രാത്രി എട്ടു മണിക്കാണ് 500, 1000 രൂപ നോട്ടുകൾ വെറും കടലാസായി മാറിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകൾക്കായി ആകാംക്ഷയോടെ കാത്തിരുന്ന ജനകോടികളാണ് ആശങ്കയിലേക്ക് വഴുതിവീണത്. അതുവരെ നോട്ടുനിരോധനം എന്ന വാക്കുപോലും പലരും കേട്ടിരുന്നില്ല. അന്ന് ഉറക്കം നഷ്ടപ്പെട്ടവർ നോട്ട് മാറ്റിയെടുക്കാൻ ബാങ്കുകൾക്കു മുന്നിൽ കിലോമീറ്ററുകൾ വരി നിന്നു. ചിലർ കുഴഞ്ഞുവീണു മരിച്ചു. ഇടപാടുകൾ നടത്താനാവാതെ ജനം രോഷാകുലരായി. ബാങ്കുകളുടെ പ്രവർത്തനം സ്തംഭിച്ചു, ബാങ്ക് ജീവനക്കാർ വട്ടംചുറ്റി. ആറു വർഷത്തിനുശേഷമാണ് ആ രാത്രിയിലെ തീരുമാനം സുപ്രീംകോടതി ശരിവെക്കുന്നത്.
ന്യൂഡൽഹി: നോട്ട് നിരോധനംകൊണ്ട് കേന്ദ്ര സർക്കാർ ലക്ഷ്യം നേടിയോ എന്നത് പ്രശ്നമല്ലെന്നും രാജ്യത്തെ എല്ലാ നോട്ടുകളും കേന്ദ്ര സർക്കാറിന് നിരോധിക്കാമെന്നും വിധിപ്രസ്താവത്തിൽ ജസ്റ്റിസ് ബി.ആർ. ഗവായ് ഭൂരിപക്ഷം ജഡ്ജിമാർക്കായി എഴുതി. ഏതെങ്കിലും സീരീസിലുള്ള നോട്ട് നിരോധിക്കാൻ കേന്ദ്രത്തിന് അധികാരം നൽകുന്ന ആർ.ബി.ഐ നിയമത്തിലെ 26(2) വകുപ്പ് എല്ലാ നോട്ടുകളും നിരോധിക്കാവുന്ന തരത്തിൽ വ്യാഖ്യാനിക്കാമെന്നാണ് ജസ്റ്റിസ് ഗവായ് പ്രസ്താവിച്ചത്.
‘ഏതെങ്കിലും’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ‘എല്ലാം’ ആണെന്ന് പ്രായോഗികമായ വ്യാഖ്യാനമാണ് തങ്ങൾ നൽകുന്നത്. റിസർവ് ബാങ്കിന്റെ സെൻട്രൽ ബോർഡ് കേന്ദ്ര സർക്കാറിന് ശിപാർശ നൽകണമെന്ന നടപടിക്രമം ആവശ്യമില്ലെന്നും കേന്ദ്ര സർക്കാറിന്റെ നിർദേശം റിസർവ് ബാങ്ക് ശരിവെച്ചാൽ മതിയെന്നും ജസ്റ്റിസ് ഗവായ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.