ട്രംപിന് സംഭാവന നൽകി മസ്ക്; ഇളവുകൾക്ക് വേണ്ടിയാണ് പണം നൽകിയതെന്ന് ഡെമോക്രാറ്റുകൾ

വാഷിങ്ടൺ: ഡോണാൾഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സംഭാവന നൽകി ടെസ്‍ല സി.ഇ.ഒ ഇലോൺ മസ്ക്. ഡോണാൾഡ് ട്രംപിന്റെ പ്രചാരണത്തിനായി പ്രവർത്തിക്കുന്ന സൂപ്പർ പൊളിറ്റിക്കൽ ആക്ഷൻ കമിറ്റിക്കാണ് സംഭാവന നൽകിയത്. ബ്ലുംബെർഗാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്.

അതേസമയം, എത്ര തുകയാണ് മസ്ക് സംഭാവനയായി നൽകിയതെന്ന് വ്യക്തമല്ല. എന്നാൽ, ഗണ്യമായ തുക മസ്ക് നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ജൂലൈ 15നാണ് ട്രംപിന് ലഭിച്ച സംഭാവനകളെ കുറിച്ചുള്ള വിവരങ്ങൾ പൂർണമായും പുറത്ത് വരിക.

സംഭാവന സംബന്ധിച്ച് ബ്ലുംബെർഗിന്റെ ചോദ്യങ്ങളോട് മസ്ക് പ്രതികരിച്ചിട്ടില്ല. ട്രംപി​ന്റെ പ്രചാരണവിഭാഗവും ഇക്കാര്യത്തിൽ പ്രതികരണം നടത്താൻ വിസമ്മതിച്ചു. 2024ലെ തെരഞ്ഞെടുപ്പിലും കുടിയേറ്റ വിരുദ്ധ നയങ്ങളുമായാണ് ട്രംപ് മുന്നോട്ട് പോകുന്നത്. ഇതിനിടയിലാണ് ദക്ഷിണാഫ്രിക്കയിൽ നിന്നും യു.എസിലേക്ക് കുടിയേറിയ മസ്ക് മുൻ യു.എസ് പ്രസിഡന്റിന് സംഭാവന നൽകുന്നത്.

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബൈഡനേക്കാളും മുൻതൂക്കം ട്രംപിനുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് സംഭാവന എന്നതും ശ്രദ്ധേയമാണ്. തെരഞ്ഞെടുപ്പിനിടെയുള്ള സംവാദങ്ങളിൽ ഉൾപ്പടെ ബൈഡനേക്കാളും മുൻതൂക്കം ട്രംപ് നേടിയിട്ടുണ്ട്. അതേസമയം, മസ്കിന്റെ സംഭാവനയിൽ പ്രതികരണവുമായി ഡെമോക്രാറ്റിക് പാർട്ടിയും രംഗത്തെത്തി.

ജോബൈഡന്റെ പ്രചാരണവിഭാഗം വക്താവ് ജെയിംസ് സിങ്ങറാണ് പ്രതികരിച്ചത്. കോർപ്പറേറ്റുകൾക്കുള്ള നികുതി കുറച്ച് തനിക്ക് അനുകൂലമായ സാഹചര്യം ട്രംപ് സൃഷ്ടിക്കുമെന്ന് മസ്കിനറിയാമെന്നും അതുകൊണ്ടാണ് ട്രംപിന് സംഭാവന നൽകിയതെന്നുമാണ് ജെയിംസ് സിങ്ങറിന്റെ പ്രതികരണം. കോർപ്പറേറ്റ് നികുതി കുറക്കുമ്പോൾ മധ്യവർഗക്കാരുടെ നികുതി ട്രംപ് വർധിപ്പിക്കും. കോർപ്പറേറ്റുകൾക്കൊപ്പവും മധ്യവർഗക്കാർക്കൊപ്പവും നിൽക്കുക എന്നതാണ് ബൈഡന്റെ നിലപാടെന്നും അദ്ദേഹം വിശദീകരിച്ചു.

നേരത്തെ പല കാര്യങ്ങളും ട്രംപും മസ്കും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ഇലക്ട്രിക് കാറുകളിൽ തുടങ്ങി ക്രിപ്റ്റോ കറൻസിയിൽ വരെ ഇരുവരും തമ്മിൽ അഭിപ്രായഭിന്നതകൾ ഉണ്ടായിരുന്നു. ഇതിനിടയിലാണ് മസ്ക് ട്രംപിന് സംഭാവന നൽകിയിരിക്കുന്നത്.

Tags:    
News Summary - Elon Musk makes 'sizeable' donation to Donald Trump's presidential campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.