയ്‌തിട്ടും വിൽപ്പനക്കാരില്ല. ടയർ കമ്പനികൾ വാരത്തിന്റെ തുടക്കത്തിൽ 22,000 രേഖപ്പെടുത്തിയ നാലാം ഗ്രേഡ്‌ പിന്നീട്‌ പടിപടിയായി ഉയർന്ന്‌ വാരാന്ത്യം 23,500 രൂപയിലെത്തി. അഞ്ചാംഗ്രേഡ്‌ റബർ 21,000 - 21,700 ൽ നിന്നും 22,600 -23,200 ലേക്ക് ഉയർന്നപ്പോൾ ലാറ്റക്‌സിന്‌ വ്യവസായികൾ 16,500 വരെ വാഗ്‌ദാനം ചെയ്‌തു.

ജപ്പാനിലെ ഒസാക്ക എക്‌സ്‌ചേഞ്ചിൽ വാരത്തിന്റെ ആദ്യ പകുതിയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടു, എന്നാൽ വാരാന്ത്യം താഴ്‌ന്ന റേഞ്ചിൽ പുതിയ നിക്ഷേപകർ രംഗത്ത്‌ ഇറങ്ങിയത്‌ തിരിച്ചു വരവിനുള്ള സാധ്യതകൾക്ക്‌ അവസരം ഒരുക്കുന്നു. സിംഗപ്പുർ, ചൈനീസ്‌ റബർ അവധി നിരക്കുകളിൽ ഈ വാരം ഓറേറ്റർമാർ പിടിമുറുക്കാൻ സാധ്യതയുണ്ട്. ഇതിനിടയിൽ തായ്‌ലാന്റിന്റെ ചില ഭാഗങ്ങളിൽ മഴ ശക്തിപ്രാപിച്ചത്‌ ടാപ്പിങ് പ്രതിസന്ധി ഉളവാക്കിയതോടെ അവിടെ ഷീറ്റ്‌ വില കിലോ 180 രൂപയിൽ നിന്നും 197 ലേക്ക്‌ ഉയർന്നു.

  • ഉത്തരേന്ത്യൻ ഉത്സവ സീസണിന്‌ ഒരുങ്ങുന്നതിനിടയിൽ വ്യവസായികൾ വിദേശ കുരുമുളക്‌ വിലകുറച്ച്‌ വിറ്റുമാറാൻ നടത്തിയ ശ്രമം വിജയിച്ചില്ല. ഇറക്കുമതി ചരക്കിന്‌ ഗുണമേൻമ കുറവെന്ന്‌ വ്യക്തമായത്‌ ഡിമാന്റിനെ ബാധിച്ചു. ഇതിനിടയിൽ കേരളത്തിൽ നിന്നുള്ള മുളകിൽ അന്തർസംസ്ഥാന വാങ്ങലുകാർ താൽപര്യം കാണിച്ചതിനാൽ കൊച്ചിയിൽ അൺ ഗാർബിൾഡ്‌ 1100 രൂപയുടെ മികവിൽ 65,800 രൂപയായി ഉയർന്നു. രാജ്യാന്തര വിപണിയിൽ ഇന്ത്യൻ നിരക്ക്‌ ടണ്ണിന്‌ 8250 ഡോളർ. ഇന്തോനേഷ്യയിൽ വിളവെടുപ്പിന്‌ തുടക്കം കുറിച്ചെങ്കിലും വിളവ്‌ നേരത്തെ പ്രതീക്ഷിച്ചതിലും ചുരുങ്ങുമെന്നാണ്‌ അവിടെ നിന്നും ലഭ്യമായ വിവരം. അവരുടെ നിരക്ക്‌ ടണ്ണിന്‌ 7600 ഡോളറാണ്‌. വിയറ്റ്നാമും ബ്രസീലും രംഗത്തുണ്ടങ്കിലും അവരുടെ പക്കൽ കുരുമുളക്‌ സ്‌റ്റോക്ക്‌ നാമമാത്രമാണ്‌.
  • ഓണ വിൽപ്പന മുന്നിൽ കണ്ട്‌ മില്ലുകാർ വെളിച്ചെണ്ണ വില ഉയർത്തി. എന്നാൽ കൊപ്ര വില ഉയർത്തുന്ന കാര്യത്തിൽ അത്തരം ആവേശം വ്യവസായികൾ പ്രദർശിപ്പിക്കുന്നില്ലെന്ന ആക്ഷേപം കാർഷിക മേഖലയിൽ നിന്നും ഉയരുന്നു. ഉത്സവവേളയിൽ സ്‌റ്റോക്കുള്ള എണ്ണ ഉയർന്ന വിലക്ക്‌ വിറ്റുമാറാനുള്ള തിരക്കിട്ട നീക്കങ്ങളാണ്‌ അയൽ സംസ്ഥാനങ്ങളിലെ വൻകിട മില്ലുകാർ നടത്തുന്നത്‌. മുന്നിലുള്ള ഒരു മാസം വെളിച്ചെണ്ണക്ക്‌ പ്രദേശിക ആവശ്യം വർധിക്കും. വെളിച്ചെണ്ണ 15,500 രൂപയിൽ നിന്നും 15,900 ലേക്ക്‌ ഉയർന്നു. കൊപ്ര വില 200 രൂപ കയറി 10,200 രൂപയാകുകയും ചെയ്തു.
  • പുതിയ ഏലക്ക അടുത്ത മാസം വിളവെടുപ്പിന്‌ സജ്ജമാക്കുമെന്ന കണക്ക്‌ കൂട്ടലിലാണ്‌ ഒരു വിഭാഗം ഉൽപാദകർ. നേരത്തെ ചരക്ക്‌ ആഗസ്‌റ്റിൽ വിളവെടുപ്പിന്‌ പാകമാകുമെന്ന് വിലയിരുത്തിയെങ്കിലും കാലാവസ്ഥ വ്യതിയാനം തിരിച്ചടിയായി. ലഭ്യത ചുരുങ്ങിയെങ്കിലും ഏലക്ക വിലയിൽ ഉണർവ്‌ ദൃശ്യമായില്ല. അതേസമയം പല ലേലങ്ങളിലും വിൽപ്പനക്ക്‌ വന്ന ചരക്കിൽ ഭൂരിഭാഗവും വിറ്റഴിഞ്ഞു. കയറ്റുമതിക്കാരും ആഭ്യന്തര ഇടപാടുകാരും ഏലക്ക സംഭരിക്കുന്നുണ്ട്‌. വാരാന്ത്യം ശരാശരി ഇനങ്ങൾ കിലോ 2241രൂപയിലും മികച്ചയിനങ്ങൾ 3108 രൂപയിലും കൈമാറി.
  • ആഭരണ വിപണികളിൽ വിവാഹ പാർട്ടികളുടെ സജീവസാന്നിധ്യം സ്വർണത്തിന്റെ തിളക്കം വർധിപ്പിച്ചു. പവന്റെ വില 50,600 രൂപയിൽ നിന്നും 51,840 ലേക്ക്‌ ഉയർന്ന ശേഷം വാരാന്ത്യം 51,760 രൂപയിലാണ്‌.
Tags:    
News Summary - Demand for rubber latex also targets record

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.