ഫെഡറൽ റിസർവ് ചെയർമാൻ ജെറോം എച്ച്. പവൽ

പലിശ നിരക്ക് കുറച്ച് യു.എസ് ഫെഡറൽ റിസർവ്; നാല് വർഷത്തിന് ശേഷം ആദ്യം

വാഷിങ്ടൺ: യു.എസ ഫെഡറൽ റിസർവ് പലിശനിരക്ക് അര ശതമാനം കുറച്ചു. നിലവിൽ 5.35 ആയ പലിശനിരക്ക് ഇനി 4.75 ശതമാനത്തിനും അഞ്ച് ശതമാനത്തിനും ഇടയിലായിരിക്കും. നാല് വർഷത്തിനു ശേഷമാണ് ഫെഡറൽ റിസർവ് പലിശനിരക്ക് കുറക്കുന്നത്. ജോ ബൈഡൻ അധികാരമേറ്റ ശേഷം പലിശനിരക്ക് കുറക്കുന്നത് ആദ്യമാണ്. ഇതോടെ കുറഞ്ഞ പലിശയ്ക്ക് ബാങ്കുകളില്‍നിന്ന് വായ്പ ലഭിക്കും. സാമ്പത്തിക മേഖലയെ ഉത്തേജിപ്പിക്കാനുള്ള തീരുമാനമെന്ന് വിശേഷിപ്പിച്ചാണു നടപടി.

പണപ്പെരുപ്പം നിയന്ത്രണപരിധിയായ രണ്ട് ശതമാനത്തിലേക്ക് കുറയുന്നതു പരിഗണിച്ചാണു തീരുമാനമെന്നു ഫെഡ് ചെയർമാൻ ജെറോം പവൽ അറിയിച്ചു. എന്നാൽ ഗവര്‍ണര്‍ മിഷേല്‍ ബോമാന്‍ തീരുമാനത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തി. കാല്‍ ശതമാനം നിരക്ക് മാത്രം വെട്ടിക്കുറച്ചാല്‍ മതിയെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. 11-1 എന്ന നിലയിലാണ് ഫെഡ് തീരുമാനം പാസായത്.

എന്നാൽ അമേരിക്കയിലെ പ്രധാന ഓഹരി വിപണിയായ ഡൗജോൺസ് കഴിഞ്ഞ ദിവസം 103 പോയിന്‍റ് കുറവിലാണ് വ്യാപാരം അവസാനിപ്പിച്ചത്. പലിശനിരക്ക് വെട്ടിക്കുറച്ചതിനെ അമേരിക്കയിലെ പ്രധാന ഓഹരി വിപണി വലിയ പിന്തുണ അറിയിച്ചിട്ടില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. എന്നാൽ വരും ദിവസങ്ങളിൽ ഇതിന് മാറ്റം വന്നേക്കാം. 

വര്‍ഷാവസാനത്തോടെ ഫെഡ് പലിശ നിരക്കില്‍ അര ശതമാനം കുറവ് കൂടി വരുത്തുമെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു. 2025ല്‍ ഒരു ശതമാനം കുറവ് കൂടി പലിശ നിരക്കില്‍ വരുത്തിയേക്കും. 2026ല്‍ അര ശതമാനത്തിന്റെ കുറവ് കൂടി വരുത്തുന്നതോടെ പലിശ നിരക്കുകള്‍ 2.75-3 ശതമാനത്തില്‍ തിരികെ എത്തുമെന്നാണു വിലയിരുത്തൽ.

Tags:    
News Summary - Federal Reserve goes big with half-point interest rate cut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.