മനാമ: കേരളത്തിൽ നിക്ഷേപിക്കാൻ തയ്യാറെടുക്കുന്ന അമേരിക്കൻ മലയാളികളുമായി സാമ്പത്തിക പങ്കാളിത്തത്തിന് തയ്യാറാണെന്ന് പ്രമുഖ പ്രവാസി വ്യവസായിയും ആർ.പി ഗ്രൂപ്പ് ചെയർമാനുമായ ഡോ. രവി പിള്ള. അമേരിക്കയിൽ സ്ഥിരതാമസമാക്കിയ മലയാളികളോ അമേരിക്കൻ കമ്പനികളോ കേരളത്തിൽ നിക്ഷേപം നടത്താൻ തയ്യാറായാൽ 100 കോടി ഡോളർ വരെ സാമ്പത്തിക സഹകരണം നല്കാമെന്നാണ് ഡോ. രവി പിള്ളയുടെ പ്രഖ്യാപനം.
ന്യൂയോർക്കിൽ നടന്ന ലോക കേരള സഭയുടെ റീജണൽ കോൺഫറൻസിൽ സംസാരിക്കവെയാണ് ഡോ. രവി പിള്ളയുടെ പ്രഖ്യാപനം.
ഇന്ത്യയും അമേരിക്കയും തമ്മിൽ മികച്ച ബന്ധമാണ് നിലവിലുള്ളത്. ഈ സാഹചര്യത്തിൽ അമേരിക്കൻ പ്രവാസി മലയാളികൾ ഇന്ത്യയിലും കേരളത്തിലും കൂടുതൽ നിക്ഷേപം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അമേരിക്കൻ കമ്പനികളെ ഇന്ത്യയിലേക്കും കേരളത്തിലേക്കും കൊണ്ടുവരാൻ മലയാളി സമൂഹം മുൻകൈയെടുക്കണം. 1970 കളിൽ അമേരിക്കയിലെ പ്രവാസി ചൈനക്കാർ, ചൈനയിൽ വൻ തോതിൽ നിക്ഷേപം നടത്തിയിരുന്നു. ഈ നിക്ഷേപങ്ങളാണ് ചൈനയെ ലോക സാമ്പത്തിക ശക്തിയായി ഉയരാൻ സഹായിച്ചത്. അത്തരമൊരു പങ്കുവഹിക്കാൻ അമേരിക്കയിലെ ഇന്ത്യക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രവാസികൾ കൊണ്ട വെയിലിന്റെ തണലാണ് ഇന്ന് കേരളത്തിലെ ഓരോ വികസനത്തിന്റെയും പിന്നിലുള്ളതെന്നും ഡോ. രവി പിള്ള പറഞ്ഞു. പ്രവാസി ക്ഷേമത്തിനുവേണ്ടി ഏറ്റവുമധികം പദ്ധതികൾ നടപ്പിലാക്കിയ സർക്കാരാണ് പിണറായി വിജയന്റെതെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.