പ്രമേഹവും ദന്താരോഗ്യവും



ഡോ. സരുൺ തോമസ്

സ്‍പെഷലിസ്റ്റ്, എൻഡോഡോന്റിസ്റ്റ്

മിഡിൽ ഈസ്റ്റ് മെഡിക്കൽ ​സെന്റർ

സൽമാബാദ് ബ്രാഞ്ച്

ലോകമെമ്പാടുമുള്ള നിരവധി ആളുകളെ ബാധിക്കുന്ന ജീവിതശൈലി രോഗങ്ങളിലൊന്നാണ് പ്രമേഹം. കണ്ണ്, ഞരമ്പുകൾ, വൃക്കകൾ, ഹൃദയം, നമ്മുടെ ശരീരത്തിലെ മറ്റ് പ്രധാന അവയവങ്ങൾ എന്നിവയെ പ്രമേഹരോഗം ദോഷകരമായി ബാധിക്കുമെന്ന് എല്ലാവർക്കും അറിയാം. എന്നാൽ അനിയന്ത്രിതമായ പ്രമേഹം വായിലും പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് നിങ്ങൾക്കറിയാമോ ?

രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടുതൽ ഉള്ളവർക്ക് പല്ല്, മോണരോഗങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്.



പ്രമേഹവുമായി ബന്ധപ്പെട്ട് വായിൽ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ എന്തൊക്കെയാണ് ?

1. വരണ്ട വായ്: അനിയന്ത്രിതമായ പ്രമേഹം വായിലെ ഉമിനീർ ഒഴുക്ക് കുറക്കുകയും വായ വരണ്ടതാക്കുകയും ചെയ്യും. അത് വേദന, അൾസർ, അണുബാധ, ദന്ത രോഗം എന്നിവക്ക് കാരണമാകും.

2. പ്രമേഹവും മോണരോഗവും: രക്‌തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടിയവരിൽ മോണ രോഗം സാധാരണവും കഠിനവുമാണ്. ഇമ്യൂണിറ്റി കുറവായതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. നിങ്ങൾ പ്രമേഹരോഗിയും, നിങ്ങളുടെ മോണകൾ മൃദുവും വീർത്തതുമാണെങ്കിൽ, രക്തസ്രാവമുണ്ടെങ്കിൽ, അയഞ്ഞ മോണ, പല്ലിൽ നിന്ന് വിട്ടു നിൽക്കുന്ന മോണകൾ എന്നിവ ഉണ്ടെങ്കിൽ നിങ്ങൾക്ക് gingivitis (മോണരോഗം) ആണ് . ഇതിന്റെ ചികിത്സക്കായി ഒരു ദന്തഡോക്ടറെ സമീപിക്കണം.

നിങ്ങളുടെ പല്ലുകൾക്കിടയിലുള്ള വിടവുകൾ വർധിക്കുന്നതായി കാണുകയാണെങ്കിൽ, നിങ്ങളുടെ മോണയിലെ അണുബാധ periodontitis ആയി മാറുകയും ഇത് നിങ്ങളുടെ പല്ലിനു ചുറ്റുമുള്ള അസ്ഥികളെ നശിപ്പിക്കുകയും ചെയ്യുന്നു. ചികിൽസിച്ചില്ലെങ്കിൽ പല്ലുകൾ അയഞ്ഞുപോവുകയോ, സ്വയം കൊഴിഞ്ഞുപോവുകയോ ചെയ്യും. അല്ലെങ്കിൽ പല്ലുകൾ നീക്കം ചെയ്യേണ്ടി വരും.

3. മോശം രോഗശമനം (poor healing): അനിയന്ത്രിതമായ പ്രമേഹമുള്ള ആളുകൾക്ക് ഓറൽ സർജറിക്കോ മറ്റു ദന്ത ചികിത്സകൾക്കോ ശേഷം മുറിവ് ഉണങ്ങുന്നത് വൈകും.

4. പ്രമേഹവും ദന്തക്ഷയവും: രക്‌തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നതോടെ ഉമിനീരിലെ ഗ്ലുക്കോസിന്റെ അളവ് കൂടുകയും വായ് വരണ്ടു പോവുകയും ചെയ്യും.ഈ അവസ്ഥ പല്ലുകളിൽ ഡന്റൽ പ്ലാക്ക് അടിഞ്ഞു കൂടാനിടയാക്കും. ഇത് പല്ലുകൾ കേടുവരുന്നതിനു കാരണമാകും.

5. പ്രമേഹവും വായിലെ ഫംഗസ് അണുബാധയും: ഓറൽ ത്രഷ് ഒരു ഫംഗസ് അണുബാധയാണ്. അസുഖകരമായതും ചിലപ്പോൾ വ്രണങ്ങളുള്ള, വെളുത്തതോ ചുവന്നതോ ആയ പാടുകൾ വായുടെ ചർമത്തിൽ അല്ലെങ്കിൽ നാവിൽ ഓറൽ ത്രഷ് മൂലം ഉണ്ടാകും. വായിൽ വസിക്കുന്ന യീസ്റ്റ്, കാൻഡിഡ ആൽബിക്കൻസ് എന്നിവയുടെ അമിത വളർച്ച മൂലമാണ് ഇത് സംഭവിക്കുന്നത്. പ്രമേഹം മൂലമുണ്ടാവുന്ന ചില അവസ്ഥകളായ ഉമിനീരിലെ ഉയർന്ന ഗ്ലുക്കോസിന്റെ അളവ് , ഇമ്യൂണിറ്റിക്കുറവ്, വരണ്ട വായ് എന്നിവ ഈ ഫംഗസുകളുടെ അമിത വളർച്ചയെ പ്രോത്സാഹിപ്പിക്കും.

നിങ്ങളുടെ പല്ലുകളും മോണകളും എങ്ങനെ പരിപാലിക്കാം?

1. flouride അടങ്ങിയ ടൂത്ത്പേസ്റ്റ് ഉപയോഗിച്ച ദിവസത്തിൽ രണ്ടു തവണ പല്ലും മോണയും വൃത്തിയാക്കുക.

2. ഓരോ ആറുമാസത്തിലും ഡെന്റിസ്റ്റിനെ സന്ദർശിക്കുക. അത് വഴി നിങ്ങളുടെ മോണ ദന്ത രോഗങ്ങൾ പരിശോധിക്കാൻ കഴിയും.

3. വരണ്ട വായ് ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കുകയും ഉമിനീർ കൂട്ടുന്നതിന് ഷുഗർ ഫ്രീ chewing gum ചവക്കുകയും ചെയ്യുക.

4. പുകവലി ഉപേക്ഷിക്കുക

5. നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണ വിധേയമാക്കാൻ ഭക്ഷണ ക്രമത്തെക്കുറിച്ചും മരുന്നുകളെ കുറിച്ചുമുള്ള ഡോക്ടറുടെ ഉപദേശം തേടുകയും അത് പാലിക്കുകയും ചെയ്യുക.



Tags:    
News Summary - Diabetes and dental health

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.